- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടത്തോട്ടൊരു കണ്ണുമായി മുസ്ലിം ലീഗ്; ഇത്രയും കാലം കേരള ബാങ്ക് രൂപീകരണത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു; സിപിഎം നൽകിയ അപ്പക്കഷണത്തിൽ വീണെന്ന് കോൺഗ്രസിനും വിമർശനം; സഹകരണം ലീഗിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ?
കോഴിക്കോട്: കേരള ബാങ്ക് എന്ന ആശയം രൂപപ്പെട്ട സമയം തൊട്ട് അതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി മൂൻകൈയെടുത്ത് അതിനെതിരെ നിരവധി കേസുകളും കൊടുത്തു. പക്ഷേ ഇപ്പോഴിതാ അതേ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി, പി. അബ്ദുൾഹമീദ് എംഎൽഎ കേരളാ ബാങ്കിൽ ഡയറക്ടർ സ്ഥാനം സ്വീകരിച്ചിരിക്കയാണ്. ഇതിനെതിരെ ലീഗ് അണികൾക്ക് കടുത്ത എതിർപ്പാണുള്ളത്. കോൺഗ്രസും വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.
സിപിഎം എറിഞ്ഞ ചൂണ്ടയിൽ കൊത്തിയ ലീഗ് നടപടിക്ക് രാഷ്ട്രീയപ്രാധാന്യമേറെയാണ്. എല്ലാ ജില്ലാ ബാങ്കുകളെയും കേരള ബാങ്കിൽ ലയിപ്പിക്കുക എന്ന ആശയമുയർന്ന കാലംമുതലേ യുഡിഎഫ് അതിനെ ശക്തമായി എതിർത്തിരുന്നു. ബാങ്ക് ഭരണസമിതികളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ലയനത്തിനു വേണ്ടിയിരുന്നത്. അത് ഒരുകാരണവശാലും കിട്ടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. എന്നാൽ മൂന്നിൽ രണ്ട് എന്നതിനെ 'കേവല ഭൂരിപക്ഷം' എന്നാക്കി ഓർഡിനൻസ് കൊണ്ടുവന്ന് സർക്കാർ 13 ജില്ലാ ബാങ്കുകളുടെയും അംഗീകാരം നേടുകയായിരുന്നു.
മലപ്പുറം മാത്രം മാറിനിന്നതോടെ കേരള ബാങ്കിനെതിരേയുള്ള പോരാട്ടം സ്വാഭാവികമായും മുസ്ലിം ലീഗിന്റെ ബാധ്യതയായി. പല ഘട്ടങ്ങളിലായി പ്രാഥമിക സഹകരണബാങ്കുകളും സഹകാരികളും കേസിനുപോയി. 16 കേസുകളാണുണ്ടായിരുന്നത്. അവസാനം മലപ്പുറം ജില്ലാ ബാങ്കിന്റേതു മാത്രമായി. നിർബന്ധിത ലയനത്തിന് രജിസ്ട്രാർക്ക് അധികാരം നൽകിയാണ് മലപ്പുറത്തിന്റെ പ്രതിരോധം സർക്കാർ തകർത്തത്. ഇതിനെതിരേയും പിന്നീട് ലയനം നടപ്പാക്കിയപ്പോഴുമെല്ലാം മലപ്പുറം ജില്ലാ ബാങ്ക് കോടതിയെ സമീപിച്ചു. ആ കേസ് നടന്നുവരുമ്പോഴാണ് അതേ ബാങ്കിന്റെ ഡയറക്ടർ സ്ഥാനം ലീഗ് ഏറ്റെടുത്തത്. ഇതിനെതിരേ ഒളിഞ്ഞും തെളിഞ്ഞും ലീഗ് അണികൾ രംഗത്തെത്തിക്കഴിഞ്ഞു.
സിപിഎം. നൽകിയ അപ്പക്കഷണത്തിൽ പാർട്ടി വീണു എന്നാണ് അണികളിൽ ഒരുവിഭാഗത്തിന്റെ നിലപാട്. കോൺഗ്രസ് ഈ വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന് മലപ്പുറം യുഡിഎഫ്. ചെയർമാൻ പി ടി അജയ്മോഹൻ പ്രതികരിച്ചു. ലീഗിന്റെ നിലപാടിനോടുള്ള പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചു. കേരള ബാങ്കിന് എതിരേയുള്ള കേസ് യുഡിഎഫ് തുടരുമെന്നും അജയ്മോഹൻ പറഞ്ഞു.
ഇത് ഭാവിയിൽ ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു ചൂണ്ടയായും വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കും എം വി രാഘവൻ അനുസ്മരണച്ചടങ്ങിലേക്കുമുള്ള സിപിഎമ്മിന്റെ ക്ഷണത്തെ കോൺഗ്രസിനുള്ളിൽനിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്നാണ് ലീഗ് നിരാകരിച്ചത്. കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പാണക്കാട് സാദിഖലി തങ്ങളുമായി അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ചർച്ചയിലും സിപിഎമ്മിനോടുള്ള ലീഗിന്റെ മൃദുസമീപനം വിഷയമായിരുന്നു.
എന്നാൽ 'സഹകരണത്തിൽ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിൽ സഹകരണമില്ലെന്നുമാണ്' പി അബ്ദുൽ ഹമീദ് എംഎൽഎ പ്രതികരിച്ചത്. കേന്ദ്ര സർക്കാർ സഹകരണ മേഖല ഉൾപ്പടെ എല്ലാ മേഖലയിലും പിടി മറുക്കുമ്പോൾ, സഹകരണ മേഖലയുടെ രക്ഷക്കായാണ് കേരള ബാങ്കുമായി സഹകരിച്ചത് എന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നുമാണ് അബ്ദുൽ ഹമീദ് പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