തിരുവനന്തപുരം: പത്തനാപുരം എംഎൽഎ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലാണ്. പ്രതിപക്ഷത്തെ നേതാക്കളേക്കാൾ ഭംഗിയായി കുറിക്കു കൊള്ളുന്ന വാക്കുകളുമായാണ് ഗണേശ് മന്ത്രിമാർക്കതെിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി പിണറാിയ വിജയന്റെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ഗണേശ് വിമർശിച്ചു. ഇതോടെ ഗണേശിന്റെ നീക്കങ്ങളെ കുറിച്ച് മുന്നണിക്കുള്ളിൽ തന്നെ ചർച്ചയാകുകയാണ്. മുൻധാരണ അനുസരിച്ചാണെങ്കിൽ നവംബർ മാസത്തിൽ ഗണേശിന് മന്ത്രിസ്ഥാനം നൽകണം. എന്നാൽ, മുന്നണിയിലെ നേതാക്കളെ തന്നെ വിമർശിക്കുന്ന ഗണേശിന് മന്ത്രിസ്ഥാനം കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗണേശിന്റെ വാക്കുകളിൽ ഇടതു മുന്നണി നേതാക്കൾക്ക് തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ.

ഗണേശിന്റേത്, യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണെന്ന വിധത്തിലാണ് വിമർശനങ്ങൾ ഉയരുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി നേതാക്കൾ മുന്നണിക്കുള്ളിൽ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. തത്ക്കാലം മുന്നണി നേതാക്കൾ മറുപടി പറയുന്നില്ലെങ്കിലും ഗണേശ് കുമാറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്. യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിന് ഗണേശിന് തടസ്സം ഉമ്മൻ ചാണ്ടിയായിരുന്നു. ഇപ്പോഴുള്ള യുഡിഎഫ് നേതാക്കൾക്ക് ഗണേശിനോട് വലിയ എതിർപ്പില്ല. ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം കിട്ടാത്ത പക്ഷം ഗണേശ് മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

പിണറായി മന്ത്രിസഭ രണ്ടരവർഷക്കാലാവധി കഴിയുമ്പോൾ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജുവിന് പകരം കെ.ബി.ഗണേശ് മന്ത്രിയായി വരുമെന്ന സൂചനകൾ നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ചില പരസ്യ വിമർശനങ്ങൾ മുന്നണിക്കാകെ തലവേദനയാകുന്നത്.അതിനിടെ യു.ഡി.എഫിലെ ചില നേതാക്കളുമായി ഗണേശ് കുമാർ ചർച്ച നടത്തിയെന്നും യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്നുമൊക്കെ ചില വാർത്തകൾ പ്രചരിച്ചിരുന്നു.മന്ത്രി ആന്റണി രാജു കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിനു നേരെയായിരുന്നു ഗണേശിന്റെ ആദ്യ വിമർശനം.

മന്ത്രിയായാൽ ഒരു കാരണവശാലും ഗതാഗത വകുപ്പ് ഏറ്റെടുക്കില്ലെന്നായിരുന്നു പരസ്യമായി പറഞ്ഞത്. ഗതാഗത വകുപ്പിൽ നടക്കുന്നത് കെടുകാര്യസ്ഥതയാണെന്ന വിമർശനം മന്ത്രിസഭയയെത്തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം. പിന്നീട് ഒരു പരിപാടിയിൽ വ്യവസായം ഉൾപ്പെടെയുള്ള വകുപ്പുകൾക്കെതിരെ വിമർശനമുണ്ടായി. എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗണേശ് കുമാർ സമീപ കാലത്തുണ്ടായ മിത്ത് വിവാദത്തിൽ സമുദായ നേതൃത്വത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

സ്പീക്കർക്കെതിരെ കടുത്ത നിലപാടിലേക്ക് പോകാതെ എൻ.എസ്.എസ് നേതൃത്വത്തെ തണുപ്പിച്ചത് ഗണേശ് കുമാറാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ലത്തീൻ സഭയുടെ പിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഇടതു മുന്നണിക്ക് ആവശ്യമുണ്ട്. അതുകൊണ്ട് ആന്റണി രാജുവിനെ മാറ്റണോ എന്ന ചോദ്യവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്. ആന്റണി രാജുവിനു പകരം ഗണേശ്‌കുമാറും അഹമ്മദ് ദേവർകോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് സൂചനകൾ.

എന്നാൽ പുതുപ്പളി തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന വേളയിലും ഗണേശ് വിമർശനം തുടരുന്നത് അദ്ദേഹത്തിനെതിരെ പൊതുവെ രോഷം വർദ്ധിപ്പിച്ചിട്ടുണ്ട്. റിയാസിനെ പ്രതിപക്ഷം പലകോണുകളിൽ നിന്നും ആക്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ാെപാതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെയും കഴിഞ്ഞ ദിവസം ഗണേശ് പരിഹാസ പൂർണമായ വിമർശനം നടത്തിയിരുന്നു.

റിയാസ് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നാണ് ഗണേശ് വിമർശിച്ചത്. തന്നെപ്പോലെ സീനിയറായ എം എൽ എയോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ഗണേശ് കുമാർ പറഞ്ഞു. പത്തനാപുരം നിയോജകമണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയായിരുന്നു വിമർശനം.

'ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന്റെ ചിത്രമാണ് സംഘാടകർ വച്ചിരിക്കുന്നത്. പക്ഷേ വയ്‌ക്കേണ്ടിയിരുന്നത് മുൻ മന്ത്രി ജി സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞെങ്കിലും പിന്നീട് സ്‌നേഹത്തോടെ സംസാരിക്കുകയും ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ അറിയിക്കണം. ജി സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു. പക്ഷേ ഇപ്പോഴിത്തിരി പരാതിയുണ്ട്. നമുക്ക് വേണ്ടതൊന്നും തരുന്നില്ല.

ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നെപ്പോലെ സീനിയറായ എം എൽ എയോട് ഈ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. ഉമ്മൻ ചാണ്ടിക്കുശേഷം ഇപ്പോൾ നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്. ഞാനും വി ഡി സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സിനിമാ നടനാണ് എന്നതൊക്കെ അവിടെ നിൽക്കട്ടെ. സഭയിൽ സീനിയോറിറ്റിയുണ്ട്, അത് പരിഗണിക്കണം. 20 വർഷം മുൻപ് മന്ത്രിയായ ആളാണ് ഞാൻ. അതിന്റെ മര്യാദ കാണിക്കണം'- ഗണേശ് കുമാർ പറഞ്ഞു.

രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ സഹോദരി ഉഷയും ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മോഹൻദാസും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതിപ്പെട്ടിരുന്നു.അന്ന് മന്ത്രിയാകാൻ തടസ്സമായതിന്റെ ഒരു കാരണം അതായിരുന്നു.