- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ജനപ്രീതി ഇടിഞ്ഞതിൽ ലോകം തന്നെ ഞെട്ടലിൽ
ലണ്ടൻ: മഹാഭൂരിപക്ഷം നേടി അധികാരത്തിൽ മടങ്ങി എത്തും എന്ന പ്രഖ്യാപനവുമായാണ് ബിജെപി ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് ഇറങ്ങിയത് . എന്നാൽ ഘട്ടം ഘട്ടമായി രണ്ടു മാസത്തെ സമയം കൊണ്ട് 66 കോടി ജനങ്ങൾ വോട്ടു ചെയ്തു തീർന്നപ്പോഴേക്കും ബിജെപിയും അവരുടെ മുന്നണിയും ഉദ്ദേശിച്ച നിലയിൽ വോട്ടു വീണില്ല . പകരം ഒരു പ്രതീക്ഷയും ഇല്ലാതെ മത്സര രംഗത്തിറങ്ങിയ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി അമ്പരപ്പിക്കുന്ന നിലയിൽ ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുത്തത് ബിജെപിയെയോ ഇന്ത്യൻ ജനതയെയോ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് .
കാരണം ജനത്തിന്റെ ഈ മനം മാറ്റം ആരും പ്രതീക്ഷിച്ചിരുന്നതല്ല . അത്തരം ഒരു സൂചനയും ഒരു മാധ്യമവും നല്കിയിരുന്നുമില്ല . അതിനാൽ തന്നെ ഞെട്ടലിന്റെ ആക്കം വളരെ വലുതാണ് . തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ 303 എംപിമാരുടെ പിന്തുണ ഉണ്ടായിരുന്ന മോദിക്ക് ഇപ്പോൾ സ്വന്തം പാർട്ടിയിൽ നിന്നും 240 പേരെയേ വിജയിപ്പിക്കാനായുള്ളൂ . അതിനിടെ പ്രതിപക്ഷത്തെ കോൺഗ്രസ് 52 ൽ നിന്നും 99 ആയി ഉയരുകയും ചെയ്തു , ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകളിൽ മത്സരിച്ചാണ് കോൺഗ്രസ് മറ്റു പാർട്ടികളുടെ കൂടി സഹായത്തോടെ ഈ നേട്ടം കൊയ്‌തെടുത്തത് .
മോദിയുടെ ജനപ്രീതി ഇടിഞ്ഞതിൽ ലോകം തന്നെ ഞെട്ടലിൽ
മോദി എന്ന ബ്രാൻഡ് ഡെവലപ് ചെയ്താണ് കഴിഞ്ഞ രണ്ടു തവണയും ബിജെപി ഇന്ത്യയിൽ അധികാരം പിടിച്ചെടുത്തത് . മുൻ സർക്കാരുകളെ അപേക്ഷിച്ചു മോദി സർക്കാരിന് എതിരെ അഴിമതികകൾ കാര്യമായി ഉയർന്നില്ലെന്നു മാത്രമല്ല വാഗ്ദാനം പാലിക്കുന്ന സർക്കാർ എന്ന് തെളിയിക്കാൻ തിരക്കിട്ടു കഴിഞ്ഞ മുപ്പതു വർഷമായി പ്രത്യേകിച്ച് പാർട്ടി പ്രവർത്തകരും വിശ്വാസികളും ആഗ്രഹിച്ചിരുന്ന അയോധ്യയിലെ രാമക്ഷേത്രവും യാഥാർഥ്യമാക്കി. പ്രചാരണ കാലത്തും വിശ്രമം ഇല്ലാതെ ഇന്ത്യയിലെ മറ്റൊരു നേതാവിനും സാധികാത്ത തരത്തിൽ 73 കാരനായ മോദി വിശ്രമം ഇല്ലാതെ ഓടി നടന്നു . താൻ ധ്യാനമിരിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ പോലും എല്ലാ കണ്ണുകളും എല്ലാ ചർച്ചകളും തന്നിലേക്ക് കേന്ദ്രീകരിക്കാനും മോദിക്ക് സാധിച്ചു . 