- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
തിരുവനന്തപുരം: തൃശ്ശൂർ തേക്കിൻകാട് മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വെച്ചു കൊണ്ട് സ്വർണ്ണക്കടത്തു കേസ് ഉയർത്തി രംഗത്തുവന്നെങ്കിലും മോദിക്ക് അതേനാണയത്തിൽ മറുപടി നൽകാതെ തന്ത്രപരമായ മൗനം പാലിച്ചു സിപിഎം. സാധാരണ ഗതിയിൽ ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചാടിയിറങ്ങി രംഗത്തിറങ്ങുന്ന നേതാക്കൾ പലരും മൗനത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ വിമർശനത്തോട് പ്രതികരിച്ചില്ല.
അതേസമയം മുഖ്യമന്ത്രിയെയും സർക്കാറിനെയും പ്രതിരോധിക്കാൻ സദാ രംഗത്തുവരുന്ന സൈബർ സഖാക്കളാകട്ടെ വിമർശനം ശോഭനയിലേക്ക് തിരിച്ചു വിട്ടു സ്വർണ്ണക്കടത്തിൽ നിന്നും വഴിമാറി നടക്കാനാണ് ശ്രമിച്ചത്. ഇത് ശ്രദ്ധതിരിക്കൽ തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുന്നത്. മറുവശത്ത് കോൺഗ്രസ് നേതാക്കൾ പരമാവധി പ്രകോപന പ്രസ്താവനകളുമായി രംഗത്തു വന്നെങ്കിലും സിപിഎം അതിൽ കൊത്തിയില്ലെന്നതും ശ്രദ്ധേയമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലസ്തീൻ, രാമക്ഷേത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് സിപിഎമ്മിന് താൽപ്പര്യം. സ്വർണ്ണക്കടത്തു കേസ് ചർച്ചയാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മോദിയുടെ പ്രകോപനത്തിൽ വീഴാത്തതും. ഇനി തെരഞ്ഞെടുപ്പിന് മുമ്പായി കേസ് പൊടിതട്ടിയെടുക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും സിപിഎമ്മിനുണ്ട്.
പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലോടെ വിസ്മൃതിയിലായിരുന്ന സ്വർണക്കടത്ത് കേസിന് രാഷ്ട്രീയമായി വീണ്ടും ചർച്ചയായിട്ടുണ്ട് എന്നതാണ് വസ്തുത. 'സ്വർണക്കടത്ത് ഓഫീസ് എല്ലാവർക്കുമറിയാം' എന്ന മൂന്നുവാക്കുകളേ പ്രധാനമന്ത്രി ഉച്ചരിച്ചുള്ളൂവെങ്കിലും അത് പ്രകമ്പനം കൊള്ളിക്കുന്നതാണ്. പ്രധാനമന്ത്രിതന്നെ ഇക്കാര്യം എടുത്തിട്ടതിനാൽ സ്വർണക്കടത്ത് കേസിൽ അടുത്തഘട്ട അന്വേഷണത്തിനുള്ള സൈറൺ മുഴുങ്ങുകയാണോയെന്ന സംശയം രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില പ്രധാനികളെ ചോദ്യം ചെയ്തെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അതിനപ്പുറം പോയിരുന്നില്ല. കേസിലെ മുഖ്യകണ്ണി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ വെളിച്ചത്തിൽ അന്വേഷണം മുന്നോട്ടുപോകുന്നതിന് പകരം മന്ദീഭവിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായി കൂടുതൽ അടുത്തവരിലേക്ക് എത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കുള്ള പച്ചക്കൊടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന സൂചനയും വരികൾക്കിടയിൽ വായിക്കാം.
പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിനുശേഷം അടുത്തഘട്ട അന്വേഷണം തുടങ്ങിയാൽ അതു ആ നീക്കത്തിന്റെ ദൗർബല്യമായും വിലയിരുത്തപ്പെടും. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഇടതുപക്ഷത്തിന്റെ വിമർശനത്തിന് അത് ബലം നൽകും. നാലുവർഷമായി അന്വേഷിച്ചിട്ടും നയതന്ത്രചാനൽ വഴി ആർക്കായാണ് സ്വർണം കൊണ്ടുവന്നത്, ഇതിനുമുമ്പ് സ്വർണം കൊണ്ടുവന്നോ, പിന്നിൽ ചരട് വലിക്കുന്നവർ ആര് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇ.ഡി., കസ്റ്റംസ്, സിബിഐ. തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.
