- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുനഃസംഘടനയുണ്ടായാലും മാറുക രണ്ട് മന്ത്രിമാർ മാത്രം; ആരോഗ്യ മന്ത്രി വീണാ ജോർജിനെ മാറ്റില്ലെന്ന് സൂചന; ഷംസീറിന് സ്പീക്കറായി തുടരേണ്ടി വന്നേക്കും; സ്ഥാനമൊഴിയാൻ ആന്റണി രാജുവിന് താൽപ്പര്യമില്ല; സോളാർ ചർച്ചകൾ ഗണേശ് കുമാറിന് വിനയാകുമോ?
തിരുവനന്തപുരം: മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സ്ഥാനമൊഴിയുന്നതിൽ മന്ത്രി ആന്റണി രാജുവിനുള്ള വിമുഖത പ്രതിസന്ധിയാകും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിയാൻ താൽപ്പര്യം കാട്ടുന്നില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മന്ത്രിസഭാ അഴിച്ചുപണിയുടെ പേരിൽ എൽഡിഎഫിൽ തർക്കം മൂക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല. ഇതു കൂടി മനസ്സിലാക്കിയാണ് ഇവരുടെ നീക്കം. 4 പാർട്ടികൾക്കു രണ്ടരവർഷം വീതം മന്ത്രിപദം എന്ന മുൻധാരണ പാലിക്കുമെന്ന സൂചനയാണു സിപിഎം നേതൃത്വം നൽകുന്നത്. അങ്ങനെ വന്നാൽ രണ്ടു പേരും രാജിവയ്‌ക്കേണ്ടി വരും.അഹമ്മദ് ദേവർകോവിലിനു (ഐഎൻഎൽ) പകരം രാമചന്ദ്രൻ കടന്നപ്പള്ളി വരുമെന്നതിൽ തർക്കമില്ല. എന്നാൽ കെബി ഗണേശ് കുമാറിന്റെ കാര്യത്തിൽ ചില സംശയങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുമെന്ന പ്രചാരണം ഉണ്ടെങ്കിലും പാർട്ടി നിഷേധിക്കുന്നു.
പ്രതിപക്ഷം സോളർ കേസിലെ സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങൾ കെ.ബി.ഗണേശ് കുമാറിനെതിരെ ഉപയോഗിക്കുമെന്ന സൂചന വ്യക്തമാണ്. ഉരുണ്ടു കൂടിയ ആ സംഭവങ്ങളും എൽഡിഎഫിനു പരിഗണിക്കേണ്ടി വരുമല്ലോ എന്ന് ഗണേശിനുവേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ട ആന്റണി രാജു പ്രതികരിച്ചത് ആ തടസ്സവാദങ്ങളുടെ സൂചനയാണ്. കേരളാ കോൺഗ്രസും ഗണേശിനെ പിന്തുണയ്ക്കില്ല. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയെ സോളർ കേസിൽ ഉൾപ്പെടുത്താനും ഗണേശ് കരുനീക്കി എന്ന ആരോപണമാണ് ഇതിന് കാരണം. സ്ഥിതി കൂടുതൽ വഷളായില്ലെങ്കിൽ ഗണേശിനു തടസ്സം ഉണ്ടാകില്ലെന്ന സൂചനയാണ് സിപിഎം നേതാക്കൾ നൽകുന്നത്. ഏതായാലും പുനഃസംഘടന എൻസിപിയിൽ പ്രതിസന്ധിയാകുന്നുണ്ട്.
രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്എസ്), കെ.ബി.ഗണേശ്‌കുമാർ (കേരള കോൺഗ്രസ്ബി), മാത്യു ടി.തോമസ് (ജനതാദൾഎസ്), തോമസ് കെ.തോമസ് (എൻസിപി), കെ.പി.മോഹനൻ (എൽജെഡി), കോവൂർ കുഞ്ഞുമോൻ (ആർഎസ്‌പിലെനിനിസ്റ്റ്) എന്നിവരാണ് രണ്ടാം പിണറായി സർക്കാർ നവംബറിൽ മന്ത്രിസഭയിലെത്താൻ ആഗ്രഹിക്കുന്നത്. ഇതിനിടെയാണ് നിലവിലെ മന്ത്രിമാരും സ്ഥാനം ഒഴിയാതിരിക്കാൻ സമ്മർദ്ദം തുടരുന്നത്. എ.കെ.ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ സമ്മതിക്കില്ലെന്ന് തോമസ് കെ തോമസിനും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയില് പൊ്ട്ടിത്തെറി ഉയരുന്നു.
ജനതാദൾ എസിലും ചർച്ചയുണ്ട്. മന്ത്രിസ്ഥാനത്തിനു വേണ്ടി വിലപേശൽ നടത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളി വിടാനില്ലെന്ന സൂചന മാത്യു ടി. നൽകുന്നുണ്ടെങ്കിലും അദ്ദേഹം പിൻവാങ്ങിയിട്ടില്ല. ഘടകകക്ഷികളിൽ തങ്ങളെ മാത്രം തഴഞ്ഞതിനു പരിഹാരം വേണമെന്ന ആവശ്യം ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) ഉയർത്തി. 2 ദളുകൾക്കു 2 മന്ത്രിസ്ഥാനം പറ്റില്ലെന്നും ലയിക്കൂ എന്നു നിർദേശിച്ചുമാണ് എൽജെഡിയെ സിപിഎം പുറത്തു നിർത്തിയത്. ആർഎസ്‌പി പിളർന്ന് പ്രബല വിഭാഗം യുഡിഎഫിൽ പോയിട്ടും ഇടതു കൂറു വിടാത്ത തനിക്കു പാതി കാലാവധിയെങ്കിലും മന്ത്രിസ്ഥാനമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ ഉന്നയിച്ചത്. ഇത് സിപിഎം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
സർക്കാർ അധികാരമേൽക്കുന്ന സമയത്തെ ധാരണപ്രകാരമാണ് രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നത്. സിപിഎം മന്ത്രിമാർ മാറില്ലെങ്കിലും വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിനിടെ രണ്ടാം പിണറായി വിജയൻ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയിൽ സിപിഎമ്മിന്റെ മന്ത്രിമാരിൽ മാറ്റമുണ്ടാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജയരാജൻ വ്യക്തമാക്കി.
ആരോഗ്യ മന്ത്രി വീണാ ജോർജിനെയും സ്പീക്കർ എഎൻ ഷംസീറിനെയും മന്ത്രിസഭാ പുനഃസംഘടനയിൽ മാറ്റുമെന്ന രീതിയിൽ കഴിഞ്ഞദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. സർക്കാരിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണെന്നും ഇപി ജയരാജൻ പറഞ്ഞു.മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനുമാണ് ഈ ശ്രമമെന്നും മുൻ മന്ത്രി കൂടിയായ ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് നിപ പ്രതിരോധം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും അദ്ദേഹം വ്യക്തമാക്കി.




