- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം വിഷയങ്ങളിൽ ലീഗ് എംപിമാരേക്കാളും വീറോടെ പാർലമെന്റിൽ വാദിക്കുന്ന നേതാവ്; മലബാറിന്റെ ഹൃദയത്തിലും ഇടം നേടിയ കോൺഗ്രസുകാരൻ; ഹമാസ് പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല; സിപിഎമ്മിന്റെ കുത്തിതിരിപ്പ് തിരിച്ചറിയണമെന്ന് നേതാക്കൾ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തു നിൽക്കവേ മുസ്ലിംലീഗിന്റെ ശക്തിപ്രകടനം എന്ന നിലയിലാണ് ലീഗ് കഴിഞ്ഞ ദിവസം ഫലസ്തീൻ അനുകൂല റാലി കോഴിക്കോട്ട് സംഘടിപ്പിച്ചത്. രാജ്യം കണ്ട് ഏറ്റവും വലിയ ഫലസ്തീൻ അനുകൂല റാലിയിൽ ഉയർന്ന പ്രധാന ആവശ്യം സമാധാനം നിലനിർത്തണം എന്നതായിരുന്നു. എന്നാൽ, ശശി തരൂർ ഹമാസിനെ തീവ്രവാദികൾ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗത്തിൽ ഒരു വാക്കു പറഞ്ഞതിന്റെ ചുവടു പിടിച്ചാണ് ഇന്ന് സൈബറിടത്തിൽ അടക്കം ചർച്ചകൾ നടന്നത്. എന്നാൽ, സിപിഎം കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിതമായി നടത്തുന്ന ഈ നീക്കം മുസ്ലിംലീഗും തിരിച്ചറിഞ്ഞിട്ടുണ്ട്. അതകൊണ്ടു കൂടിയാണ് അദ്ദേഹത്തെ തള്ളിപ്പറയാത്ത നിലപാട് ലീഗ് നേതാക്കൾ കൈക്കൊണ്ടതും.
മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ലീഗ് എംപിമാരേക്കാൾ ഭംഗിയായി അവതരിപ്പിക്കുന്ന നേതാവാണ് ശശി തരൂർ. മലബാറിൽ ഇ്‌ദ്ദേഹത്തിന് വലിയ ആരാധക വൃന്ദം ഉണ്ട് താനും. എവിടെ തരൂർ എത്തിയാലും അവിടയെല്ലാം ആളുകൾ കൂടും. ഇതാണ് വസ്തുത. തരൂരിന്റെ സ്വീകാര്യത ഭാവിയിൽ തിരിച്ചടിയാകുക തങ്ങൾക്കാകും എന്ന് തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടിയാണ് സിപിഎം. അതുകൊണ്ട് കൂടിയാണ് തരൂരിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്തു അത് വിവാദമാക്കാൻ അവർ ശ്രമിക്കുന്നതും.
ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചാണ് നേരത്തെ കെ കെ ശൈലജയും പോസ്റ്റിട്ടത്. ഈ പോസ്റ്റും വിവാദമായിരുന്നു. അപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ തരൂരിനെതിരെ തിരിഞ്ഞത്. ഇതിലെ രാഷ്ട്രീയം തിരിച്ചറിയണം എന്നാണ് ലീഗ് നേതാക്കൾ തന്നെ തരൂരിനെ പിന്തുണച്ചു കൊണ്ട് വ്യക്തമാക്കുന്നത്. അതേസമയം വിഷയം വൈകാരികമായി തന്നെയാണ് സുന്നി സംഘടനകൾ എടുത്തിരിക്കുന്നത് എന്നതാണ് തരൂർ നേരിടുന്ന പ്രതിസന്ധി.
എന്നാൽ, ഫലസ്തീനൊപ്പം എന്ന നിലപാട് ആവർത്തിച്ച തരൂർ, തന്നെ ഇസ്രയേൽ അനുകൂലി ആക്കരുതെന്നും ആവർത്തിച്ചു പറയുന്നു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ തരൂരിനൊപ്പമാണ്. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെയും നിലപാട്. എന്നാൽ തന്റെ വാക്കുകൾ അടർത്തിയെടുത്തെന്നാണ് തരൂരിന്റെ മറുപടി. മുംബൈയിലേക്കു പോകും മുന്പും അവിടെയെത്തിയ ശേഷവും തരൂർ തന്റെ നിലപാട് ആവർത്തിച്ചു. റാലിയുടെ സംഘാടകനായ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തരൂരിനെ കൈവിട്ടില്ല. തരൂരിനെ കൈവിട്ടാൽ അത് ലീഗിനെ തന്നെയാകും തിരിച്ചടി ഉണ്ടാക്കുക എന്ന ബോധ്യം കുഞ്ഞാലിക്കുട്ടിക്കുണ്ട്.
അതേസമയം എം കെ മുനീറും സമദാനി എം പിയും തരൂരിനെ തിരുത്തി അതേ വേദിയിൽ തന്നെ പ്രസംഗിച്ചത്. പരിപാടിയിൽ പങ്കെടുത്ത സുന്നി നേതാവ് നാസർ ഫൈസിയും തരൂർ തിരുത്തണമെന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയിൽ തരൂരിനെ ഉയർത്തിക്കാട്ടാമെന്ന് വിലയിരുത്തിയാണ് തരൂരിന്റെ മലബാർ പര്യടനം അടക്കം ലീഗ് പ്ലാൻ ചെയ്തരുന്നത്. ഇത് മുന്നിൽ കണ്ടാണ് സിപിഎം ഇപ്പോൾ പ്രസംഗം വിവാദമാക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ.
അതിവിടെ ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ വേദിയിലെ പരാമർശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവർമെന്റ് മിഷൻ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നാണ് മാറ്റിയത്. പരിപാടിയിൽ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂർ എംപിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ പ്രസംഗത്തിൽ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമർശിച്ചിരുന്നു.
ഫലസ്തീൻ ഐക്യദാർഢ്യ വേദിയിൽ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഎം നേതാക്കൾ ഉൾപ്പെടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എംപി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നും ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവർമെന്റ് മിഷൻ. പുതിയ സാഹചര്യത്തിൽ തരൂരിനെ ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രയേലും ലീഗ് വേദിയിൽ നിന്നും തരൂരും ഫലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.
മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും വിമർശിച്ചു. റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിന്റെ പ്രസംഗം കേട്ടാൽ ഇസ്രയേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക. അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കൾ പൊറുക്കില്ല. ഫലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ 'ഇസ്രയേൽ മാല' പാടിയതെന്നും ജലീൽ പറഞ്ഞു.