തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഇടതു മുന്നണിയുടെ മുന്നൊരുക്കമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ച നവകേരള സദസ്സ്. സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ സംഘാടന മികവാണ് ഈ പരിപാടിയിൽ കണ്ടത്. നവകേരള സദസ്സിലേക്ക് ആളെ എത്തിക്കുന്നതിൽ അടക്കം അടിത്തട്ടിലെ സംഘടാന പ്രവർത്തനത്തെ ഉണർത്താൻ നവകേരള സദസ്സു കൊണ്ട് സാധിച്ചു. എന്നാൽ, പൊതുസമൂഹത്തിൽ എത്രകണ്ട് വിജയവുമായി പരിപാടി എന്നു ചോദിച്ചാൽ അത് പരാജമായി മാറിയെന്ന് പറയാനേ തരമുള്ളൂ. നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഇനിയും പരിപാരമാകാത്ത അവസ്ഥയുണ്ട്. ഇനി ഭാവിയിൽ ഈ പരാതികൾക്ക് എന്തു സംഭവിക്കും എന്നതും കണ്ടു തന്നെ അറിയേണ്ട കാര്യമായി.

സർക്കാറിന് മുന്നണിക്കും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ഇറങ്ങിയ പരിപാടി ശരിക്കും പ്രതിപക്ഷത്തിന് ഉണർത്തുപാട്ടായി എന്നു പറയുന്ന അവസ്ഥയിലേക്കാണ് സമാപിക്കുമ്പോൾ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പിടിവാശികൾ തന്നെയാണ് വെറുതേ കരിങ്കൊടി കാട്ടി പോകാൻ ഇറങ്ങിയ കോൺഗ്രസുകാരെ വാശിയോടെ അതു ചെയ്യാൻ പ്രേരിപ്പിച്ചത്. ഇന്നലെ നവകേരള സദസ്സ് സമാപിക്കുമ്പോൽ വരെ അജണ്ട നിശ്ചയിക്കുന്ന കാര്യത്തിൽ വിജയമായത് പ്രതിപക്ഷമാണ്. കോൺഗ്രസ് നേതാക്കൾ ഒന്നായി അണിനിരന്ന് പ്രക്ഷോഭം നയിക്കുന്ന കാഴ്‌ച്ചയും നവകേരള സദസ്സെന്ന പരിപാടിയോടെ കേരളം കണ്ടു.

സർക്കാർ പ്രചരിപ്പിക്കാനുദ്ദേശിച്ച അവകാശവാദങ്ങൾക്കും മുകളിലായി നിന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും മറ്റുമായിരുന്നു. ഇതോടെ നവകേരള സദസ്സിൽ എന്തുനടന്നു എന്ന കാര്യം പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ ഭരണപക്ഷം പരാജയമായി. മറുവശത്താകട്ടെ, കരിങ്കൊടി പ്രതിഷേധവും പൊലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും അക്രമവും പ്രധാന ചർച്ചയാക്കുന്നതിൽ പ്രതിപക്ഷത്തിനു വിജയിക്കാനായി. 36 ദിവസം സദസ്സ് നടത്തിയതു സർക്കാരാണെങ്കിലും മൂന്നാം ദിനം തൊട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പോലും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും അതിനോട് അനുന്ധിച്ച ചർച്ചകളുമാണ് സജീവമായി നിന്നത്.

ധൂർത്തും ആഡംബര ബസും മാത്രമായിരുന്നു സദസ്സ് തുടങ്ങുന്നതിനു മുൻപു പ്രതിപക്ഷത്തിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ. നിയമസഭാ മണ്ഡലങ്ങളിൽ കുറ്റവിചാരണാ സദസ്സ് നടത്തി ബദൽ പ്രചാരണം എന്നതായിരുന്നു അവരുടെ പദ്ധതി. എന്നാൽ, കണ്ണൂർ കല്യാശ്ശേരിയിൽ പ്രകോപനമില്ലാതെ പൊലീസ് പ്രതിപക്ഷ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതോടെയാണു കരിങ്കൊടി കയ്യിലെടുത്തത്.

കരിങ്കൊടിക്കാരെ ഡിവൈഎഫ്‌ഐക്കാർ കായികമായി നേരിട്ടതോടെ തുടർപ്രതിഷേധമായി. ഡിവൈഎഫ്‌ഐ നടത്തിയതു 'രക്ഷാപ്രവർത്തനം' ആണെന്നു ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ആ പ്രയോഗം ഒടുവിൽ ബാധ്യതയായി. വാവിട്ട വാക്കിനെ തള്ളിപ്പറയാതിരുന്നതോടെ ഡിവൈഎഫ്‌ഐക്ക് അടിക്കാനുള്ള ലൈസൻസായി. വഴി നീളെ അടി കൊണ്ടിട്ടും ഓരോ കേന്ദ്രത്തിലും പ്രതിഷേധമുയർത്തിയ പ്രതിപക്ഷം മികച്ച പോരാട്ടവീര്യമാണു പ്രകടിപ്പിച്ചത്. യൂത്ത് കോൺഗ്രസിനു താഴേത്തട്ടുമുതലും കോൺഗ്രസിനു മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുതിയ നേതൃത്വമുണ്ടായതു പ്രഹരശേഷി കൂട്ടി.

