- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
48 ശതമാനം വരുന്ന സ്ത്രീ വോട്ടർമാരെ കണ്ട് പദ്ധതികളൊരുക്കി; ആണുങ്ങളുടെ കണ്ടുമടുത്ത പഴയ മുഖം പെണ്ണുങ്ങൾക്ക് പ്രിയപ്പെട്ട മാമനായി! മധ്യപ്രദേശിലെ ബിജെപി തരംഗത്തിന് പിന്നിൽ ചൗഹാന്റെ 'നാരി ശക്തി'; അഞ്ചാമതും ബിജെപിക്ക് ഭരണമെത്തിച്ച് ശിവരാജ് സിംഗിന്റെ അഞ്ചാം തേരോട്ടം; കമൽനാഥിനെ തളർത്തി 'താമര' വീണ്ടും
ഭോപ്പാർ: മധ്യപ്രദേശിൽ വീണ്ടും ബിജെപി തരംഗം. ആരും പ്രതീക്ഷിക്കാത്ത വിജയമാണ് മധ്യപ്രദേശിൽ ബിജെപി നേടുന്നത്. മുഖ്യമന്ത്രി കസേരയിലുള്ള ശിവരാജ് സിങ് ചൗഹാൻ ജന മനസ്സ് അറിഞ്ഞ് കൊണ്ടു വന്ന നയങ്ങളാണ് നിർണ്ണായകമായത്. വിജയത്തിന് വേണ്ടത് സ്ത്രീ വോട്ടർമാരണെന്ന കണക്കു കൂട്ടൽ ചൗഹാനുണ്ടായിരുന്നു. നാരിശക്തിയെ പ്രചോദിപ്പിക്കാൻ ഭരണത്തിന്റെ അവസാന നാളുകളിൽ നിരവധി പ്രഖ്യാപനമെത്തി. ഇതെല്ലാം വോട്ടർമാരെ സ്വാധീനിച്ചു. കോൺഗ്രസിൽ നിന്നെത്തിയ ജ്യോതിരാതിധ്യ സിന്ധ്യയുടെ മൂല്യം കൂടി തിരിച്ചറിഞ്ഞപ്പോൾ അത് വമ്പൻ വിജയമായി. മധ്യപ്രദേശിൽ ചൗഹാനെ ഇനിയാർക്കും വെല്ലുവിളിക്കാൻ കഴിയില്ല. അഞ്ചാ വട്ടവും മുഖ്യമന്ത്രി കസേരയിൽ ചൗഹാൻ തുടരും. 16 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ചൗഹാൻ ആ പദം അന്യമായത് രണ്ടു കൊല്ലം മാത്രമാണ്. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മോഹമാണ് ചൗഹാൻ അരിഞ്ഞു വീഴ്‌ത്തുന്നത്.
2023ൽ വമ്പൻ വിജയമാണ് ബിജെപി നേടുന്നത്. അതുകൊണ്ട് തന്നെ ജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് നൽകാതിരിക്കാൻ കഴിയില്ല. ജ്യോതിരാതിധ്യ സന്ധ്യയെന്ന കേന്ദ്രമന്ത്രിക്ക് തൽകാലം ഡൽഹിയിൽ തുടരേണ്ടി വരും. അത്രയും വിസ്മയിപ്പിക്കുന്ന വിജയമാണ് മധ്യപ്രദേശിൽ ബിജെപി നേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ ചൗഹാനെ പിണക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയ്യാറാകില്ല. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനത്ത് നേടുന്ന വമ്പൻ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിനും കരുത്താകും. യുപിയും ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും തൂത്തു വാരി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്താമെന്ന സ്വപ്‌നം മോദിക്ക് നൽകുന്നതാണ് ചൗഹാന്റെ തേരോട്ടം. ഇതിനെ സിന്ധ്യയ്ക്കും അംഗീകരിക്കേണ്ടി വരും. ഇതിനൊപ്പം ഈ വിജയം സിന്ധ്യയേയും ബിജെപിയിൽ കരുത്തനാക്കും. ബിജെപിയിലേക്കുള്ള തന്റെ വരവ് പാർട്ടിക്ക് ഗുണമായെന്ന വിലയിരുത്തലിലേക്ക് നേതൃത്വത്തെ എത്തിക്കാനും സിന്ധ്യക്ക് കഴിഞ്ഞു.
