പുതുപ്പള്ളി: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വോട്ട് ചോദിച്ച് പല നേതാക്കളും വന്നു പോയി. ശശി തരൂർ തംരഗമായി. വിഡി സതീശൻ മണ്ഡലത്തിൽ നിറഞ്ഞു. കെ സുധാകരന്റെ കരുത്തും കണ്ടു. ഇതിനൊപ്പം യുഡിഎഫിന്റെ പുതുപ്പള്ളിയിലെ 'സ്റ്റാർ' ആയിരുന്നത് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎമ്മിനെ വെട്ടിലാക്കുന്ന ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ മാറി. നിയമസഭയിൽ മാസപ്പടി വിവാദം കുഴൽനാടൻ ഒറ്റയ്ക്ക് ചർച്ചയാക്കി. ഇതിന് മറുപടി പറയാൻ സിപിഎമ്മിന് ഇനിയും കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടിയുടെ സഹതാപ തംരഗത്തിനൊപ്പം പിണറായി സർക്കാരിനെതിരായ കുഴൽനാടന്റെ കടന്നാക്രമണവും പുതുപ്പള്ളിയിലെ വോട്ടിങ് പാറ്റേണിൽ നിറഞ്ഞു.

ഇതിന് തെളിവായിരുന്നു അവസാന നാളിലെ പുതുപ്പള്ളിയിലെ കോൺഗ്രസ് പൊതു സമ്മേളനങ്ങളിലൊന്ന്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് വന്ന കുഴൽനാടനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. വേദിയിൽ മറ്റു നേതാക്കൾക്കൊപ്പം ഇരുന്ന കുഴൽനാടനെ ഒരു പ്രവർത്തകനെത്തി പൂമാല അണിയിച്ചു. ശേഷം സംസാരിക്കാനെത്തിയ കുഴൽനാടന് വീണ്ടും നിറഞ്ഞ കയ്യടി. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക് പോകുന്നതിനിടെ മറ്റൊരു പ്രവർത്തകനെത്തി ഷാൾ അണിയിച്ചു.

കുഴൽനാടനെ കുറിച്ച് നേതാക്കൾ പരാമർശിക്കുമ്പോഴും കയ്യടി ഉയർന്നു. അടുത്ത് കുഴൻനാടൻ പ്രസംഗിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ പ്രസംഗിക്കാനെത്തിയതുകൊടിക്കുന്നിൽ സുരേഷ് എംപി. പിന്നാലെ, കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു: ''സിപിഎമ്മിനെ കുഴലിലാക്കിക്കൊണ്ടിരിക്കുന്ന കുഴൽനാടൻ ഇവിടെയും സംസാരിക്കും. ഇപ്പോൾ കുഴൽനാടൻ സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ പോകും''.-അതായിരുന്നു പുതുപ്പള്ളിയിലെ കുഴൽനാടൻ ഇഫക്ടിനുള്ള തെളിവ്.

പിന്നീട് ആ യോഗത്തിൽ കുഴൽനാടനും സംസാരിച്ചു. സത്യത്തിൽനിന്നു പിന്നോട്ടുപോകാൻ കടുകുമണിയോളം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ''മുഖ്യമന്ത്രിയുടെ ശൈലി നിങ്ങൾ കണ്ടിട്ടില്ലേ, രീതി നിങ്ങൾ കണ്ടിട്ടില്ലേ. അദ്ദേഹത്തിന് ഇഷ്ടമല്ലാത്തത് ആരെങ്കിലും സംസാരിക്കാൻ എഴുന്നേറ്റാൽ ക്രൗര്യഭാവത്തോടു കൂടി അദ്ദേഹം എഴുന്നേൽക്കുകയാണ്. എന്നെ ജനം തിരഞ്ഞെടുത്ത് അയച്ചത് പറയാനുള്ളത് പറയാനാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ ശൗര്യഭാവത്തെ വകവയ്ക്കാൻ തയാറായില്ല. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പക്ഷേ, സത്യമാണ് പറഞ്ഞതെങ്കിൽ അതിൽനിന്നു പിന്നോട്ടു പോകാൻ പിണറായി വിജയനല്ല, ഏതു നേതാവ് എത്രമേൽ കൊമ്പിളക്കി വന്നാലും കടുകുമണിയോളം വിട്ടുവീഴ്ച ചെയ്യില്ല എന്നു പറഞ്ഞിട്ടുണ്ട്.'' മാത്യു കുഴൽനാടന്റെ വിശദീകരണം കൈയടിയോടെയാണ് ജനം ഏറ്റെടുത്തത്.

