- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തെയും നിഷ്പ്രഭരാക്കി ഗവർണറുടെ കയറിക്കളി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നേതാവാണ് പിണറായി വിജയനെന്ന് പ്രത്യേകിച്ചു ആരും പറയേണ്ട കാര്യമില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിച്ചതു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയമായി തുടർ വിജയം നേടി അധികാരത്തിൽ എത്തിയതും. കേന്ദ്രത്തിൽ ബിജെപിക്ക് അപ്രമാദിത്തം ലഭിച്ചതും കോൺഗ്രസ് ക്ഷയിക്കുകയും ചെയ്തതോടെ ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി പുതു തന്ത്രങ്ങളുമായി സിപിഎമ്മും പിണറായിയും രംഗത്തുവന്നു. കേന്ദ്രത്തിനെതിരെ സമരം നയിക്കാൻ സിപിഎം ഒരുങ്ങിയതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും അനുനയത്തിനില്ലെന്ന സൂചനയും നൽകി. ഇപ്പോഴത്തെ പോര് ലോക്സഭാ തെരഞ്ഞെടുപ്പു കഴിയും വരെ തുടരുമെന്ന് ഉറപ്പാണ്. ഇതിന്റെ സൂചനയാണ് ഇന്നലെ ആറ് മണി വാർത്താസമ്മേളനവുമായി പിണറായി വിജയൻ എ്ത്തിയതും ചില പഞ്ച് ഡയലോഗുകളുമായി കളം നിറഞ്ഞതും.
മറുവശത്ത് പ്രതിപക്ഷത്തെയും നിഷ്പ്രഭരാക്കി സിപിഎം വിരുദ്ധരുടെ പ്രിയങ്കരനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മാറിക്കഴിഞ്ഞു. ഇതോടെ ആശങ്കയാണ് കോൺഗ്രസ് അടക്കമുള്ളവർക്ക്. അതുകൊണ്ടു കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങൾ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നതും. മോദിയെ നേരിട്ടു വിമർശിക്കാതെയാണ് പിണറായി വിജയന്റെ ഓരോ വാക്കുകളും. ഗവർണറെ കടന്നാക്രമിച്ചു കേന്ദ്രത്തിനെതിരെ എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. രാമക്ഷേത്രം അടക്കമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാകുന്ന കേരളത്തിൽ ബിജെപി വിരുദ്ധ വോട്ടുകളിലാണ് സിപിഎം കണ്ണ്.
അതേസമയം കേന്ദ്രത്തിന്റെ നീക്കവും സിപിഎം- ബിജെപി പോരാട്ടമാണ് കേരളത്തിലെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി വാര്ത്തകളിലൂടെ ഇക്കാര്യം നേടിക്കഴിഞ്ഞു. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ആശങ്കപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. ഈ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയാണ രമേശ് ചെന്നിത്തലയുടെ പ്രതികരണവും. ഗവർണ്ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ എസ്യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരംഉരിയാടാത്തയാളാണ് ഗവർണ്ണർ. ഇപ്പോൾ പ്രതിഷേധം ഗവർണ്ണർക്കെതിരായപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, തനിക്കെതിരെ തിരിയുന്നവർ 'ആരായാലും കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് നൽകുന്നത്. അതിന് സ്വന്തം പാർട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി ഞങ്ങളുടെ കുട്ടികളെ നാട് നീളെ തല്ലിച്ചെന്ന് മാത്രമല്ല. അവർക്ക് മംഗളപത്രം നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികളെ തല്ലിയ പൊലീസുകാരെ പിണറായി വെറുതെ വിട്ടില്ല. ഗുഡ് സർവ്വീസ് എൻട്രി നൽകി ആദരിച്ചു. എന്നാൽ പിന്നീട് മോദിയെക്കണ്ടപ്പേൾ മുഖ്യമന്ത്രിയുടെ പതർച്ച എത്രത്തോളമെന്ന് അന്നത്തെ ഒരൊറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇപ്പോൾ ഗവർണ്ണർക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണ്ണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്. ഇവർ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു.
രണ്ട് പേരും ചേർന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കുപോലും ഗുഡ് സർവ്വീസ് എൻട്രി നൽകുന്ന അവസ്ഥയാണിപ്പോളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുടെ ഒരു വിഭാഗം സിപിഐഎം ന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതിനിടെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതും രാഷ്ടീയമായി ഏറെ പ്രതിഫലനം ഉണ്ടാക്കുമെന്ന് കരുതുന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചകളുടെ ഗണത്തിൽ പെടുത്തിയാണ് ഗവർണർക്ക് കേന്ദ്രസുരക്ഷ നൽകുന്നത്. നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവർണറുടെ സുരക്ഷാ ചുമതല. ഇതിൽ പത്തിലേറെ കമാൻഡോകളും ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണർക്ക് അകമ്പടി സേവിക്കും.
കൊല്ലത്തെ പ്രതിഷേധ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.
റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു.
അതേസമയം, ഗവർണറുടെ നടപടികൾ കേന്ദ്രനിർദ്ദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോൾ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജൻഡയാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം നിലമേലിൽ പ്രകടനം നടത്തിയ എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറിൽ നിന്നിറങ്ങി കസേരയിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയിൽ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം.
എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും ആരോപിച്ചു.