ന്യൂഡൽഹി: സാധാരണക്കാരുടെ പാർട്ടിയാണ് ആം ആദ്മി പാർട്ടി. മറ്റു പാർട്ടികളിലെ കേഡർ പ്രവർത്തകരെ പോലെയല്ല, വികാരങ്ങൾ കൊണ്ട് മുന്നോട്ടു നയിക്കപ്പെടുന്ന താനേ ചേർന്ന കൂട്ടമാണ് കെജ്രിവാളിന്റെ പാർട്ടി. ഡൽഹിയിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായപ്പോൾ പ്രതിഷേധിക്കാൻ തനിയെ നയിക്കപ്പെട്ട ആൾക്കൂട്ടമാണ് ആപ്പിന്റെ പിറവിയിലേക്ക് നയിച്ചത്. അഴിമതിക്കെതിരെ പൊരുതുന്ന പാർട്ടിയുടെ നേതാവിനെ ഇപ്പോൾ അഴിമതി കേസിൽ ഇഡി അറസ്റ്റു ചെയ്യുമ്പോൾ ഈ സാധാരണക്കാരുടെ മുന്നിലെ വില്ലൻ ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദിയുമാണ്.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷവും ഇഡിയുടെ നടപടി വെറുതേയല്ല കൃത്യമായ രാഷ്ട്രീയ തീരുമാനമാണെന്ന് ഡൽഹി ജനതയ്ക്കും അറിയാം. ആ ജനത എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. വോട്ടിലൂടെ പ്രതികരിക്കുന്ന ജനത ബിജെപിയുടെ സ്വപ്‌നങ്ങൾ തകർക്കാൻ കെൽപ്പുള്ള്ള്ളതാണ്. 370 സീറ്റെന്നതാണ് ബിജെപിയുടെ ഉന്നം. അതിലേക്ക് എത്തുമോ എന്ന ആശങ്ക ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. കെജ്രിവാളിന്റെ അറസ്റ്റ് സഖ്യം രൂപീകരിച്ചിട്ടും മനസ്സുകൊണ്ട് വിരുദ്ധ ചേരിയിലായിരുന്ന ഇന്ത്യാ സഖ്യത്തിന് പുത്തൻ ഉണർവ്വായിട്ടുണ്ട. ഇത്രയും കാലം കോൺഗ്രസ് പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഇനിയു കൂടുതൽ ശക്തമായി മുന്നണി നേതാക്കൾ രംഗത്തുവരും. അവർക്ക് മുന്നിൽ മറ്റെല്ലാം മറന്ന് ഒരുമിക്കാൻ ഇഡി നടപടികൾ കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ സാധാരണക്കാർക്കിടയിൽ അലയിടച്ച വികാരവും മറ്റൊന്നായിരുന്നില്ല. അത് കെജ്രിവാൡന് അനുകൂലമായിരുന്നു. അവിടെ കെജ്രിവാൾ സിന്ദാബാദ് വിളിക്കാൻ എത്തുന്നവർ ഹൃദയത്തിൽ ആത്മർഥത സൂക്ഷിക്കുന്വരാണ്. സൈബറിടങ്ങളിലെ വീഡിയോകളിലും കെജ്രിവാളിനോടുള്ള സ്‌നേഹം നിറയുന്നുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിൽനിന്നും ബിജെപി.യെ വൻഭൂരിപക്ഷത്തിൽ ജയിപ്പിച്ചുവിട്ട ഡൽഹിക്കാർ തൊട്ടടുത്തവർഷംനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ സംസ്ഥാന ഭരണമേൽപ്പിച്ചതാണ് ചരിത്രം. കെജ്രിവാളിനോടുള്ള സ്‌നേഹം ഡൽഹിയുടെ മണ്ണിൽ പ്രകടമാണ്.

കസ്റ്റഡിയിൽ കെജ്രിവാളിൾ കൂടുതൽ കരുത്തനാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. അതേസമയം തുടക്കത്തിലെ വൈകാരിക അവസ്ഥയെ മറികടക്കാൻ മറ്റുമാർഗ്ഗങ്ങൾ തേടാനാണ് ബിജെപിയുടെ നീക്കം. രാജ്യത്തുതന്നെ എ.എ.പി.ക്ക് മെച്ചപ്പെട്ട സംഘടനാസംവിധാനമുള്ള സ്ഥലമാണ് ഡൽഹി. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽവന്ന 2015 മുതൽ എ.എ.പി. സർക്കാർ കൊണ്ടുവന്ന ജനക്ഷേമപദ്ധതികളും ജനകീയ തീരുമാനങ്ങളും കെജ്രിവാളിന് ഡൽഹിക്കാരുടെയിടയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടെന്നത് നേരാണ്.

അതുകൊണ്ടാണ് 2022-ൽ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഭരണവും അവർ കെജ്രിവാളിന്റെ പാർട്ടിക്കുനൽകിയത്. 'നമുക്കെന്ത് കിട്ടും' എന്ന ചോദ്യത്തിന്, സൗജന്യചികിത്സയും വിദ്യാഭ്യാസവും വൈദ്യുതി സബ്സിഡിയും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും എ.എ.പി.യുടെ മറുപടികളാണ്. മൊഹല്ല ക്ലിനിക്കുകളുടെയും ഡൽഹി മോഡൽ സ്‌കൂളുകളുടെയും ഗുണഭോക്താക്കൾ കൂടുതലും സാധാരണക്കാരാണ്. പേരിൽത്തന്നെ സാധാരണക്കാരുടെ പാർട്ടിയെന്ന് പറയുന്ന ആം ആദ്മി പാർട്ടി പാത്രമറിഞ്ഞാണ് ഇതുവരെ വിളമ്പിയതും.