2014 ലും 2019 ലും എന്നത് പോലെ 2024 ലും ചർച്ചകൾ തന്നിലൂടെ കേന്ദ്രീകരിക്കാൻ മോദിക്ക് പ്രയാസം ഉണ്ടായില്ല . കാശ്മീരിലും മറ്റും സമാധാനം തിരികെ എത്തിച്ചു എന്ന അസാധ്യമായ കാര്യം പോലും സാധ്യമാക്കി എന്ന നേട്ടവും മോദിക്ക് ഒപ്പം ഇത്തവണ ഉണ്ടായിരുന്നു ,
പക്ഷെ മോദിയും സംഘ്പരിവാരവും പ്രതിപക്ഷത്തെ വില കുറച്ചു കണ്ടതിന്റെ ഫലമാണ് അവർ പ്രതീക്ഷിച്ച വിജയം കയ്യെത്തിപ്പിടിക്കാൻ കഴിയാതെ പോയത് എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത് .എതിർപ്പുകളും അടിയൊഴുക്കുകളും നിശബ്ദമായി അടിത്തട്ടിൽ ഉരുണ്ടു കൂടുന്നത് നേട്ടങ്ങളുടെ തിളക്കത്തിൽ കാണാനാകാതെ പോയതും പ്രധാനമാണ് . പരമ്പരാഗത പ്രചാരണ മാർഗം അല്ലാതെ സോഷ്യൽ മീഡിയ വഴി ഉണ്ടായ പ്രചാരണവും സ്രെധേയമാണ് . ഈ മേഖലയിൽ ഏറ്റവും പണം വാരി എറിഞ്ഞത് ബിജെപി ആണെങ്കിലും രാഹുൽ ഗാന്ധിയും കോൺഗ്രെസും ഒക്കെ അടുത്തകാലത്ത് നേടിയ സോഷ്യൽ മീഡിയ മുൻതൂക്കം വെക്തമായ സൂചനകളാണ് നൽകിയത് . അതോടപ്പം തൊഴിൽ ഇല്ലായ്മ രൂക്ഷമായ സാഹചര്യം ബിജെപി വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല .
യുദ്ധം പിടിമുറുക്കിയ ഇസ്രയേലിൽ ജോലി തേടി പോകാൻ ഡൽഹിയിലെയും ഹരിയാനയിലെയും യുവാക്കൾ വരിനിൽകുന്ന ചിത്രങ്ങളും ആയാണ് ബിബിസി വാർത്തകൾ നൽകിയത് ,എന്നാൽ അതൊക്കെ ഇന്ത്യ വിരുദ്ധതയുടെ മറവിൽ പിറക്കുന്ന വാർത്തകൾ എന്നാണ് ബിജെപി വിലയിരുത്തിയത് . വാസ്തവം ആരുപറഞ്ഞാലും അതിൽ ശ്രദ്ധ നൽകണം എന്ന അടിസ്ഥാന തത്വമാണ് ഇവിടെ ബിജെപി മറന്നു പോയത് . ഇതോടൊപ്പം മാധ്യമ സ്വാതന്ത്രം ഏറ്റവും ദുർബലമായ അവസ്ഥയിൽ ആണെന്ന് വിദേശ മാധ്യമങ്ങൾ പലവട്ടം എഴുതിയതും മിക്ക മാധ്യമങ്ങളെയും ബിജെപി വിലയ്ക്കെടുത്തു എന്ന ആരോപണവും യഥാർത്ഥ വസ്തുതകൾ പുറത്തു വരാൻ തടസമായി എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത് . വോട്ടെടുപ്പ് നടക്കുമ്പോൾ കോൺഗ്രസിനെ കൂച്ചുവിലങ്ങു ഇടാൻ നോക്കിയത് മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ കയറ്റിയത് വരെ വോട്ടർമാരിൽ തെറ്റായ സന്ദേശം നല്കിയിരിക്കാം എന്ന ചിന്തയും ഇപ്പോൾ പങ്കുവയ്ക്കപ്പെടുന്നുണ്ട് .
