- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതി സെൻസസിലെ എതിർപ്പ് കർണ്ണാടകയിലെ കോൺഗ്രസിൽ പൊട്ടിത്തെറിയാകുമോ? രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ വൊക്കലിഗയും ലിംഗായത്തും ചേർന്ന് എതിർക്കുമ്പോൾ 'ഡികെ'യുടെ ഒപ്പിടലും ചർച്ചകളിൽ; 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
ബെംഗളൂരു: കർണാടകയിൽ ജാതി സെൻസസ് പുറത്തുവിടുന്നതിനെതിരെ ലിംഗായത്ത് സമുദായ സംഘടനയായ വീരശൈവ മഹാസഭ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നൽകിയ നിവേദനത്തിൽ 3 മന്ത്രിമാർ ഉൾപ്പെടെ 32 കോൺഗ്രസ് എംഎൽഎമാർ ഒപ്പിട്ടത് കോൺഗ്രസ് നേതൃത്വത്തിന് ഞെട്ടലായി. ഒരു മന്ത്രി ഉൾപ്പെടെ 50 പേർ താമസിയാതെ കോൺഗ്രസ് വിടുമെന്ന് ജെഡിയു നേതാവായ കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അത് നിഷേധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തു വന്നു. എന്നാൽ കോൺഗ്രസിനുള്ളിൽ ചല പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഒപ്പിടൽ. രാഹുൽ ഗാന്ധി ചർച്ചയാക്കിയ വിഷയമാണ് ജാതി സെൻസസ്.
വീരശൈവ മഹാസഭ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ ശാമനൂർ ശിവശങ്കരപ്പയുടെ നേതൃത്വത്തിലാണ് വിവിധ പാർട്ടികളിലെ ലിംഗായത്ത് ജനപ്രതിനിധികളുടെ ഒപ്പു ശേഖരിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്കു കൈമാറിയത്. മന്ത്രിമാരായ എം.ബി.പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, ശിവാനന്ദ് പാട്ടീൽ, ചീഫ് വിപ്പ് അശോക് പഠാൻ എന്നിവരാണ് നിവേദനത്തെ പിന്തുണച്ച പ്രമുഖ കോൺഗ്രസ് നേതാക്കൾ. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയും ഉൾപ്പെടെ 17 ബിജെപി എംഎൽഎമാരും ഇതിൽ ഒപ്പിട്ടിട്ടുണ്ട്. രണ്ടു പക്ഷത്തുള്ളവരും ഒപ്പിട്ടുണ്ട്. അപ്പോഴും കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പിടലിലാണ് ചർച്ച. ഏതായാലും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ജാതി സെൻസസിനെ ഈ 32 എംഎൽഎമാരും അംഗീകരിക്കുന്നില്ല.
അശാസ്ത്രീയമായാണു സെൻസസ് നടത്തിയതെന്നും കൂടുതൽ ജനപ്രതിനിധികളുടെ ഒപ്പു ശേഖരിച്ച് മറ്റൊരു നിവേദനം കൂടി ഉടൻ നൽകുമെന്നും മഹാസഭ ദേശീയ സെക്രട്ടറി എച്ച്.എം.രേണുക പ്രസന്ന പറഞ്ഞു. നേരത്തേ സമാന ആവശ്യം ഉന്നയിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പെടെ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാക്കൾ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. പ്രബല സമുദായങ്ങളായ വൊക്കലിഗയും ലിംഗായത്തും എതിർപ്പുമായി രംഗത്തെത്തിയതു സർക്കാരിനു തിരിച്ചടിയായി. സെൻസസുമായി മുമ്പോട്ട് പോകാൻ കഴിയാത്ത സാഹചര്യമായി ഇതു മാറുന്നു. ഓപ്പറേഷൻ താമരയ്ക്കുള്ള സാധ്യത കർണ്ണാടകയിൽ തെളിയുന്നതിന്റെ സൂചനയായി ബിജെപി കേന്ദ്രങ്ങൾ ഇതിന് കാണുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ മോദി തരംഗമുണ്ടെന്നും വ്യക്തമായി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിലെ പുതിയ നീക്കം. ജാതിസെൻസസിനെ ഉപമുഖ്യമന്ത്രിയും എതിർക്കുന്നുവെന്നത് നിർണ്ണായകമാണ്. ഏതായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ പരമാവധി സീറ്റ് നേടുകയാണ് ബിജെപി ലക്ഷ്യം. അതിന് ജാതി സെൻസസും അവർ ചർച്ചയാക്കും. വൊക്കലിഗയും ലിംഗായത്തും ബിജെപിയിൽ നിന്ന് അകന്നതാണ് കർണ്ണാടകയിൽ ബിജെപിക്ക് തിരിച്ചടിയായത്. ഈ വിഷയത്തിലൂടെ അത് വീണ്ടെടുക്കാനാണ് ശ്രമം. ഇതിനൊപ്പം കോൺഗ്രസ് എംഎൽഎമാരും നിറയുന്നുവെന്നതാണ് നിർണ്ണായകം.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സെൻസസ് പുറത്തുവിടുമെന്നു സിദ്ധരാമയ്യ പ്രഖ്യാപിച്ചെങ്കിലും ഇരു സമുദായങ്ങളുടെയും എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ 2024ൽ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്നും കുമാരസ്വാമി അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പോടെ കർണാടകയിലെ കോൺഗ്രസ് സർക്കാർ തകരുമെന്ന് പറഞ്ഞ കുമാരസ്വാമി ഒരു ഉന്നത മന്ത്രി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇതിനോടകം ചർച്ച നടത്തിയെന്നും പറയുകയുണ്ടായി.
50-60 എംഎൽഎമാരുമായി പുറത്ത് വരുമെന്നാണ് ഒരു മന്ത്രി ബിജെപി നേതൃത്വത്തിന് ഉറപ്പ് നൽകിയതെന്നും കുമാരസ്വാമി പറഞ്ഞു. 'ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേരാനുള്ള അപേക്ഷയുമായി ഒരു മന്ത്രി കേന്ദ്രത്തിലെ നേതാക്കളുടെ അടുത്തേക്ക് പോയി. 50-60 എംഎൽഎ.മാർക്കൊപ്പം പാർട്ടിയിൽ ചേരാൻ ആറ് മാസത്തേക്ക് സാവകാശം ഈ മന്ത്രി തേടിയിട്ടുണ്ട്' കുമാരസ്വാമി പറഞ്ഞു. എന്നാൽ, കോൺഗ്രസ് മന്ത്രിയുടെ പേര് പറയാൻ അദ്ദേഹം തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്തും സംഭവിക്കാം. മഹാരാഷ്ട്രയിൽ സംഭവിച്ചതിന് സമാനമായത് ഇവിടെയും സംഭവിക്കാം. ഒരാളും പാർട്ടിയോട് പ്രതിബദ്ധതയോ കൂറോ ഉള്ളവരല്ല. വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ് അവർ നോക്കുന്നത്. രാഷ്ട്രീയത്തിൽ ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റ് നേടിയ കോൺഗ്രസിന്റെ സ്ഥിതി ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താകുമെന്ന് നമുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെയാണ് ജാതി സമവാക്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പുതിയ നീക്കങ്ങൾ കർണ്ണാടകയിൽ സജീവമാകുന്നത്.




