തിരുവനന്തപുരം: കേരളത്തിൽ വീണ്ടും യുഡിഎഫ് തരംഗം. അക്ഷരാർത്ഥത്തിൽ കോൺഗ്രസ് മുന്നണി കേരളം വീണ്ടും തൂത്തു വാരി. തൃശൂരിൽ ബിജെപിയോട് കെ മുരളീധരൻ തോറ്റത് മാത്രമാണ് കോൺഗ്രസിന് തിരിച്ചടി. അവസാന റൗണ്ടിൽ ആറ്റിങ്ങലിലും ജയിച്ച് 18 സീറ്റിൽ യുഡിഎഫ് കേരളത്തിൽ വിജയിച്ചു. സിപിഎമ്മിനും ബിജെപിക്കും ഒരു സീറ്റ്. അതായത് 19 സീറ്റിലും കേരളത്തിൽ പ്രതിപക്ഷം വിജയിക്കുന്നു. മോദി തരംഗം ആഞ്ഞടിക്കാതെ ഇരുന്നിട്ടും കേരളത്തിൽ ബിജെപിക്കും സീറ്റു കിട്ടി. തൃശൂർ പൂര നടത്തിപ്പിലെ സർക്കാർ വീഴ്ചയാണ് ഇതിന് കാരണം. അങ്ങനെ എല്ലാ അർത്ഥത്തിലും പിണറായിസം വീണ്ടും തോൽക്കുകായണ്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ മത്സരിച്ചതു കൊണ്ടു മാത്രമാണ് പെങ്ങളൂട്ടിയെ വീഴ്‌ത്തി ആ സീറ്റിൽ ജയിക്കാൻ സിപിഎമ്മിന് ആയത്. അങ്ങനെ കോൺഗ്രസിൽ നിന്നും കെ മുരളീധരനൊപ്പം സിറ്റിങ് എംപിയായ രമ്യാ ഹരിദാസും തോറ്റു.

ആറ്റിങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പ്രചരണത്തിൽ കോൺഗ്രസിന്റെ അടൂർപ്രകാശ് അത്ര സജീവമായിരുന്നില്ലെന്ന സൂചനകളുണ്ടായിരുന്നു. എന്നിട്ടും ആറ്റിങ്ങളും കോൺഗ്രസ് പക്ഷത്ത് നിന്നു. ഇതോടെ ഒന്നിൽ അധികം സീറ്റ് നേടുകയെന്ന കോൺഗ്രസ് മോഹം പൊളിഞ്ഞു. അഞ്ചു സീറ്റിൽ ജയിക്കുമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ടായിരുന്നു. വടകരയും കണ്ണൂരും പാലക്കാടും ആലത്തൂരും ആറ്റിങ്ങളും ജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇതിൽ ആദ്യ മൂന്ന് സീറ്റിലും വമ്പൻ തോൽവി സിപിഎമ്മിനുണ്ടായി. അങ്ങനെ വീണ്ടും യുഡിഎഫ് തരംഗം കേരളത്തിൽ ദൃശ്യമായി. അറ്റിങ്ങലിൽ ഒഴിച്ച് ബാക്കിയെല്ലായിടത്തും കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും കടുത്ത മത്സരത്തെ അതിജീവിച്ചാണ് ജയിച്ചു കയറിയത്.

മൂന്നരലക്ഷത്തിൽ അധികം ഭൂരിപക്ഷമായി വയനാടിൽ വീണ്ടും രാഹുൽ ഗാന്ധി ജയിച്ചു. പൊന്നാനിയിൽ അബ്ദുസമദ് സമദാനി 2.30ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ 2.90ലക്ഷത്തിൽ അധികം വോട്ട് നേടിയാണ് ജയിക്കുന്നത്. അതായത് മുസ്ലിം ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ സിപിഎമ്മിന് ആയില്ല. കണ്ണൂരിൽ 1.11 ലക്ഷം വോട്ടിന് അധികമായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിജയം. വടകയിൽ 1.14ലക്ഷം വോട്ടിൽ അധികം നേടി ഷാഫി പറമ്പിലും ജയിച്ചു. ഇതിനിടെയിലും 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് സുരേഷ് ഗോപി ബിജെപിയുടെ താരമായി. ബിജെപിക്കായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യഥാർത്ഥതാരം. ബാക്കിയെല്ലാം പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

ആലത്തൂരിൽ 19587 വോട്ടിനാണ് മന്ത്രിയായ കെ രാധാകൃഷ്ണൻ ജയിച്ചത്. ചേലക്കരയുടെ എംഎൽഎയായ രാധാകൃഷ്ണൻ ആലത്തൂരിലെ പരിചിത മുഖമായിരുന്നു. ഇതാണ് ആലത്തൂർ തിരിച്ചു പിടിക്കാൻ സിപിഎമ്മിനെ സഹായിച്ചത്. ഉറച്ച സിപിഎം കോട്ടയായ ആലത്തൂരിൽ കഴിഞ്ഞ തവണ രമ്യാ ഹരിദാസ് അട്ടിമറി വിജയമാണ് നേടിയത്. പികെ ബിജുവിനെയാണ് തോൽപ്പിച്ചത്. ഇത് മനസ്സിലാക്കിയാണ് രാധാകൃഷ്ണനെ തന്നെ സിപിഎം രംഗത്ത് ഇറക്കിയത്. ഇത് മാത്രമാണ് സിപിഎമ്മിന് ഇത്തവണ വിജയമായി മാറിയത്. ബാക്കിയെല്ലാ തന്ത്രങ്ങളും പാളി. ഇതോടെ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് വരും. വടകരയിലെ കെകെ ശൈലജ ടീച്ചറിന്റെ തോൽവി ഏവരേയും ഞെട്ടിച്ചു. ആലപ്പുഴ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇവിടേയും അടിമുടി തന്ത്രങ്ങൾ പരാജയപ്പെട്ടു. കെസി വേണുഗോപാലിന്റെ വരവിൽ എഎം ആരിഫ് തോറ്റു.

തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും എത്തുന്ന ആദ്യ ബിജെപിക്കാരനായി സുരേഷ്ഗോപി മാറിയപ്പോൾ വി.കെ. സുനിൽക്കുമാറിന് പിന്നിൽ മൂന്നാം സ്ഥാനത്ത് എത്താനേ കെ. മുരളീധരന് കഴിഞ്ഞുള്ളൂ. ബിജെപി വൻപ്രതീക്ഷയോടെ ഇറക്കിയ കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും പരാജയപ്പെട്ടു. ആദ്യഘട്ടത്തിൽ വിജയിക്കുമെന്ന് തോന്നിപ്പിച്ച രാജീവ് ചന്ദ്രശേഖറെ അവസാനഘട്ടത്തിൽ ശശി തരൂർ മറികടന്നു. 15,700 വോട്ടുകൾക്ക് ജയിച്ച ശശി തരൂർ ്എല്ലാത്തവവണത്തേയും പോലെ അവസാന ഘട്ട എണ്ണലിലാണ് വിജയം നേടിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് തിരുവനന്തപുരം, മാവേലിക്കര സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തിൽ 23,000 വോട്ടുകൾക്ക് പിന്നിൽ പോയ ശശി തരൂർ അവസാന ഘട്ടത്തിൽ വൻ തിരിച്ചുവരവ് നടത്തിയതോടെ രാജീവ് ചന്ദ്രശേഖറിന്റെ സാധ്യത അടഞ്ഞു. തിരുവനന്തപുരം പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആറ്റിങ്ങലിൽ അവസാന നിമിഷം വരെ ലീഡ് മാറി മറിഞ്ഞതോടെ ഫോട്ടോ ഫിനിഷിലേക്കായിരുന്നു നീണ്ടത്.

സുരേഷ്ഗോപിയും രാജീവ് ചന്ദ്രശേഖറും ഒഴിച്ചാൽ ബിജെപിയിൽ ആർക്കും തന്നെ രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വോട്ട് വലിയ തോതിൽ കൂട്ടി. വയനാട്ടിൽ രാഹുലിനെതിരേ മത്സരിച്ച കെ. സുരേന്ദ്രനും വോട്ടിങ് ശതമാനം ഉയർത്തനായി. വയനാട്ടിൽ മത്സരിച്ച രാഹുൽഗാന്ധിയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. മൊത്തം പോൾ ചെയ്ത 5,78,345 വോട്ടുകളിൽ രാഹുൽ 3,19,939 വോട്ടുകളുടെ ലീഡാണ് കിട്ടിയത്. എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്തെ ഇ.ടി. മുഹമ്മദ് ബഷീറും ലീഡ് നില രണ്ടുലക്ഷത്തിലേക്കാണ് ഉയർത്തിയത്. ഹൈബി ഈഡൻ 2,47,245 വോട്ടുകളുടെ ഭൂരിപക്ഷം നേടി. 1,29,00ന് മേൽ വോട്ടിന്റെ ലീഡ് നേടി ഇടുക്കിയിൽ ഡീൻ കുര്യാക്കോസും മികച്ച വിജയം നേടി. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കണ്ട വടകരയിൽ 1,07,710 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാഫി പറമ്പിൽ കെകെ ശൈലജയ്ക്ക് എതിരേ നേടിയത്്.

കോഴിക്കോട് എം.കെ. രാഘവനും വൻ വിജയം നേടി. എൽഡിഎഫിന്റെ എളമരം കരീമിന് മേൽ 1,20,795 വോട്ടുകളുടെ ലീഡായിരുന്നു എം.കെ. രാഘവൻ നേടിയത്. രണ്ടുലക്ഷത്തിനരികിൽ വോട്ടുനേടിയാണ് പൊന്നാനിയിൽ 2,13,123 വോട്ടുകൾക്കാണ് അബ്ദുൾ സമദ് സമദാനി വിജയിച്ചത്. എൽഡിഎഫിന്റെ കെ.എസ്. ഹംസയെയാണ് തോൽപ്പിച്ചത്. സിറ്റിങ് എംപിയായിരുന്ന ആരിഫിൽ നിന്നും കോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് വേണുഗോപിലിനെ ഇറക്കിയത് ഗുണം ചെയ്തു. 40,000 ന്റെ ഭൂരിപക്ഷം നേടി കോൺഗ്രസിന്റെ ദേശീയ നേതാവായ വേണുഗോപാൽ വിജയം നേടി. പത്തനംതിട്ടയിൽ യുഡിഎഫ് ആന്റോ ആന്റണിയിലൂടെ സീറ്റ് നിലനിർത്തി. 46,083 ആയിരുന്നു ഭൂരിപക്ഷം.

കണ്ണൂരിൽ എം വി ജയരാജനെ മറികടന്ന് കെ.സുധാകരൻ സീറ്റ് നിലനിർത്തി. പാലക്കാട് വി.കെ. ശ്രീകണ്ഠനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും വൻ വിജയം നേടി. 80,565 വോട്ടുകളുടെ ഭൂരിപക്ഷമാണ് വി.കെ. ശ്രീകണ്ഠൻ നേടിയത്. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് നേരിയ വിജയം നേടാനേ കഴിഞ്ഞുള്ളൂ.