2003 മുതൽ 15 മാസത്തെ ഇടവേളയൊഴിച്ചാൽ മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാന് വോട്ടിന് വേണ്ടത് എന്തെന്ന് അറിയാമായിരുന്നു. ഗുജറാത്തിന്റെ ബിജെപി. വികസനമാതൃകയിൽനിന്ന് അദ്ദേഹം വേറിട്ടുനിൽക്കുന്നു. ചൗഹാന്റെ ലാഡ്‌ലി ബെഹനാ പദ്ധതി സ്ത്രീകൾക്കിടയിൽ വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ കൂടാത്ത 21-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാസംതോറും ആയിരം രൂപവീതം അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി. ഒരു വീട്ടിൽനിന്ന് ഒന്നിലേറെ സ്ത്രീകളാകാം. ഇതിന്റെ ജനപ്രീതി തിരിച്ചറിഞ്ഞ കോൺഗ്രസ് അധികാരംകിട്ടിയാൽ 1500 രൂപ നൽകുമെന്ന് കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ചു. അതോടെ മാസം ആയിരം രൂപയെന്നത് 1250 രൂപയാക്കി ഉയർത്തി ചൗഹാൻ മറുപടിനൽകി. 13,000 കോടി രൂപയാണ് ഇതിന് വർഷംതോറും ചെലവാകുക. മാത്രമല്ല, അധികാരത്തിൽ തിരിച്ചെത്തിച്ചാൽ മാസം മൂവായിരം രൂപയാക്കി സഹായം കൂട്ടുമെന്നും അറിയിച്ചു. ഇപ്പോൾ 1.2 കോടി വനിതകൾ പദ്ധതിയിലുണ്ടെന്നാണ് കണക്ക്. 45,000 കോടി രൂപയുടെ ബജറ്റ് വിഹിതം ഇതിന് വേണ്ടിവരും. അങ്ങനെ സ്ത്രീ വോട്ടർമാരെ ചൗഹാൻ പിടിച്ചു.
2018-ൽ 1000 പുരുഷന്മാർക്ക് 917 സ്ത്രീകൾ എന്ന അനുപാതം ഇപ്പോൾ മധ്യപ്രദേശിൽ 945 ആയി ഉയർന്നു. 48 ശതമാനം വോട്ടർമാർ സ്ത്രീകളാണ്. സ്ത്രീകളുടെ അക്കൗണ്ടിലെത്തിയ പണം കൂടുതലും കുട്ടികളുടെ പഠനാവശ്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. ഭാര്യമാർ തങ്ങൾക്ക് പണം നൽകുന്നില്ലെന്ന പുരുഷന്മാരുടെ പരാതി ഈ തിരഞ്ഞെടുപ്പുകാലത്ത് പലയിടത്തും കേട്ടു. ആണുങ്ങൾക്ക് ചൗഹാൻ കണ്ടുമടുത്ത പഴയ മുഖവും പെണ്ണുങ്ങൾക്ക് പ്രിയപ്പെട്ട മാമനും ആയിത്തീർന്നു. 59 വാഗ്ദാനങ്ങളും 101 ഉറപ്പുകളുമായാണ് ചൗഹാൻ ജയിച്ചു കയറുന്നത്. സ്ത്രീകൾക്ക് മാസം 1500 രൂപയ്ക്കുപുറമേ മേരി ബേടീ റാണി യോജന പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് ജനിക്കുമ്പോൾ രണ്ടരലക്ഷം രൂപനൽകുന്ന പദ്ധതിയാണിത്. വിവാഹസമ്മാനമായി 1.01 ലക്ഷം രൂപ, ബസുകളിൽ സൗജന്യയാത്ര, സ്ത്രീകളുടെ തൊഴിൽസംരംഭങ്ങൾക്ക് 25 ലക്ഷം രൂപ വായ്പ തുടങ്ങിയവ ഇതിൽവരും. 500 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ 450 രൂപയ്ക്ക് ചൗഹാൻ വാഗ്ദാനംചെയ്തു.