കോൺഗ്രസും പോഷക സംഘടനകളും ചേർന്നു 4 ദിവസത്തെ ഇടവേളയിൽ തലസ്ഥാനത്തു 3 വമ്പൻ പ്രതിഷേധ മാർച്ചുകളാണു സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മാർച്ചിനെ മുന്നിൽനിന്നു നയിച്ച് വി.ഡി.സതീശൻ തെരുവിലിറങ്ങിയതും കെഎസ്‌യു മാർച്ചിനിടെ മാത്യു കുഴൽനാടൻ എംഎൽഎക്ക് പൊലീസിന്റെ അടിയേറ്റതുമെല്ലാം പൊതുസമൂഹം മറ്റു വിധത്തിലാണ് കണ്ടത്. മാസപ്പടി വിവാദം ഉയർത്തിയ മാത്യുവിനെ തല്ലിയൊതുക്കി എന്ന ധ്വനിയാണ് ഇതോടെ ഉണ്ടായത്.

ഡിജിപി ഓഫിസ് മാർച്ചിനെ പൊലീസ് നേരിട്ട രീതിയിൽ കടുത്ത അമർഷം സംസ്ഥാന വ്യാപകമായുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ആശുപത്രിയിൽ കയറ്റിയ പൊലീസിനെതിരെയുള്ള വികാരം സർക്കാരിനുനേർക്കുള്ള തുടർസമരങ്ങളായി മാറ്റും. ഇതിന് ഇന്നലെ ചേർന്ന കെപിസിസി നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.

മറുവശത്ത് പ്രതിപക്ഷത്തിന്റെ കലാപാഹ്വാനം തള്ളി കേരള ജനതയാകെ പരിപാടി ഏറ്റെടുത്തുവെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ സർക്കാറിനോടുള്ള ജനത്തിന്റെ എതിർപ്പ് കൂടിയെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. മഞ്ചേശ്വരം മുതൽ വട്ടിയൂർകാവ് വരെ 36 ദിനം നീണ്ട യാത്രയായിരുന്നു പിണറായി നയിച്ചത്. നേതാക്കൾ സാധാരണ നടത്താറുള്ള കേരളയാത്രയിൽ നിന്നും ഭിന്നമായി കാബിനറ്റാകെ മണ്ഡലങ്ങളിലേക്കിറങ്ങിയപ്പോൾ ജനം സർക്കാറിനൊപ്പം നിന്നെന്നാണ് സിപിഎം വിലയിരുത്തൽ. അവസാനഘട്ടത്തിൽ പ്രതിപക്ഷനേതാവിന് തിരിച്ചടിക്കാൻ വരെ ആഹ്വാനം ചെയ്യേണ്ടി വന്നത് തന്നെ സദസ്സിന്റെ ജനപ്രീതി കാണിക്കുന്നുവെന്ന് സർക്കാർ.

സദസ്സ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ പ്രേരിപ്പിച്ചത് കരിങ്കൊടി പ്രതിഷേധങ്ങളെ പൊലീസിനൊപ്പം സർക്കാറും മുഖ്യമന്ത്രിയുടെ ഗൺമാനും തല്ലിയത്. അവസാനനിമിഷം വരെ മുഖ്യമന്ത്രി തല്ലിയവരെ കൈവിട്ടില്ല. എതിർശബ്ദങ്ങളെ അടിച്ചൊതുക്കിയ യാത്ര ജനത്തെ സർക്കാറിനെതിരാക്കിയെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

സമീപദിനങ്ങളിൽ രാഷ്ട്രീയകേരളം കണ്ടത് നേതാക്കൾ തമ്മിലെ വാടാ പോടാ വിളിയും തെരുവ് യുദ്ധങ്ങളും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സദസ്സ് വഴി സംഘടനയെ ശക്തിപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞു. പരാതിയെക്കാൾ പ്രാധാന്യം രാഷ്ട്രീയപ്രചാരണത്തിന് തന്നെ. പക്ഷെ ലഭിച്ച പരാതികളിലെ തുടർനടപടികൾ സർക്കാറിന് മുന്നിലെ കടമ്പ. രാഷ്ട്രീയ അനുഭാവികൾക്കപ്പുറം സദസ്സിനോടും മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രയോഗത്തോടുമുള്ള പൊതുസമൂഹത്തിന്റെ നിലപാടുകളും ഭരണപക്ഷത്തിന്റെ ഇനിയുള്ള വെല്ലുവിളി.