തിരുവനന്തപുരം: ദേശീയതലത്തിൽ ജനതാദൾ (എസ്) എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതോടെ വെട്ടിലായത് സിപിഎം. ഈ പ്രതിസന്ധിയെ മറികടക്കാൻ കേരളത്തിലെ ജെഡിഎസ് ആലോചന തുടങ്ങി. ഒന്നുകിൽ പുതിയപാർട്ടി രൂപവത്കരിക്കുക, അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുക. ഈ രണ്ടു മാർഗമാണ് മുന്നിലുള്ളത്. പുതിയപാർട്ടിയെന്ന അഭിപ്രായത്തിനാണ് നേതാക്കളിൽ മുൻതൂക്കം. ശനിയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എൻ.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.എസിനെ കൂടെനിർത്തിയുള്ള പ്രചാരണം എൽ.ഡി.എഫിന് ദോഷംചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇത് സിപിഎം. ജനതദാൾ (എസ്) നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ പാർട്ടിയുണ്ടാക്കിയാലും ഇടതു മുന്നണിക്ക് പ്രതിസന്ധി മാറില്ല. പുതിയ പാർട്ടി രൂപവത്കരിക്കുമ്പോൾ ജെ.ഡി.എസിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച എംഎ‍ൽഎ.മാർക്ക് അതിൽ സാങ്കേതികമായി അംഗമാകാൻ കഴിയില്ല. അതിനാൽ, മന്ത്രി കെ. കൃഷ്ണൻകുട്ടി, സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എന്നിവർക്ക് പുതിയ പാർട്ടിയുടെ ഭാഗമാകാനാകില്ല. അവർ ജെഡിയുവിന്റെ ഭാഗമായി സാങ്കേതികമായി തുടരും.

ഈ സാഹചര്യം ഒഴിവാക്കാൻ രണ്ടു പേരും എംഎൽഎ സ്ഥാനം രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണം. അല്ലാത്ത പക്ഷം അവർ ജെഡിഎസ് എംഎൽഎമാരായി സാങ്കേതികമായി തുടരും. ഈ സാഹചര്യത്തിൽ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിൽ സിപിഎമ്മിന് വിരുദ്ധാഭിപ്രായമുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇളവു നൽകും. ഏതായാലും ജെഡിഎസ് സംസ്ഥാന നേതൃയോഗത്തിലെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിപിഎം. പുതിയ പാർട്ടിയുണ്ടാക്കിയാൽ സിപിഎം കടുത്ത നിലപാട് എടുക്കില്ല. പുതിയ പാർട്ടിയുണ്ടാകുമ്പോൾ മന്ത്രിസ്ഥാനം കൃഷ്ണൻകുട്ടിക്ക് നഷ്ടമാകില്ലെങ്കിലും അധ്യക്ഷപദവി മാത്യു ടി. തോമസിന് നഷ്ടമാകും.

ജെഡിഎസ് എംഎൽഎമാർക്ക് പുതിയ പാർട്ടിയിൽ ചേരാൻ കഴിയില്ലെന്നതാണ് ഇതിന് കാരണം. മാത്യു ടി. തോമസിന് പാർട്ടി പദവി ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നേതൃസ്ഥാനത്തേക്ക് ആര് എന്നതാണ് പാർട്ടിക്കുള്ളിൽ ഉയരുന്നചോദ്യം. ജനതാദൾ പാർട്ടിയിൽ പ്രസിഡന്റു കഴിഞ്ഞാൽ സെക്രട്ടറി ജനറലാണ് രണ്ടാമൻ. ജെ.ഡി.എസിൽ ഇതുവരെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ആരെയും നിശ്ചയിച്ചിട്ടില്ല. ദേശീയ നേതാവായ നീലലോഹിത ദാസൻ നാടാരുടെ നിലപാടും നിർണ്ണായകമാകും.

ബിജെപി. ഉൾപ്പെടുന്ന എൻ.ഡി.എ. സഖ്യത്തിൽ അണിചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെ.ഡി.എസ്. കേരളഘടകം തന്ത്രപരമായ ചർച്ച തുടങ്ങിയിരുന്നത്. ഒരു കാരണവശാലും ബിജെപിയുമായി ചേർന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉൾക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.

2006-ലും എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായിരുന്നു ജെ.ഡി.എസ്. അന്ന് കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരള ഘടകം നൽകുന്നത്. എഴിനു ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും. അങ്ങനെ വരുമ്പോൾ മാത്യു ടി തോമസിന് അധ്യക്ഷനായി തുടരാനാകും. സിപിഎം അനുവദിച്ചാൽ കൃഷ്ണൻകുട്ടിക്ക് മന്ത്രിയായും തുടരാം. പക്ഷേ പ്രതിപക്ഷം സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്നത് തുടരുമെന്നതാണ് വസ്തുത.അതുകൊണ്ട് തന്നെ സിപിഎം നിലപാട് നിർണ്ണായകമാകും.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിനുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദേവെഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലെത്തി കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ജെ.ഡി.എസിനെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എൻ.ഡി.യിലേക്കു സ്വാഗതം ചെയ്തത്. തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുകുടക്കീഴിൽ മത്സരിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് സഖ്യചർച്ചകൾക്കു മുൻകൈയെടുത്തത്.