കഴിഞ്ഞ ഏതാനും വർഷമായി തെക്കേ ഇന്ത്യയിൽ ശ്രദ്ധിച്ച ബിജെപി ഇത്തവണ ഏതാനും സീറ്റുകളാണ് തമിഴ്‌നട്ടിൽ ലക്ഷ്യം വച്ചതു ഒരു ഘട്ടത്തിൽ മോദി തന്നെ മത്സരിക്കാൻ എത്തും എന്ന പ്രചാരണവും നടന്നു .എന്നാൽ ഫലം വന്നപ്പോൾ 39 സീറ്റുകളിൽ ഒന്നുപോലും പാർട്ടിക്ക് ലഭിച്ചില്ല . മഹാരാഷ്ട്രയിൽ കോൺഗ്രസിന് 12 സീറ്റ് കിട്ടിയപ്പോൾ ബിജെപിക്ക് 14 എണ്ണം നഷ്ടമാകുക ആയിരുന്നു . യുപിയിൽ നഷ്ടമായത് 29 സീറ്റുകളാണ് . കോൺഗ്രസിന് ഒന്നും ഇല്ലാതിരുന്ന രാജസ്ഥാൻ എട്ട് എണ്ണം നൽകിയപ്പോൾ ബിജെപിക്ക് കൈവിട്ടു പോയത് പത്തു സീറ്റുകളാണ് . ഇങ്ങനെ ആകെ നഷ്ടമായ 63 സീറ്റുകളിൽ 53 എണ്ണവും കൈവിട്ടു പോയത് യുപി , മഹാരാഷ്ട്ര , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്നു വെക്തം . ഹൃദയ ഭൂമിയിൽ നിന്നും ബിജെപി പറിച്ചെറിയപ്പെടുക ആയിരുന്നു എന്ന് വെക്തം . രാജ്യമെങ്ങും പടരാനുള്ള വ്യഗ്രതയിൽ മറ്റു സ്ഥലങ്ങളിൽ ശ്രദ്ധ നൽകിയപ്പോൾ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് മോദി തിരിച്ചറിഞ്ഞില്ലെന്ന് വ്യക്തം.
ലോകം ശ്രദ്ധയോടെ , ചാടിക്കയറി മോദിക്ക് കൈ കൊടുക്കാനില്ല , ഇന്ത്യൻ വോട്ട് പിടിക്കാൻ റിഷിയുടെ സന്ദേശം ഹിന്ദിയിലും
വെറും അഞ്ചു മാസം അകലെയാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് . അവിടെയും കാര്യങ്ങൾ അത്ര പന്തിയല്ല . മുൻ പ്രെസിഡന്റ്‌റ് ട്രംപ് വീണ്ടും കളത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ ഭരണമാറ്റം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രവചനം സാധ്യമല്ല . ഒരു മാസം അകലെ നിൽക്കുന്ന ബ്രിട്ടീഷ് പൊതു തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഏറെക്കുറെ ഉറപ്പാണ് . ലോകത്തെ പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് വര്ഷം കൂടിയാണ് ഇപ്പോൾ . ബ്രെസിലും കാനഡയും മെക്‌സിക്കോയും ജർമനിയും അയർലണ്ടും ഇറ്റലിയും ഹങ്കറിയും ബൾഗേറിയയും ബെൽജിയവും പോളണ്ടും പോർച്ചുഗലും സ്‌പെയിനും ടാർക്കിയും ശ്രീലങ്കയും ഓസ്ട്രേലിയയും ഒക്കെ തിരഞ്ഞെടുപ്പിലൂടെ കടന്നു പോകുന്ന വർഷമാണ് 2024 . അതിനാൽ ലോക ക്രമവും ലോക രാഷ്ട്രീയവും ഒക്കെ തലമേൽ മറിയാനും സാധ്യതയേറെ . നിലവിലെ ലോക ഭരണകർത്താക്കളിൽ എത്രപേർ കസേരകളിൽ മടങ്ങി എത്തും എന്ന് ഉറപ്പില്ലാത്ത വര്ഷം .
