തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽവച്ചു ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കൾക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം വെല്ലുവിളിയാകുന്നത് കേരളാ കോൺഗ്രസിന്. പാലായിലെ മുഖ്യമന്ത്രിയുടെ തോമസ് ചാഴിക്കാടൻ വിമർശനത്തെ പോലെ തന്നെ ഇക്കാര്യത്തിൽ നിലപാട് എടുക്കാൻ കേരളാ കോൺഗ്രസ് പാടുപെടും. അതിനിടെ ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് എമ്മിനെ സമ്മർദ്ദത്തിലാക്കാനാണ് കോൺഗ്രസ് ശ്രമം. ഇതു മനസ്സിലാക്കി വിഷയം ലഘൂകരിക്കാൻ സിപിഎമ്മും നീക്കം തുടങ്ങിയിട്ടുണ്ട്.

അതിനിടെ കേരളാ കോൺഗ്രസിന്റെ പ്രതിഷേധം സിപിഎം ഉൾക്കൊള്ളുന്നുണ്ട്. സഭയെ പിണക്കുന്നത് കോട്ടയത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇടുക്കിയിലും തിരിച്ചടിയാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. സഭാ നേതൃത്വത്തെ സജി ചെറിയാൻ പരിഹസിച്ചത് ശരിയായില്ലെന്നും സിപിഎമ്മിലെ ഭൂരിപക്ഷ നേതാക്കൾക്കും ഉണ്ട്. മന്ത്രിസ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞത്. രാഷ്ട്രീയം ശരിയാണ്. എന്നാൽ വാക്കുകൾ ശരിയായില്ലെന്നാണ് സിപിഎം നിലപാട്. കേരളാ കോൺഗ്രസ് അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം ഈ വിഷയം പരിശോധിക്കുന്നത്. ദീപികയിലെ മുഖപ്രസംഗത്തിലൂടെ കത്തോലിക്കാ സഭയും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.

സജി ചെറിയാന്റേത് സർക്കാർ നിലപാടല്ലെന്ന് കേരളാ കോൺഗ്രസ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നു. പ്രധാനമന്ത്രിയുടെ വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിൽ അഭിപ്രായം പറയുന്നില്ലെന്നും റോഷി പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവനും പറഞ്ഞു. "പങ്കെടുത്തതിനെ കുറിച്ച് അല്ല അദ്ദേഹം പറഞ്ഞത്. മണിപ്പുരിൽ എത്രയോ പള്ളികൾ കത്തിച്ചു, ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. ഒരിക്കൽ പോലും മണിപ്പുർ സന്ദർശിക്കാനോ ആ വിഷയത്തിൽ ഇടപെടാനോ തയാറാകാതിരുന്ന പ്രധാനമന്ത്രി ഇപ്പോൾ അവിടുത്തെ ആളുകളെ വിളിച്ച് വിരുന്നൊരുക്കിയ ശൈലി കാപട്യമാണെന്ന് പറഞ്ഞു. അതാണ് നിലപാട്. ആ കാപട്യമെ പറഞ്ഞുള്ളൂ, അല്ലാതെ അതിൽ വേറൊരു കാര്യവും പറഞ്ഞില്ല. അത് ആധികാരികമായി മുഖ്യമന്ത്രി പരസ്യമായി തന്നെ പ്രസംഗിച്ച കാര്യമാണെന്ന് വാസവൻ വിശദീകരിച്ചു.

പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. "ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്കു രോമാഞ്ചമുണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല"എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഇതിൽ മുന്തിരി വാറ്റിയതും കേക്കും പിന്നെ രോമാഞ്ചവുമാണ് വിമർശനം കടുപ്പിച്ചത്. ചിലർക്ക് ചിലരെ അധിക്ഷേപിക്കാൻ ചില പ്രത്യേക നിഘണ്ടു ഉണ്ടെന്നും ക്രൈസ്തവ സഭ പറഞ്ഞിരുന്നു. അതിനിടെ സജി ചെറിയാന്റെ പ്രസ്താവന പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഈ വിഷയം സിപിഎം സെക്രട്ടറിയേറ്റ് ചർച്ച നടത്തും.

ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമശം തള്ളി ഗോവിന്ദൻ രംഗത്ത് വന്നതും കരുതലാണ്. സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണതെന്ന് എംവി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. വിഷയത്തിൽ കേരള കോൺഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ല. ഇടതുമുന്നണി അഭിപ്രായം പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്ന് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് മന്ത്രി ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിക്കുന്നതെന്ന് കത്തോലിക്കാ കോൺഗ്രസും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് സിപിഎം മന്ത്രിയെ തള്ളുന്നത്.

ബിഷപ്പുമാർക്കെതിരായി മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രം രംഗത്തു വന്നിട്ടുണ്ട്. സഭാമേലധ്യക്ഷന്മാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുന്നു. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയാൻ മന്ത്രിമാർ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. ക്രൈസ്തവർ എന്തുരാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുന്നത് ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതൽ വ്യക്തമാക്കുന്നു- ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

എല്ലാ ക്രൈസ്ത സഭകളും സജി ചെറിയാന് എതിരാണ്. ഈ സാഹചര്യത്തിൽ സജി ചെറിയാൻ വിഷയത്തിൽ വിശദീകരണം നടത്തുമെന്നും സൂചനയുണ്ട്. സഭാ നേതൃത്വങ്ങൾക്ക് വേദനയുണ്ടായെങ്കിൽ മാപ്പു പറയാനും സാധ്യത ഏറെയാണ്. ഏതായാലും രാഷ്ട്രീയ വിഷയങ്ങളിൽ തിരിച്ചു പോക്ക് നടത്തില്ല. എന്നാൽ പ്രയോഗിച്ച പദപ്രയോഗങ്ങളിലാകും സജി ചെറിയാൻ ഖേദ പ്രകടനം നടത്തുക. ഇതെല്ലാം സിപിഎം ചർച്ചകളിലൂടെ തീരുമാനിക്കും.