- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവ് കേളു മന്ത്രിയാകുമ്പോൾ
മാനന്തവാടി: വയനാട് ജില്ലയിൽനിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗ നേതാവ് എന്ന വിശേഷണത്തിന് ഉടമയായ ഒ.ആർ. കേളുവിനെ മന്ത്രിയാകുന്നതോടെ തേടിയെത്തുന്നത് ഒരു പിടി റിക്കോർഡുകൾ. വയനാട്ടിൽ നിന്നും മന്ത്രിയാകുന്ന ആദ്യ സിപിഎമ്മുകാരനാണ് കേളു. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആർ. കേളു സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്. ജില്ലയിലും സംസ്ഥാനത്തും പട്ടികവർഗക്കാരെ പാർട്ടിയോടടുപ്പിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കേളുവിന്റെ മന്ത്രിപദലബ്ദി. കുറിച്യ സമുദായത്തിൽ നിന്നും മന്ത്രിയാകുന്ന ആദ്യ സിപിഎമ്മുകാരൻ.
പാർട്ടി വയനാട് ജില്ല സമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്. സംസ്ഥാന സമിതിയിൽ എത്തിയതോടെ കേളു വയനാട്ടിലെ സിപിഎമ്മിന്റെ പ്രധാനിയായി മാറുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. അതിന് ശേഷം തോൽവി അറിഞ്ഞിട്ടില്ല. വയനാട്ടിലെ സിപിഎമ്മിന്റെ ചെങ്കോട്ടയായി തിരുനെല്ലിയെ മാറ്റുന്നതിൽ കേളു എന്ന നേതാവിന്റെ പങ്ക് വലുതാണ്.
തുടർന്ന് 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. സിപിഎം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷമാണ് സിപിഎം സംസ്ഥാന കമ്മറ്റിയിൽ എത്തിയത്. ദീർഘകാലം കോൺഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് വയനാട് ജില്ലയിലെ വടക്കേവയനാട്. പക്ഷേ ഇടയ്ക്ക് വലതുസ്വഭാവത്തിൽ നിന്ന് മാറി ഇടതുമുന്നണിക്കൊപ്പവും നിന്നിട്ടുണ്ട്. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷമനസ് എന്നും പ്രകടിപ്പിക്കാറുള്ള വയനാടൻ സ്വഭാവം തന്നെയാണ് നേരത്തെ വടക്കേ വയനാട് മണ്ഡലമായിരുന്ന മാനന്തവാടിക്കുമുണ്ടായിരുന്നത്. ഈ മണ്ഡലത്തെ രണ്ടു തവണ ഇടത്തേക്ക് അടുപ്പിച്ച നേതാവാണ് കേളു.
1970ൽ ഓലഞ്ചേരി പുത്തന്മിറ്റം രാമൻ-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളൻകൊല്ലിയിലാണ് ഒ.ആർ. കേളുവിന്റെ ജനനം. ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കാട്ടിക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലായിരുന്നു. പഠനകാലത്ത് അവധി ദിവസങ്ങളിൽ മാനന്തവാടി പഴശ്ശി പാർക്കിലെ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു. 1985 മുതൽ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളിൽ കൂലിപ്പണിക്കാരനായി. പയ്യമ്പള്ളി മൊടാംമറ്റം എസ്റ്റേറ്റിലും മരക്കൂപ്പിലും മാനന്തവാടി പഴശ്ശി പാർക്കിലും കൂലിതൊഴിലാളിയായി പണിയെടുത്തു. പിന്നീട് കുടകിലെ തോട്ടങ്ങളിലും കൂലിപ്പണി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തി. 1999 മുതൽ തൃശിലേരി പവർലൂമിൽ ദിവസവേതനക്കാരനുമായിരുന്നു. രാഷ്ട്രീയത്തിൽ നിറഞ്ഞപ്പോഴും കർഷകനെ കേളു മറന്നിട്ടില്ല. വാഴയും കപ്പയും നെല്ലും വിളയിക്കുന്ന പശുവിനെയും കോഴിയേയും വളർത്തുന്ന കർഷകനാണ്.
1998ൽ കാലഘട്ടത്തിൽ ജനകീയാസൂത്രണം വന്നപ്പോൾ അയൽക്കൂട്ടം കൺവീനറായി. ഈ പ്രവർത്തന പരിചയത്തിൽ 2000ൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗമായി. ഇതോടെ സിപിഎമ്മിന്റെ തിരുനെല്ലിയിലെ പ്രധാനിയായി മാറി. 2005ലാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്. 2010ൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും ആരംഭിച്ച പഠനവീട് എന്ന പദ്ധതി ശ്രദ്ധിക്കപ്പെട്ടു. 2015ൽ തിരുനെല്ലി ബ്ലോക്ക് ഡിവിഷനിൽ നിന്ന് വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. രണ്ടാം വട്ടവും ജയിച്ചു. ഇടതുമുന്നണിയെ 2021ല്ഡ ബത്തേരിയും കൽപ്പറ്റയും കൈവിട്ടപ്പോഴും മാനന്തവാടിയിൽ സിപിഎമ്മിന് ജയിക്കാനായാത് കേളുവിന്റെ ജനപ്രിയത കൊണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ 1307 വോട്ടിനാണ് ജയലക്ഷ്മിയെ തോല്പിച്ചതെങ്കിൽ രണ്ടാമത് ജലയക്ഷ്മിയുമായുള്ള മത്സരത്തിൽ ഒ.ആർ. കേളുവിന്റെ ഭൂരിപക്ഷം 9282 ആയി ഉയർന്നു.
എംഎൽഎ ആയിരിക്കെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി 'ഉജ്ജ്വലം' സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പാക്കി. തിരുനെല്ലി മേഖലയിൽ സമഗ്രശിക്ഷാ കേരള നടപ്പാക്കിയ സേവാസ് പദ്ധതിയും ഏറെ വിജയം കണ്ടു. ജില്ലയിലെ ഏക 'സേവാസ്' ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്തത് തിരുനെല്ലിയെയാണ്. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ കേളു നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.