ഇക്കാര്യങ്ങളാൽ മോദിയുടെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പാണെങ്കിലും അത്ര ശോഭയിലാത്ത വിജയം ആയതിനാൽ ലോക നേതാക്കളിൽ പലരും കരുതലെടുക്കുകയാണ് . അമേരിക്കൻ പ്രതികരണം അല്പം സമയമെടുത്തു മാത്രം ഉണ്ടാകൂ എന്ന സൂചന വന്നുകഴിഞ്ഞു . അത് ഒരു പക്ഷെ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാകാം . എന്നാൽ ഇന്ത്യയുടെ മരുമകൻ എന്ന വിളിപ്പേരുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സമയം കളയാതെ മോദിയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയാണ്. റിഷി ഫോണിൽ വിളിച്ചു മോദിയെ അഭിനന്ദിച്ചു എന്നാണ് സാമൂഹ്യ മാധ്യമം ആയ എക്സിൽ വന്ന പോസ്റ്റ് വക്തമാക്കുന്നത് . റിഷി പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഹിന്ദിയിലും എഴുതിയത് ഇന്ത്യൻ മനസുകളുടെ ഇഷ്ടം പിടിച്ചെടുക്കുക എന്നത് തന്നെയാണ് . ആഴ്ചകൾക്കകം ലക്ഷകണക്കിന് ഇന്ത്യക്കാർ ബ്രിട്ടനിൽ വോട്ട് ചെയ്യുമ്പോൾ അതൊക്കെ കൺസർവേറ്റീവ് പെട്ടിയിൽ വീഴണം എന്ന കൗശലം കൂടിയാണ് ഋഷി പുറത്തെടുത്തത് .
യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കൗൺസിലിൽ നിന്നും മോദിക്ക് സ്വാഗതമോതി ആദ്യ സന്ദേശം എത്തിക്കഴിഞ്ഞു . ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം ദാരിദ്ര്യം ലോക സുരക്ഷാ എന്നിവയിലൊക്കെ ഇന്ത്യയുടെ സഹകരണം ഏറെ പ്രധാനം ആണെന്നാണ് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നത് . അവസാന ഫലം വരാൻ കാത്തിരിക്കുകയാണ് എന്നാണ് അമേരിക്കൻ സ്‌റേറ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ കഴിഞ്ഞ ദിവസം പ്രതികരിച്ചത് . ഇന്ത്യയുടെ സുഹൃത്ത് എന്നറിയപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ മോദിയെ വിളിച്ചു അഭിനന്ദനം അറിയിച്ചിട്ടുണ്ട് . ഇറ്റലി , ജപ്പാൻ , ചൈന , ഇസ്രയേൽ , ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മോദിയെ തേടി വിളികൾ എത്തിയിരുന്നു . ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ എത്തിയപ്പോൾ മോദിയോടൊപ്പം എടുത്ത ചിത്രം പങ്കുവച്ചാണ് അഭിനന്ദനം അറിയിച്ചത് . ഉക്രൈൻ പ്രെസിഡന്റ്‌റ് വ്‌ലാദിമിർ സെലിൻസ്‌കി മോദിയെ വിളിച്ചു അഭിനന്ദിച്ചത് കൂടാതെ യുക്രൈൻ പ്രശനം അവസാനിപ്പിക്കാൻ ഇന്ത്യ അൽമാർത്ഥമായി ഇടപെടണം എന്ന അഭ്യർത്ഥന കൂടി നടത്തിയിട്ടുണ്ട് .