കൽപ്പറ്റ: ഒ ആർ കേളുവിനെ മന്ത്രിയാക്കിയിട്ടും സിപിഎം വിവാദത്തിൽ. സച്ചിൻദേവിനെ മന്ത്രിയാക്കാനായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ തീരുമാനം. എന്നാൽ ലോക്‌സഭയിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയിൽ സീനിയോറിട്ട് പാലിക്കേണ്ടി വന്നു. അങ്ങനെ കേളവിനെ മന്ത്രിയായി സിപിഎം നിശ്ചയിച്ചു. ഇതിനിടെ വകുപ്പുകളിൽ മാറ്റം വന്നു. ഇതാണ് വിവാദത്തിന് കാരണം.

മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകളും നൽകിയിരുന്നു. എന്നാൽ വയനാട്ടിൽ നിന്ന് ആദ്യമായി ഒരു സിപിഎം നേതാവ് മന്ത്രിയാകുകയും അദ്ദേഹം ഗോത്രവിഭാഗത്തിൽനിന്ന് ആകുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന് നൽകിയ വകുപ്പ് പട്ടികജാതി-പട്ടികവർഗ ക്ഷേമം മാത്രമാകുന്നുവെന്നതാണ് വിവാദത്തിന് കാരണം. രാധാകൃഷ്ണന് നൽകിയിരുന്ന വകുപ്പുകൾ കേളുവിന് നൽകാതെ അത് എടുത്തുമാറ്റിയെന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശനം.

നിയുക്ത മന്ത്രി ഒആർ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. ദേവസ്വം വകുപ്പ് നൽകാതിരുന്നത് മോശപ്പെട്ട സന്ദേശം നൽകും. തെറ്റുതിരുത്തൽ പാതയിലാണ് ഇടതുപക്ഷ സർക്കാരെങ്കിൽ ഈ തീരുമാനം തിരുത്തപ്പെടണമെന്നും ഗീതാനന്ദൻ പറഞ്ഞു. ഇതിനൊപ്പം ബിജെപിയും വിമർശനവുമായി എത്തി. സിപിഎമ്മിന്റെ തമ്പ്രാൻ നയമാണ് കേളുവിന് വകുപ്പ് നഷ്ടമുണ്ടാക്കുന്നതെന്നാണ് ബിജെപി ആരോപണം. ഏതായാലും കേളുവിന് രണ്ടു വകുപ്പുകൾ കുറച്ചത് വലിയ തോതിൽ ചർച്ചയാകുന്നുവെന്നതാണ് വസ്തുത.

സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സർക്കാരിൽ ഒരാൾ ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിയാകുന്നതെന്ന് ഗീതാനന്ദൻ പറഞ്ഞു. വനിതകൾ ഇല്ലാത്ത പ്രത്യേകസാഹചര്യത്തിലാണ് യുഡിഎഫ് ജയലക്ഷ്മിയെ മന്ത്രിയാക്കിയത്. ഒആർ കേളു അത്ര ജൂനിയറായ ഒരാളല്ല. അദ്ദേഹം മന്ത്രിയാകുമ്പോൾ നിലവിൽ മുന്മന്ത്രി കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നൽകണമായിരുന്നു. ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് ശരിയായില്ലെന്ന് മാത്രമല്ല, അതിനകത്ത് ഒരു സവർണ പ്രീണനമുണ്ടോയെന്ന് സംശയിക്കാവുന്നതാണെന്നും ഗീതാനന്ദൻ പറഞ്ഞു.

പരിചയക്കുറവ് കാരണമാകാം തനിക്ക് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത ദേവസ്വം, പാർലമെന്ററി വകുപ്പുകൾ നൽകാതിരുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ ഒആർ കേളുവിന്റെ പ്രതികരണം. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് രാധാകൃഷ്ണന് പകരം ഒആർ കേളുവിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണൻ ജയിച്ചതോടെയാണ് മന്ത്രിസഭയിൽ ഒആർ കേളു പകരക്കാരനായി എത്തിയത്. എന്നാൽ സീനിയോറിട്ട് വാദം പാർട്ടിക്ക് പുറത്താരും അംഗീകരിക്കുന്നില്ല.

രണ്ടാം പിണറായി സർക്കാരിൽ സിപിഎം പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ആദ്യമായി എംഎൽഎയായ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നൽകി. ഈ സാഹചര്യത്തിൽ കേളുവിന് ഭരണപരിചയമുണ്ടായിട്ടും ഒരു വകുപ്പ് മാത്രം നൽകുന്നത് ശരിയല്ലെന്നാണ് ഉയരുന്ന വാദം. തൽകാലം വിവാദങ്ങളോട് സിപിഎം പ്രതികരിക്കില്ല. യുഡിഎഫ് കാലത്ത് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പി.കെ ജയലക്ഷ്മിയെ മന്ത്രിയാക്കിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഒരു മന്ത്രി പട്ടികവർഗ വിഭാഗത്തിൽ നിന്ന് വരുന്നത്. തിരുനെല്ലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു കേളു. അതുകൊണ്ട് തന്നെ കേളുവിന് ഭരണ നിർവ്വഹണ പരിചയവുമുണ്ട്.

പതിമൂന്നാം കേരളാ നിയമസഭയിലെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി. കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തിൽ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു ജയലക്ഷ്മി. ഇടതുപക്ഷം എപ്പോഴും വിമർശിക്കുന്ന യുഡിഎഫ് പോലും ഇത്രയും പുരോഗമനപരമായ നീക്കം നടത്തിയപ്പോൾ സ്വയം പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് വിമർശനങ്ങൾ.