- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയെ 'പറപ്പിച്ച' കുഴൽനാടൻ; ഗ്രൂപ്പ് മേൽവിലാസത്തിൽ കയറിക്കൂടാൻ ഷാഫിയും സിദ്ദിഖും ഡീനും; ഹൈബിക്കും പ്രതീക്ഷ; രാഷ്ട്രീയ കാര്യ സമിതിയിൽ സ്ഥാനം ഉറപ്പിച്ച് തരൂർ; കെപിസിസിയിൽ വീണ്ടും ചർച്ചകൾ; കെസിയുടെ മനസ്സ് നിർണ്ണായകം
തിരുവനന്തപുരം: കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുമ്പോൾ തിരുവനന്തപുരം എംപി ശശി തരൂരിന് സ്ഥാനം ഉറപ്പ്. പ്രവർത്തക സമിതി അംഗമായ തരൂരിനൊപ്പം യുവ നേതാക്കളും സമിതിയിൽ എത്തും. പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന മാത്യു കുഴൽനാടൻ അടക്കമുള്ളവർ രാഷ്ട്രീയ കാര്യ സമിതിയിൽ എത്തും. കോൺഗ്രസ് ഹൈക്കമാണ്ട് തിരുമാനം നിർണ്ണായകമാകും. എംഎൽഎ ഷാഫി പറമ്പിലും എംപി ഡീൻ കുര്യാക്കോസും ടി.സിദ്ദിഖുമെല്ലാം പ്രതീക്ഷയിലാണ്. ഹൈബി ഈഡനേയും പരിഗണിച്ചേക്കും.
നിലവിൽ അഞ്ചുപേരുടെ ഒഴിവുകളാണ് ഉള്ളതെങ്കിലും കൂടുതൽ പേരെ ഉൾക്കൊള്ളിക്കും. ഉമ്മൻ ചാണ്ടി, എംഐ ഷാനവാസ്, കെ.വി. തോമസ്, പി.സി. ചാക്കോ, വി എം സുധീരൻ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകളാണ് വന്നിരിക്കുന്നത്. ഇതിനൊപ്പം ചിലരെ ഒഴിവാക്കാനും സാധ്യതയുണ്ട്. യുവതികളേയും കൂടുതലായി സമിതിയിൽ എത്തിക്കും. ഗ്രൂപ്പ് വീതം വയ്ക്കലിന് നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ അതിന് അപ്പുറം പൊതുജന അംഗീകാരം മികവാക്കണമെന്ന ആവശ്യം ശക്തമാണ്.
യുവനേതാക്കളായ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം വിടുന്നയാളാണ്. എ ഗ്രൂപ്പിലെ പ്രധാനിയാണ്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടാണ് ഡീൻ കുര്യാക്കോസ് നിൽക്കുന്നത്. വർക്കിങ് പ്രസിഡന്റായ ടി സിദ്ദിഖും പ്രതീക്ഷയിലാണ്. ബിന്ദു കൃ്ഷ്ണയുടെ പേരും പരിഗണിക്കുന്നു. നിലവിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഷാനിമോൾ ഉസ്മാൻ മാത്രമാണ് ഏക വനിത. കെസി വേണുഗോപാൽ ഗ്രൂപ്പിൽ നിന്ന് എപി അനിൽകുമാറിനും സമിതിയിൽ എത്തിയേക്കും.
പതിവായി വിട്ടുനിൽക്കുന്ന മുല്ലപ്പള്ളിയെയും ഒഴിവാക്കിയേക്കും. തരൂരിന്റെ പിന്തുണയിൽ എംകെ രാഘവനും എത്തിയേക്കും. ജോസഫ് വാഴയ്ക്കനും ശൂരനാട് രാജശേഖരനും ഐ ഗ്രൂപ്പ് പിന്തുണ നൽകുന്നുണ്ട്. വി എം സുധീരനെയും മുല്ലപ്പള്ളിയെയും നിലനിർത്തണോയെന്നതിൽ ഹൈക്കമാണ്ട് തീരുമാനം എടുക്കും. മുതിർന്ന നേതാക്കളായ എകെ ആന്റണിയും പിജെ കുര്യനും സമിതിയിൽ തുടരും.
പിണറായിയെ പറപ്പിച്ച കുഴൽനാടനെ സമിതിയിൽ എത്തിക്കണമെന്ന വികാരം ശക്തമാണ്. ഗ്രൂപ്പ് നേതാക്കളുടെ നിലപാട് നിർണ്ണായകമാകും. കോഴിക്കോട്ടെ എംപിയായ രാഘവന് വേണ്ടി തരൂർ വാദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ എങ്കിൽ രാഘവനും സമിതിയിൽ എത്തും. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ എ ഗ്രൂപ്പിന് നേതാവില്ലാ അവസ്ഥയുണ്ട്. ഇതും രാഷ്ട്രീയ സമിതി പുനഃസംഘടനയെ സ്വാധീനിക്കും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ അഭിപ്രായങ്ങൾ നിർണ്ണായകമാകുകയും ചെയ്യും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഭാഗമായ കെസിയുടെ താൽപ്പര്യങ്ങളാകും രാഷ്ട്രീയ കാര്യ സമിതിയിലും നിർണ്ണായകമാകുക.
കെപിസിസി ഭാരവാഹി പട്ടിക പുതുക്കണമെന്ന് കെ സുധാകരന് ആഗ്രഹമുണ്ട്. കൂട്ടായ ചർച്ച വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പുതുപ്പള്ളിയിലെ വൻ വിജയമുണ്ടായെങ്കിലും ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കമടക്കം പാർട്ടിയിൽ നീറുന്നുണ്ട്. അടുത്തയാഴ്ച രാഷ്ട്രീയകാര്യസമിതി ചേരാനാണ് നീക്കം. പ്രവർത്തക സമിതി അംഗങ്ങളുമായി അടക്കം ചർച്ച ചെയ്താകും രാഷ്ട്രീയ കാര്യ സമിതിയിൽ സുധാകരൻ തീരുമാനം എടുക്കുക. ഹൈക്കമാണ്ടിന്റെ അംഗീകാരവും വാങ്ങും. അതുകൊണ്ട് തന്നെ കെസിയെ പിണക്കുന്ന തീരുമാനങ്ങൾ സുധാകരൻ എടുക്കില്ല.
ജില്ലകളിലെ പുനഃസംഘടനാ സമിതികൾ ഉഴപ്പിയതോടെ മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ 'അവസാനത്തെ' അന്ത്യശാസനവും നടപ്പാക്കാനാകാതെ കെപിസിസി പ്രതിസന്ധിയിലായി. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക അയയ്ക്കണമെന്നാണു കഴിഞ്ഞ കെപിസിസി ഭാരവാഹിയോഗത്തിൽ പ്രസിഡന്റ് കെ.സുധാകരൻ കർശന നിർദ്ദേശം നൽകിയതെങ്കിലും പല ജില്ലകളിലും അത് പാലിച്ചില്ല. ഇതിനിടെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലെ ഭിന്നതയും ചർച്ചയായി.
ജില്ലാ സമിതികൾക്കു വേണ്ടി ഇനിയും കാത്തിരിക്കാതെ മണ്ഡല പട്ടിക പ്രഖ്യാപിക്കണമെന്ന്, കെ.സുധാകരനോട് ഒപ്പം നിൽക്കുന്നവർ ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം തയാറല്ല. സമാവയത്തിന് വേണ്ടിയാണ് അത്. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്നതും സംഘടനയെ കൂടുതൽ ചലനാത്മകമാക്കാനാണ്.




