- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിനും ആ ശൈലി മടുക്കുമ്പോൾ
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനമുയർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നും ആരോപണമുയരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പിനിയായ എക്‌സാലോജിക്കൽ നടത്തിയ മാസപ്പടി വിവാദം പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കണ്ണൂരിലെ ഒരു മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അവലോകന ജില്ലാ കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചത്. ഈ വിമർശനങ്ങളിൽ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്.
കരിമണൽ കർത്തയോട് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ വീണ എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ഇദ്ദേഹം ചോദിച്ചു. പാർട്ടി നേതാവായ എ.കെ ബാലനല്ല വീണയ്‌ക്കെതിരെ ഉയരുന്ന സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത്. മുഖ്യമന്ത്രിയും കുടുംബവും ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണെന്നും മുതിർന്ന നേതാക്കളിലൊരാൾ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം കത്തി കയറുന്നതിനിടെ തടസപ്പെടുത്തി കൊണ്ടു എം.വി ഗോവിന്ദൻ ഇടപ്പെട്ടു രക്ഷാപ്രവർത്തനം നടത്തി.
എതിരാളികൾ മകളെയല്ല മുഖ്യമന്ത്രിയെ തന്നെയാണ് ഒറ്റ തിരിഞ്ഞു അക്രമിക്കാൻ ശ്രമിച്ചതെന്നും ഗോവിന്ദൻ ചർച്ചയിൽ ഇടപ്പെട്ടു കൊണ്ടു പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾ നിയമസഭയിൽ പ്രതിപക്ഷത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞതാണ്. ഈ വിശദീകരണം പാർട്ടിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ പാർട്ടിയുടെ പി.ബി അംഗം കൂടിയാണ് സഖാവ് പിണറായി. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നതിനെതിരെയുള്ള പ്രതിരോധമാണ് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ നടത്തിയത്. അതു പാർട്ടിയെ വലതുപക്ഷ മാധ്യമങ്ങൾ കടന്നാക്രമിക്കുന്നതിനെതിരെയാണെന്ന് എല്ലാവരും ഓർക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടിയത് പിണറായി വിജയന്റെ നേതൃത്വത്തിലാണെന്ന് നാമെല്ലാം ഓർക്കണം. ഒരു തെരഞ്ഞെടുപ്പ് തോൽവിയുണ്ടായപ്പോൾ കഴിഞ്ഞ കാര്യങ്ങൾ തള്ളി പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടായതാണോ ശൈലി. ഓരോ വ്യക്തിക്കും പ്രത്യേകം ശൈലിയുണ്ടാകുക സാധാരണമാണ്. അതു പെട്ടെന്ന് മാറ്റാൻ കഴിയില്ല എന്നാൽ മാറ്റേണ്ടത് ചിലതുണ്ട് പ്രവർത്തകരുടെ ആഗ്രഹത്തിനൊത്തു ശൈലി മാറ്റാൻ താൻ തയ്യാറാണെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും കടന്നാക്രമിക്കുന്നത് പാർട്ടി നോക്കി നിൽക്കരുതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും യോഗത്തിൽ പറഞ്ഞു. സദുദ്ദ്യേശപരമല്ല ഇത്തരം വിമർശനങ്ങൾ പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് നാം തിരിച്ചറിയണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയയിൽ എൺപതോളം ഓൺ ലൈൻ ചാനലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മുഖ്യമന്ത്രിയെയും പാർട്ടിയെയും എൽ.ഡി.എഫ് സർക്കാരിനെയും ഇകഴ്‌ത്തി കാട്ടുന്നതാണ്. നമുക്ക് അനുകുലമായി നേരത്തെ പോസ്റ്റിട്ട ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പുറകിൽ നിന്നും കുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടാനും പാർട്ടി നിലപാടുകൾ ഉയർത്തിപ്പിടിക്കാനും ഓരോരുത്തരും തയ്യാറാകണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടും പാർട്ടി ഓഫിസ് നിർമ്മാണ ഫണ്ടും കൈകാര്യം ചെയ്തതിൽ ഉയർന്നു വന്ന ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് പയ്യന്നൂരിലെ ട്രേഡ് യുനിയൻ നേതാവ് യോഗത്തിൽ ചൂണ്ടിക്കാട്ടി. ഈ കാര്യത്തിൽ ജില്ലാ നേതൃത്വം സ്വീകരിച്ച നടപടികൾ പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കും സ്വീകാര്യമായിട്ടില്ല. പാർട്ടി ഗ്രാമങ്ങളിൽ വോട്ടു ചോർന്നതിന് പിന്നിൽ വിവാദങ്ങൾ കാരണമായിട്ടുണ്ട്.
പയ്യന്നൂർ എംഎൽഎ ടി.ഐ മധുസുദനന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ച്ച പറ്റിയെന്ന പാർട്ടി മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും നില നിൽക്കുകയാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്നും ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നിട്ടുണ്ട്. പയ്യന്നൂർ മേഖലയിൽ ബിജെപിയുടെ വളർച്ച ഗൗരവകരമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. പയ്യന്നൂരിൽ പരിഹരിക്കേണ്ട വിഷയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഈക്കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കു മെന്നും എം.വി ജയരാജൻ ജില്ലാ കമ്മിറ്റിക്കു വേണ്ടി മറുപടി പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമർശനവും ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉന്നയിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി കുടിക്കാഴ്‌ച്ച നടത്തിയെന്ന വെളിപ്പെടുത്തൽ പോളിങ് ദിവസം ഇപി തുറന്നു പറഞ്ഞത് തിരിച്ചടിയായി കടുത്ത ഭരണ വിരുദ്ധ വികാരവും ക്ഷേമ പെൻഷൻ അടക്കമുള്ള ദുർബല വിഭാഗങ്ങൾക്കുള്ള ആനുകുല്യങ്ങൾ മുടങ്ങിയതും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി. രണ്ടാം പിണറായി സർക്കാരിന്റെ പൊലിസ് നയവും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ വിമർശിച്ചു.