ഉപരിമധ്യവർഗവും താഴെത്തട്ടിലുള്ളവരും തമ്മിലെ അന്തരം വളരെ വലുതായുള്ള ഡൽഹിയിൽ പണക്കാർക്കുമാത്രം ലഭിച്ചിരുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം പാവപ്പെട്ടവർക്കും നൽകിയെന്നത് കെജ്രിവാളിന്റെ പ്രധാനനേട്ടങ്ങളിലൊന്നാണ്. ദിവസവേതനത്തിന് ജോലിചെയ്യുന്ന സ്ത്രീകളും സൗജന്യയാത്രയ്ക്ക് സർക്കാരിനോട് നന്ദിപറയുന്നു. മുൻസർക്കാരുകളൊന്നും നൽകാതിരുന്ന സേവനങ്ങൾ തുടരാൻ അവർ ആം ആദ്മിയെത്തന്നെ വീണ്ടും തിരഞ്ഞെടുത്തേക്കും.

ഡൽഹിയിൽ നിയമസഭയിലും കോർപ്പറേഷനിലും അധികാരത്തിൽനിന്നു പുറത്തായ ബിജെപി. രാഷ്ട്രീയപകപോക്കൽ നടത്തുന്നതാണെന്ന വിമർശനം എ.എ.പി. പ്രവർത്തകരിൽ ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഇന്ത്യസഖ്യം ഒന്നിച്ചതിനാൽ പരാജയഭീതിയിൽ നേതാക്കളെ ബിജെപി. പിടികൂടുകയാണെന്ന ആരോപണവും ശക്തമാണ്. ജനങ്ങൾക്ക് നല്ലതുചെയ്യുന്ന കെജ്രിവാളിനെ മോദിയുടെ ഇ.ഡി. അറസ്റ്റുചെയ്യുന്നത് ജനകീയപദ്ധതികൾ മുടക്കാനാണെന്നാണ് എ.എ.പി.യുടെ പ്രചാരണം.

അതേസമയം കെജ്രിവാൾ എത്രകാലം ജയിലിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ അടക്കം ഇപ്പോൾ സംശയങ്ങളുണ്ട്. കെജ്രിവാളിന്റെ ഹർജി അടിയന്തിരമായി കേൾക്കാനുള്ള ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഹർജി ബുധനാഴ്‌ച്ച പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാൾ ഇഡി ഓഫീസിലെത്തി. രാത്രി എട്ടോടെയാണ് സുനിത ഇഡി ഓഫീസിലെത്തിയത്. അൽപസമയത്തിനുശേഷം സുനിത മടങ്ങി.

മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്. കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിന്റെ വീട്ടിലുമാണ് ഇന്ന് പരിശോധന നടന്നത്. പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജ്ജാണ് ഗുലാബ് യാദവ്. കവിതയുമായി ഡീൽ ഉറപ്പിച്ചെന്ന് കേജ്രിവാൾ പറഞ്ഞെന്ന കേസിലെ സാക്ഷി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇ ഡി ആയുധമാക്കുകയാണ്. കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെയാണ് നിലവിൽ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ സിബിഐയും കസ്റ്റഡിയിൽ വാങ്ങും. മദ്യനയ കേസിൽ ആദ്യം കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും സിബിഐ ആണ്.ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജ്രിവാളിനെ പത്തു ദിവസത്തെ വേണമെന്നാവശ്യപ്പെട്ട് സിബിയുംഐ വിചാരണക്കോടതിയിൽ അപേക്ഷ നൽകും. ഇതോടെ മാസങ്ങളോളം ഏജൻസികളുടെ കസ്റ്റഡിയിൽ കെജ്രിവാൾ തുടരാനാണ് സാധ്യത.

എന്നാൽ കേസിലെ അന്വേഷണവുമായി മുന്നോട്ട് പോയത് ഇഡിയാണ്. കള്ളപ്പണ ഇടപാടിൽ കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വാങ്ങിയതോടെ വീണ്ടും കേസിലേക്ക് രംഗ പ്രവേശനം ചെയ്യാൻ ഒരുങ്ങുകയാണ് സിബിഐ. ഇതിനിടെ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത് മുന്നോട്ടു പോകാനാണ് ആപ്പിന്റെ തന്ത്രം. ഇത് എത്രകണ്ട് സാധ്യമാകും എന്നതാണ് ഉയരുന്ന ചോദ്യം. രാജിവെക്കാത്തെ കെജ്രിവാളിനെ പുറത്താക്കാനുള്ള വഴികളിലേക്കും ബിജെപി കടക്കുന്നതോടെ ഈ നടപടികൾ എല്ലാം ജനങ്ങൾക്ക് മുന്നിൽ കൂടുതൽ ഓഡിറ്റിംഗിന് വിധേയമാകുമെന്നും ഉറപ്പാണ്. അതേസമയം സുനിത കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവെക്കാനുള്ള സാധ്യതകളും ഡൽഹി രാഷ്ട്രീയത്തിൽ ഉയരുന്നുണ്ട്.