- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനേയും മകളേയും മകനേയും തോൽപ്പിച്ച തൃശൂർ!
തൃശൂർ: മാളയുടെ മാണിക്യമായിരുന്നു കെ കരുണാകരൻ. കേരളത്തിന്റെ മുഖ്യമന്ത്രിയായ ലീഡർ തൃശൂരുകാരുടെ പ്രിയങ്കരനായിരുന്നു. കണ്ണൂരിൽ നിന്ന് ചിത്രകല പഠിക്കാൻ തൃശൂരിലെത്തിയ കണ്ണൂരിലെ ചിറയ്ക്കലിൽ നിന്നുള്ള കണ്ണോത്ത് കരുണാകരൻ തൊഴിലാളി രാഷ്ട്രീയത്തെ അനുകൂലമാക്കി കേരളത്തിന്റെ ലീഡറായത് തൃശൂരിലെ കരുത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ കരുണാകരൻ ലോക്‌സഭാ അങ്കത്തിന് തൃശൂരിലെത്തി. എന്നാൽ വിവി രാഘവൻ എന്ന സിപിഐക്കാരന്റെ ജനകീയത ലീഡർക്ക് മുകളിലായി. അങ്ങനെ കരുണാകരൻ തോറ്റു. 1996ലായിരുന്നു ആ തോൽവി. അതിന് ശേഷം മുകുന്ദപുരം എന്ന പഴയ ലോക്‌സഭാ മണ്ഡലത്തിൽ കരുണാകരന്റെ മകൾ പത്മജ മത്സരത്തിന് ഇറങ്ങി.
തൃശൂർ ജില്ലയിലെ മണ്ഡലങ്ങൾ കൂടി ഉൾക്കൊണ്ട അവിടെ മകൾ തോറ്റതും കരുണാകരന് തിരിച്ചടിയായി. കരുണാകരനെ ധിക്കരിച്ച് കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച വൈദ്യുതി മന്ത്രിയായ കെ മുരളീധരനെ അന്നും തൃശൂർ തോൽപ്പിച്ചു. വടക്കാഞ്ചേരിയെന്ന കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ മുരളീധരൻ തോറ്റു. ഇതിന് ശേഷം വടക്കാഞ്ചേരിയുടെ രാഷ്ട്രീയം പോലും ഇടത്തേക്ക് ചാഞ്ഞു. ആ ജില്ലയിലേക്കാണ് വീണ്ടുമൊരു അങ്കത്തിന് മുരളീധരൻ എത്തിയത്. തൃശൂർ ലോക്ഭയിലെ അച്ഛനെ പോലെ മകനും തോറ്റു. അതും മൂന്നാം സ്ഥാനത്തേക്ക് വീണ തോൽവി. അച്ഛൻ കരുണാകരന്റെ മരണ ശേഷം രണ്ടു തവണ തൃശൂർ നിയമസഭാ മണ്ഡലത്തിൽ പത്മജാ വേണുഗോപാൽ മത്സരിച്ചു.
രണ്ടു തവണയും തോറ്റു. കഴിഞ്ഞ തവണ കഷ്ടിച്ച് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പത്മജ ബിജെപിയിൽ എത്തി. ഇതിന് പിന്നാലെയാണ് വടകരയിൽ നിന്നും കെ മുരളീധരൻ തൃശൂരിൽ മത്സരത്തിന് എത്തിയത്. ബിജെപിയെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. വടകരയിൽ എംപിയായ ശേഷം നേമത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ചിരുന്നു. അവിടേയും മൂന്നാം സ്ഥാനമായിരുന്നു മുരളിക്ക്. എന്നാൽ ബിജെപിയുടെ കുമ്മനം രാജശേഖരനെ തോൽപ്പിക്കുന്നതിനുള്ള വോട്ട് മുരളീധരൻ പിടിച്ചു. യുഡിഎഫിന്റെ വോട്ട് വിഹിതം കൂടുകയും ചെയ്തു. എന്നാൽ തൃശൂരിലേത് മുരളിയെ തകർക്കുന്ന തോൽവിയാണ്. തൃശൂർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു.
ടിഎൻ പ്രതാപനെ മാറ്റിയാണ് സുരേഷ് ഗോപിയെ നേരിടാൻ മുരളി എത്തിയത്. അങ്ങനെ മുരളിയുടെ മാത്രം താൽപ്പര്യമായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിത്വം. വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമ്പോഴാണ് അച്ഛന്റെ പഴയ തട്ടകത്തിൽ സുരേഷ് ഗോപിക്ക് മുമ്പിൽ മുരളീധരൻ വലിയ തോൽവി നേരിടുന്നത്. ഇതിനെ എങ്ങനെ മുരളീധരൻ നേരിടുമെന്നതാണ് ഇനി ഉയരുന്ന ചോദ്യം.
ചേട്ടൻ തോൽക്കുമ്പോൾ ചിരിക്കുന്ന അനുജത്തി!
ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമ്പോൾ ചിരിക്കുന്നത് പത്മജാ വേണുഗോപാലാണ്. മുമ്പ് മുരളീധരന്റെ തോൽവിയിൽ വിഷമിക്കുകയായിരുന്നു പത്മജ. തൃശൂരിൽ മത്സരിക്കാനെത്തിയ മുരളീധരൻ ബിജെപി ക്യാമ്പിലെത്തിയ പത്മജയെ കണക്കിന് പരിഹസിച്ചു. ഇനി എനിക്ക് ഇങ്ങനെയൊരു സഹോദരി ഇല്ലെന്ന് പോലും പറഞ്ഞു. എന്നാൽ ചേട്ടന്റെ വശങ്ങളിൽ നിൽക്കുന്നവർ ചേട്ടനെ തോൽപ്പിക്കുമെന്ന് പത്മജ അനേ പറഞ്ഞു.
വോട്ടെണ്ണുമ്പോൾ ഈ സഹോദരി പറയുന്നതിലെ വസ്തുത മനസ്സിലാകുമെന്നും പത്മജ കൂട്ടിച്ചേർത്തു. അതാണ് സംഭവിച്ചതും. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോൾ കേരള രാഷ്ട്രീയത്തിലെ താരമായി സുരേഷ് ഗോപി മാറുകയാണ്. ഇനി അനുജത്തി പറഞ്ഞത് മുരളീധരൻ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എല്ലാ അർത്ഥത്തിലും ലീഡർ കരുണാകരന്റെ പഴയ തട്ടകമായ തൃശൂർ എല്ലാ അർത്ഥത്തിലും മുരളീധരനെ കൈവിട്ടുവെന്നതാണ് യാഥാർത്ഥ്യം.