- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
ന്യൂഡൽഹി: നവകേരളാ സദസിനിടെ സർക്കാരിന് വമ്പൻ തിരിച്ചടി. കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കുമ്പോൾ ഇടതു രാഷ്ട്രീയ ഇടപെടലാണ് ചർച്ചയാകുന്നത്. വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പറയുന്നത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി.
കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വിസിയായി നിയമിക്കാൻ കഴിയില്ല. ഇതു പുനർനിയമനത്തിനു ബാധകമാവില്ലെന്നാണു കേരളത്തിനു വേണ്ടി സീനിയർ അഭിഭാഷകനായ വേണുഗോപാൽ വാദിച്ചത്. 2 തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനു വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. പക്ഷേ നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ തള്ളി. ഇത് ഇടതു സർക്കാരിന് വലിയ തിരിച്ചടിയായി. ഗവർണ്ണർക്കും വിമർശനമുണ്ട്. പക്ഷേ വിമർശനത്തിന് ഇടയിലും വിസിയെ നിയമിക്കാൻ ചാൻസലർക്ക് സ്വതന്ത്രാധികാരം ഉണ്ടെന്ന് പറഞ്ഞുവയ്ക്കുകയാണ് സുപ്രീംകോടതി.
വിസിയെ നിയമിക്കാനുള്ള പരമാധികാരം ഗവർണ്ണർക്കുണ്ടെന്നാണ് വിധി വ്യക്തമാക്കുന്നത്. സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ ഗവർണ്ണർക്ക് കൂടുതൽ അധികാരം കിട്ടുന്നു. ഇനി ഗവർണർക്ക് സർവ്വകലാശാലകളിൽ കൂടുതൽ ഇടപെടാം. സർക്കാരും രാജ്ഭവനും തമ്മിലെ അങ്കം മുറുകുമ്പോൾ ഈ വിധി നിർണ്ണായകമാണ്. ഗവർണ്ണറെ മാറ്റി ചാൻസലർമാരെ നിയമിക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസമാണ് ഈ ബിൽ രാജ്ഭവൻ കേന്ദ്രത്തിലേക്ക് അയച്ചത്. അതുകൊണ്ട് തന്നെ ഈ ബിൽ നിയമമാകാനും കാലമെടുക്കും. അതുവരെ സർവ്വകലാശാലകളുടെ പരമാധികാരിയായി ഗവർണ്ണർക്ക് തുടരാം. അങ്ങനെ പുതിയ പവർ രാജ് ഭവന് നൽകുക കൂടിയാണ് ഈ വിധി.
ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീംകോടതി പറയുന്നത്. ഈ കേസിൽ കേരളത്തിലെ ഹൈക്കോടതി സംസ്ഥാന സർക്കാരിനൊപ്പമായിരുന്നു. സാങ്കേതിക വാദവുമായാണ് അന്ന് ഹൈക്കോടതി വിധി പറഞ്ഞത്. കണ്ണൂർ വി സിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനർനിയമനം നൽകിക്കൊണ്ട് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ വി സിക്ക് അതേ പദവിയിൽ ഗവർണർ നാല് വർഷത്തേക്കു കൂടി പുനർനിയമനം നൽകുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനവുമായി കൂടി ഈ വിവാദങ്ങൾ ചർച്ചയായി.
പ്രിയാ രവീന്ദ്രൻ അഭിമുഖത്തിന് ശേഷമായിരുന്നു പുനർ നിയമനം. പിന്നീട് പ്രയിക്ക് പരീക്ഷയിൽ റാങ്കും കിട്ടി. ഇതും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണ്. പ്രിയാ രവീന്ദ്രൻ നിയമനം വിവാദത്തിനിടെ ഗവർണ്ണറും സർക്കാരും തമ്മിലെ പോര് തുടങ്ങി. പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് വി സി നിയമന ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വി സി. നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നും സമ്മർദങ്ങൾക്ക് വിധേയനായി ചാൻസിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.
ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞു. സർക്കാരിന്റെ സമ്മർദം മൂലമാണ് വി സി. നിയമനത്തിൽ അനുകൂല നിലപാടെടുത്തതെന്ന ഗവർണറുടെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ കത്ത്. നിയമനത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ പറയുമ്പോൾ അതിന് കാരണമായത് സർക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. കത്തു രാജ്ഭവൻ തന്നെ പുറത്തു വിടുകയും ചെയ്തു.
ഗോപിനാഥ് രവീന്ദ്രനെ വി സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാൻസലർ എന്ന നിലയ്ക്കാണ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയത്. പുതിയ വി സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാൽ ചാൻസലറുള്ളപ്പോൾ പ്രോ-ചാൻസലർക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്. ഇതാണ് സുപ്രീംകോടതിയും അംഗീകരിക്കുന്നത്. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് പുനർനിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇവർക്കു വേണ്ടി ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.




