കണ്ണൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി. എമ്മിന് വമ്പൻ തോൽവിയേറ്റത് കേരളത്തിലെ ആദ്യവനിതാമുഖ്യമന്ത്രിയാകുമെന്നു വിശേഷിപ്പിച്ചിരുന്ന കെ.കെ ശൈലജയുടെ രാഷ്ട്രീയ ഭാവി ത്രിശങ്കുവിലാക്കുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി. എമ്മിന്റെ താരമായി മാറുമെന്ന് കരുതിയ ശൈലജയുടെ വമ്പൻ തോൽവി അവരുടെ രാഷ്ട്രീയ ഇമേജിന്റെ ഗ്രാഫ് തന്നെ കുത്തനെ താഴ്‌ത്തിയിരിക്കുകയാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും കെ.കെ ശൈലജയെ മാറ്റിനിർത്താനുള്ള മുഖ്യമന്ത്രിയുടെയും പാർട്ടിസംസ്ഥാന നേതൃത്വത്തിന്റെയും കുശാഗ്രബുദ്ധിക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. എന്നാൽ പി.ജയരാജനു ശേഷം തനിക്ക് രാഷ്ട്രീയ ഭീഷണിയായിരുന്ന കെ.കെ ശൈലജയെ രാഷ്ട്രീയ പരമായി ഒതുക്കുകയെന്ന ലക്ഷ്യം വടകരയിലെ തോൽവി ഫലം കാണുകയും ചെയ്തു. ഇനി കേരളത്തിന്റെ ടീച്ചറമ്മയെന്ന കെട്ടിപ്പൊക്കിയ ഇമേജുമായി തലപൊക്കാൻ ശൈലജയ്ക്ക് കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും.

വടകരയിൽ മത്സരിക്കാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല കെ.കെ ശൈലജയ്ക്ക്. തനിക്ക് പകരം പി.കെ ശ്രീമതിടീച്ചർ മത്സരിക്കട്ടെയെന്നു കണ്ണൂരിൽ മത്സരിക്കാൻ തന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ പാർട്ടി സംസ്ഥാന നേതൃത്വത്തെ അവർ അറിയിച്ചിരുന്നു. എന്നാൽ പി.ജയരാജന് വാരിക്കുഴിയൊരുക്കിയതു പോലെ വടകരയിൽ ചാവേറാകാൻ കെ.കെ ശൈലജയെ പാർട്ടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. കെ.മുരളീധരനാണ് യു.ഡി. എഫ് സ്ഥാനാർത്ഥിയെങ്കിൽ വടകരയിൽ വിജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി. എം നേതൃത്വം.

ആർ. എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വടകര പാർലമെന്റ് മണ്ഡലം നഷ്ടപ്പെട്ട സി.പി. എമ്മിന് ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണിൽ എന്തുവിലകൊടുത്തും തിരിച്ചുവരാനായിരുന്നു സി.പി. എംലക്ഷ്യമിട്ടത്. എന്നാൽ ഇക്കുറി തങ്ങളുടെ അഭിമാനതാരമായകെ.കെ ശൈലജയെന്ന ടീച്ചറമ്മയെ മുൻനിർത്തി സി.പി. എം നടത്തിയ അങ്കവും ദയനീയപരാജയത്തിൽ കലാശിച്ചു.

രാഷ്ട്രീയകേരളം കണ്ട തീപാറും പോരാട്ടവും പരിധിവിട്ട സോഷ്യൽ മീഡിയ യുദ്ധവും കടത്തനാടൻ മണ്ണിൽ നടന്നുവെങ്കിലും ഇതിൽ സി.പി. എമ്മിന് നേട്ടം കൊയ്യാനായില്ല.1,15സ157-വോട്ടുകളാണ് യു.ഡി. എഫ് സ്ഥാനാർത്ഥ.ി ഷാഫി പറമ്പിൽ നേടിയത്. സി.പി. എമ്മിന്റെ പാർട്ടി ഗ്രാമങ്ങൾ ഏറെയും സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിൽ നിന്നും വോട്ടുചോർന്നതാണ് പാർട്ടിയെ ആശങ്കയിലാക്കുന്നത്. കെ. കെ ശൈലജയ്ക്കു മികച്ച ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നാദാപുരത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വോട്ടുകൾ ചോർന്നതും തിരിച്ചടിയായി.

