- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേൽക്കാനുള്ള സാഹചര്യമൊരുക്കിയത് പ്രവർത്തക സമിതി അംഗം എകെ ആന്റണി. തന്നെ അപമാനിച്ച് ഇറക്കി വിട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന സന്ദേശം സുധാകരൻ നൽകിയത് ആന്റണിക്കാണ്. കണ്ണൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എംപി സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടും എടുത്തു. ഇതിനൊപ്പം കടുത്ത അനീതിയാണ് തന്നോട് കാട്ടുന്നതെന്നും സുധാകരൻ വിശദീകരിച്ചു. ഇതോടെയാണ് വിഷയത്തിൽ ആന്റണി ഇടപെട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോട് ഈ വിഷയം ഉന്നയിച്ചു. ഇതോടെ സൂധാകരന് അനുകൂലമായ തീരുമാനം വന്നു.
സ്ഥാനത്തേക്ക് മടങ്ങിയെത്തി ചുമതലയേൽക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതിനെത്തുടർന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് കെ. സുധാകരൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി വീണ്ടും ചുമതലയേറ്റത്. സ്ഥാനമേൽക്കുന്നതിനു മുന്പ് കെ. സുധാകരൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വീട്ടിൽ ചെന്നു കണ്ടു. അതേസമയം, ചടങ്ങിൽ നിന്ന് ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ വിട്ടുനിന്നു. കടുത്ത അപൃപ്തിയിലാണ് ഹസൻ. നിലവിൽ യുഡിഎഫ് കൺവീനറാണ് ഹസൻ. ഹസന്റെ അടുത്ത നീക്കം നിർണ്ണായകമാണ്.
ഹൈക്കമാൻഡിനോട് എ.കെ. ആന്റണി സംസാരിച്ച് സുധാകരന് ചുമതല തിരികെ ഏൽക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച സുധാകരനെ അപമാനിക്കുന്ന നിലപാടിലേക്ക് പോകരുതെന്ന് എ.കെ. ആന്റണിയും ഹൈക്കമാൻഡിന് മുന്നിൽ നിലപാട് എടുത്തതോടെയാണ് സുധാകരന്റെ തിരിച്ച് വരവിന് കളമൊരുങ്ങിയതെന്നാണ് പാർട്ടിയിലെ ഉന്നത നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. ആന്റണി ഇടപെട്ടതോടെ കെസി വേണുഗോപാലിനും ഒന്നും ചെയ്യാൻ കഴിയാതെയായി.
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെത്തുടർന്ന് പ്രസിഡന്റിന്റെ ചുമതല എം.എം. ഹസന് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കഴിഞ്ഞയാഴ്ച അദ്ദേഹം ചുമതല തിരികെ ഏറ്റെടുക്കാനെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രം ചുമതല ഏറ്റാൽ മതിയെന്ന് ഹൈക്കമാൻഡ് നിർദേശിച്ചത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്.
ഹൈക്കമാൻഡ് നിർദേശത്തിൽ സുധാകരൻ അതൃപ്തനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വന്ന് ചുമതലയേൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളിലേക്കും താൻ നീങ്ങുമെന്നും സുധാകരനും ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ആന്റണി വിഷയത്തിൽ ഇടപെട്ടത്. ഖാർഗെയും ആന്റണിയുടെ നിലപാടിനൊപ്പം നിന്നു. തിരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ പുനഃസംഘടന നടന്നേക്കും.
അങ്ങനെ പുനഃസംഘടനയിലൂടെ മാറ്റുന്നതിനെ സുധാകരനും എതിർക്കുന്നില്ല. എന്നാൽ അപമാനിക്കും വിധമുള്ള നടപടി അംഗീകരിക്കില്ലെന്നതായിരുന്നു സുധാകരന്റെ പക്ഷം.