2005-ൽ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്‌സഭാംഗമായിരുന്ന ചൗഹാൻ ലോക്‌സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു. 2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി. എന്നാൽ കോൺഗ്രസിനെ പിളർത്തി അധികാരം തിരിച്ചെടുത്തു. അങ്ങനെ ചൗഹാൻ നാലാമതും മുഖ്യമന്ത്രിയായി. ഇപ്പോൾ വമ്പൻ വിജയം. ഇതോടെ വീണ്ടും ചൗഹാൻ മുഖ്യമന്ത്രി കസേരയിൽ എത്തുമെന്നാണ് സൂചന.
മധ്യ പ്രദേശിലെ സെഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ പ്രേം സിങ് ചൗഹാന്റെയും സുന്ദർ ഭായിയുടേയും മകനായി 1959 മാർച്ച് അഞ്ചിന് ജനിച്ചു. കിരാർ സമുദായക്കാരനായ ചൗഹാന്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഫിലോസഫിയാണ്. ഒരു കർഷകനുമാണ്. 1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ 1976-ൽ സ്‌കൂളിൽ പഠിക്കുമ്പോൾ എബിവിപി പ്രസിഡന്റായി. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നും പദവികൾ ചൗഹാന് സ്വന്തമായി. 2005ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2018 മുതൽ 2020വരെ പ്രതിപക്ഷ നേതാവ്. പക്ഷേ വീണ്ടും ചൗഹാൻ മുഖ്യമന്ത്രിയായി. 2020ൽ കോൺഗ്രസിനെ ചൗഹാൻ ചിന്നഭിന്നമാക്കി. സിന്ധ്യയെ അടർത്തിയെടുത്ത തീരുമാനം ചൗഹാന് ഗുണകരമായി മാറുകയാണ്.
ഭരണവിരുദ്ധ വികാര സാഹചര്യത്തേയും മറികടന്ന് ബിജെപി സംസ്ഥാനത്ത് മിന്നുന്ന വിജയം സ്വന്തമാക്കിയെന്നതാണ് വസ്തുത. ബിജെപി ദേശീയ തലത്തിലെ വിഷയം മനസിലാക്കി വേണ്ട മുൻകരുതൽ സ്വീകരിച്ചു തുടക്ക സമയത്ത് പ്രചരണത്തിനിറങ്ങിയ പ്രവർത്തകരിൽ പോലും അത് പ്രതിഫലിച്ചിരുന്നു. പക്ഷേ അതെല്ലാം മാറ്റി മറിച്ചു. ആർ എസ് എസിന്റെ ശ്രമങ്ങൾ മധ്യപ്രദേശിൽ ബിജെപിയുടെ അടിത്തറ ഉറപ്പിക്കുന്നതിനും പ്രാദേശിക പാർട്ടി പ്രവർത്തകരെ സജ്ജരാക്കുന്നതിനും സഹായിച്ചു. ഈ ശ്രമം ബിജെപിയെ കൂടുതൽ മത്സരാത്മക നിലപാടിലേക്ക് നയിച്ചുവെന്ന വിലയിരുത്തലുമുണ്ട്.
പാർട്ടിക്ക് വിജയസാധ്യത കുറവുള്ള സീറ്റുകളിൽ പോലും ഇത് വഴി മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചു. ഒപ്പം ഒന്നിലധികം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി മത്സരരംഗത്തിറക്കിയതും വിജയത്തിൽ നിർണ്ണായകമായി.