വൈകിയെങ്കിലും പാലക്കാട് നിന്നുമെത്തിയ ഷാഫി ദിവസങ്ങൾക്കുള്ളിൽ കെ.കെ ശൈലജയുടെ വ്യക്തി പ്രഭാവത്തിന് മങ്ങൽ ഏൽപ്പിക്കുകയായിരുന്നു. മൊത്തം പോൾ ചെയ്തതിന്റെ 5,52490 വോട്ടുകളാണ് ഷാഫി നേടിയത്. കെ.കെ ശൈലജ ടീച്ചർ 4,37,333 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പ്രൊഫുൽ കൃഷ്ണ 1,10,701 വോട്ടുകളും നേടി. കഴിഞ്ഞ തവണ വി.കെ സജീവൻ നേടിയതിനൊക്കാൾ ഇരട്ടി വോട്ടുകൾ എൻ. ഡി. എ സ്ഥാനാർത്ഥി നേടിയത് അവർ പോലും പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ തവണ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. മുരളീധരൻ വടകരയിൽ നിന്നും 5,26,755 വോട്ടുകൾ നേടിയിരുന്നു.

84,663 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മുരളീധരന്റെത്. എന്നാൽ അതിനെ കവച്ചുവെച്ചുകൊണ്ടാണ് ഇക്കുറി ഷാഫി പറമ്പിലിന്റെ തേരോട്ടം. ആർ. എം. പിയുടെയും മുസ്ലിംലീഗിന്റെയും കൈമെയ് മറന്നുള്ള സഹായമാണ് മികച്ച ഭൂരിപക്ഷത്തിലേക്ക് ഷാഫിയെ നയിച്ചത്. സ്ഥാനാർത്ഥിയായ മുതൽ ടീച്ചറമ്മയെന്ന കെ.കെ ശൈലജയുടെ ഇമേജ് പൊളിച്ചടുക്കാൻ ഷാഫിക്ക് കഴിഞ്ഞു.വടകരയുടെ യഥാർത്ഥ ടീച്ചറമ്മ ടി.പിയുടെ അമ്മ രോഹിണിടീച്ചറാണെന്നു ഷാഫി പരസ്യമായി പ്രഖ്യാപിച്ചതോടെ എൽ.ഡി. എഫ് പ്രതിരോധത്തിലായി.

ശൈലജ ടീച്ചർക്കെതിരെയുള്ള സോഷ്യൽ മീഡിയയിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ സി.പി. എം പ്രചരണായുധമാക്കിയെങ്കിലും വടകരയിലെ സ്ത്രീവോട്ടർമാരുടെ അനുഭാവം നേടിയെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അറുപതിനായിരത്തിന്റെ റെക്കാർഡ് ഭൂരിപക്ഷത്തിന് മട്ടന്നൂരിൽ നിന്നും ജയിച്ച കെ.കെ ശൈലജ എംഎൽഎയായി തുടരട്ടെയെന്നു ജനങ്ങൾ തീരുമാനിച്ചപ്പോൾ വടകര യു.ഡി. എഫിനൊപ്പം ഇക്കുറിയും നിൽക്കുകയായിരുന്നു.വടകരയിലെ തോൽവി സി.പി. എമ്മിനേറ്റത് ആഴത്തിലുള്ള മുറിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെ.കെ ശൈലജ തോൽക്കുന്നത് വഴി പാർട്ടിയുടെ ജനകീയ മുഖമാണ് മങ്ങിയത്.