പ്രസംഗത്തിൽ മാത്രമായിരുന്നില്ല കുഴൽനാടൻ താരമായത്. സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണർകാട് പഞ്ചായത്ത്. ഇവിടെ ജെയ്‌സ് സി തോമസിന്റെ ജന്മനാടാണ്. അതുകൊണ്ട് തന്നെ എന്തു വന്നാലും സിപിഎം ഭൂരിപക്ഷം ആഗ്രഹിച്ച പഞ്ചായത്ത്. ചാണ്ടി ഉമ്മനെ തടഞ്ഞു നിർത്താൻ സിപിഎം തയ്യാറെടുത്തത് മണർകാട്ടെ മുന്നേറ്റം ഉറിപ്പിച്ചാണ്. ഇതിനെ മാത്യു കുഴൽനാടന്റെ പ്രവർത്തനം തകർത്തു. ബെന്നി ബെഹന്നാനും മാത്യുവിനുമായിരുന്നു ഈ പഞ്ചായത്തിലെ കോൺഗ്രസിന്റെ പ്രചരണ ചുമതല. രണ്ടു പേരും ഇവിടെ ക്യാമ്പ് ചെയ്ത് കൃത്യമായി കുടുംബ യോഗം നടത്തി. അങ്ങനെ മണർകാട്ടിലെ സിപിഎം വോട്ടുകൾ പോലും കോൺഗ്രസ് പക്ഷത്തേക്ക് ചാഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിക്കേണ്ട സാഹചര്യം വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കാൻ കുഴൽനാടന് കഴിഞ്ഞതാണ് ഇതിന് കാരണം.

പുതുപ്പള്ളിയിൽ യുഡിഎഫിന് വൻ വിജയമുണ്ടായാൽ അത് മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതായി മാറുമെന്ന് കുഴൽനാടന് അറിയാമായിരുന്നു. യുഡിഎഫിന് ലഭിക്കുന്ന വൻ വിജയം വ്യക്തിപരമായി പിണറായി വിജയനെയാവും കൂടുതൽ ബാധിക്കുക. തൃക്കാക്കരയിൽ കണ്ട മുഖ്യമന്ത്രിയെയല്ല പുതുപ്പള്ളിയിൽ കണ്ടത്. പുതുപ്പള്ളിയിലേക്ക് വരാൻ മടിച്ച മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലേക്ക് എത്തിച്ചത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങളാണ്. കരിമണൽ കമ്പനിയിൽ നിന്നും മകൾ വീണ വാങ്ങിയ മാസപ്പടി, വിലക്കയറ്റം, സപ്ലൈകോയിൽ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയും സർക്കാരും ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിൽ പ്രധാനപ്പെട്ടതായി മാസപ്പടി മാറി. ഇതിന് കാരണം കുഴൽനാടന്റെ വീറും വാശിയുമായിരുന്നു.

മുഖ്യമന്ത്രി 8 കൺവൻഷനുകളിലാണ് പുതുപ്പള്ളിയിൽ പങ്കെടുത്തത് തൃക്കാക്കരയിൽ പറഞ്ഞ കെ റെയിൽ വികസനത്തെകുറിച്ച് പുതുപ്പള്ളിയിൽ മിണ്ടിയില്ല. സർക്കാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ധൂർത്തിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് അടക്കം ചോദിച്ച ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയില്ല. പുതുപ്പള്ളിയിൽ പ്രചാരണം തുടരുന്നതിനിടെ മാത്യു കുഴൽനാടൻ തെളിവുകൾ സഹിതം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇത്തരം വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രതികരിക്കാനേ കഴിഞ്ഞില്ല. സർക്കാരിനെതിരെയുള്ള വിലയിരുത്തലിനേക്കാൾ കൂടുതൽ വീണാ വിജയനെതിരെ വന്ന അഴിമതി ആരോപണവും സാമ്പത്തിക ക്രമക്കേടുകളും പുതുപ്പള്ളിയിലെ വോട്ടർമാരെ സ്വാധീനിച്ചു.