ലൈഫ് മിഷൻ, ഡോളർകടത്ത് കേസിന്റെയും സ്ഥിതി ഇതുതന്നെ. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്വർണക്കടത്ത് കേസ് ഉയർത്തിക്കൊണ്ടുവരുകയാണെന്നും ബിജെപി. ഇതര സർക്കാരുകൾക്കെതിരേ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഇടതുപക്ഷം സ്ഥാപിക്കാൻ ശ്രമിക്കും. തൃശ്ശൂർ ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടത്തുന്ന രാഷ്ട്രീയനീക്കമാണിതെന്ന വ്യാഖ്യാനത്തിനാണ് കഴിഞ്ഞദിവസം പ്രതികരിച്ച ഇടതുപക്ഷനേതാക്കൾ ഊന്നൽ നൽകിയത്.
സ്വർണക്കടത്ത് നടന്ന ഓഫിസ് എല്ലാവർക്കും അറിയാമെന്നു തുറന്നടിച്ച പ്രധാനമന്ത്രി നടപടിയെടുക്കാതെ എന്തുകൊണ്ട് ഒളിച്ചു കളിക്കുന്നുവെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചു. കോൺഗ്രസ് മുക്തഭാരതത്തിനു ശ്രമിക്കുന്ന ബിജെപി അതിനായി സിപിഎമ്മുമായി ധാരണയിലാണെന്ന ആക്ഷേപവും പ്രതിപക്ഷം അഴിച്ചു വിട്ടു.
സ്വർണക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ഉത്തമബോധ്യമുള്ള ഓഫീസിനെ എന്തുകൊണ്ടാണ് വെറുതേ വിട്ടതെന്നാണ് കോൺഗ്രസിന്റെ ചോദ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ കേസ് അന്വേഷണംനിലച്ചത് സിപിഎമ്മിനെ സഹായിക്കാനായിരുന്നു. കുഴൽപ്പണക്കേസിൽ ബിജെപി. സംസ്ഥാന നേതൃത്വത്തെ സംസ്ഥാന സർക്കാരും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്രസർക്കാരും സഹായിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.
അതിഗുരുതര ആരോപണമാണ് പ്രധാനമന്ത്രിയുടെതെങ്കിലും അതേ നാണയത്തിൽ മറുപടി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വിദേശ ബന്ധമുള്ള ഈ കേസിൽ കേന്ദ്ര ഏജൻസികൾ തുടർനടപടി എടുക്കാത്തതിന് ആരാണു തടസ്സമെന്ന പ്രതിരോധമാണ് സിപിഎം തീർക്കുന്നത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തെഴുതിയതു മറന്നു പോയോയെന്നും അവർ ചോദിക്കുന്നു.
സ്വർണക്കേസ് കേരളത്തിൽ പ്രധാനമന്ത്രി ഉന്നയിക്കുന്നത് ഇതാദ്യമല്ല. കൊച്ചിയിൽ ഏപ്രിലിൽ ബിജെപി നടത്തിയ 'യുവം' പരിപാടിയിലും ഈ രാഷ്ട്രീയ ആരോപണമുണ്ടായി. 'കേരളത്തിന്റെ കയറ്റുമതി വളർച്ച ലക്ഷ്യമിട്ടു സാധ്യമായതെല്ലാം ചെയ്യുമ്പോൾ ഒരു കൂട്ടർ രാവും പകലും സ്വർണം കടത്തുന്നതിലാണു ശ്രദ്ധിക്കുന്നത്' എന്നായിരുന്നു അന്നത്തെ പരാമർശം. ഇപ്പോൾ ഒന്നു കൂടി കടത്തി മുഖ്യമന്ത്രിയെ ഉന്നമിട്ടു. കേസ് വീണ്ടും സജീവമാക്കുന്നതിനു മുന്നോടിയാണോ എന്ന ഉദ്വേഗം സിപിഎമ്മിനും സർക്കാരിനുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര ഏജൻസികൾ കേസിൽ പിൻവലിഞ്ഞു തുടങ്ങിയത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മും ബിജെപിയും ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ തുടർച്ചയായി നീട്ടിവയ്ക്കുന്നതും അന്തർധാരയുടെ തെളിവായി അവർ വിലയിരുത്തുന്നു. അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളല്ലേ, പ്രധാനമന്ത്രി നേരിട്ടല്ലല്ലോ എന്നാണ് ബിജെപിയുടെ മറുപടിയും.