- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിക്ക് അപ്പുറം പ്രധാനമന്ത്രി ചർച്ചയാക്കിയത് 'മോദിയുടെ ഗാരന്റി'; കേരളത്തിലെ അമ്മമാരേ സഹോദരിമാരെ എന്ന അഭിസംബോധനയും മലയാളവും വഴങ്ങുമെന്നതിന്റെ സൂചന; തൃശൂരിലെ സ്ഥാനാർത്ഥിയെ മോദി പരാമർശി്ക്കാത്തത് ഔദ്യോഗിക പ്രഖ്യാപനമായില്ലെന്ന സാങ്കേതികത്വത്തിൽ; കേരളത്തിലെ നാരീശക്തി മോദിയെ തുണയ്ക്കുമോ?
തൃശൂർ: സുരേഷ് ഗോപിയുടെ പേര് പറയാതെ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ച 'മോദിയുടെ ഗാരന്റി'ച തൃശൂർ തേക്കിൻകാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയെ പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിച്ചത് ഈ നടന് വേണ്ടിയായിരുന്നു. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു കൊണ്ടാണ് ഈ രീതി. എന്നാൽ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയെ കുറിച്ച് സംശയമൊന്നും വേണ്ടെന്നാണ് ബിജെപി കേരള ഘടകം പറയുന്നത്. തൃശൂരിലെ വേദിയിൽ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥിയെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
മോദിയുടെ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരിൽ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ നിറയുന്ന സുരേഷ് ഗോപിയെ പരാമർശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. മോദിയുടെ വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും മഹിളാ മോർച്ച അധ്യക്ഷയും ഉണ്ടായിരുന്നു. ഇതിനൊപ്പം സുരേഷ് ഗോപിയും. ഔദ്യോഗിക സ്ഥാനങ്ങളൊന്നും സുരേഷ് ഗോപിക്ക് ബിജെപിയിൽ ഇല്ല. ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തവുമാണ്. ഇനിയും തൃശൂരിൽ മോദി ഇറങ്ങും. അന്ന് സുരേഷ് ഗോപിക്ക് വേണ്ടിയുള്ള നേരിട്ടുള്ള വോട്ട് ചോദിക്കലും ഉണ്ടാകും.
തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി തൃശൂരിൽ സജീവമായിരുന്നു. മോദിയുടെ ഗാരന്റിയും കേരളത്തിലെ അമ്മമാരും സഹോദരിമാരും...ഈ രണ്ട് വാക്കുകളാണ് തൃശൂരിൽ മോദി ഉയർത്തിയത്. ഇവ രണ്ടും ചർച്ചയാക്കാൻ വേണ്ടി മറ്റുള്ളവ വേണ്ടെന്ന് വച്ചു. മോദി മലയാളം പഠിക്കുന്നുവെന്നതിന്റെ സൂചനയാണ് മോദിയുടെ ഗാരന്റി എന്ന പ്രയോഗം. ഇതിനെ മലയാളത്തിലേക്ക് മനപ്പൂർവ്വം മൊഴി മാറ്റിയതാണ്. മോദി സർക്കാരിന്റെ നേട്ടങ്ങളാകണം കേരളത്തിലും ചർച്ചയാക്കേണ്ടതെന്ന സന്ദേശമാണ് മോദി നൽകുന്നത്. വ്യക്തികൾക്ക് അപ്പുറം പ്രധാനമന്ത്രിക്കായി ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കാൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്.
'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിക്കായി പ്രധാനമന്ത്രി തൃശ്ശൂരിൽ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്. പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്. എന്നാൽ വീണ്ടും മത്സരിക്കുമെന്ന് പ്രചരണമുണ്ടെങ്കിലും മോദിയുടെ പ്രസംഗത്തിൽ ഇതിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ത്രീ ശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബിൽ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചു-ഇതാണ് മോദി കേരളത്തിനായി മുമ്പോട്ടു വയ്ക്കുന്ന അജണ്ട.
സ്ത്രീ വോട്ടർമാരെ അടുപ്പിച്ച് കേരളത്തിലും ബിജെപി വിജയമാണ് മോദിയുടെ ലക്ഷ്യം. കേരളത്തിലെ രാഷ്ട്രീയ ധ്രൂവീകരണ മോഡലിൽ അത് അത്ര എളുപ്പമല്ല. എങ്കിലും പരമാവധി സ്ത്രീകളെ അടുപ്പിക്കാനാണ് മോദിയുടെ ശ്രമം. ഇത് മാറ്റം കൊണ്ടു വരുമെന്നും പ്രതീക്ഷിക്കുന്നു. ക്രൈസ്തവ സഭകളുമായി നല്ല ബന്ധം തുടരും. ഇതിനൊപ്പം എൻ എസ് എസും എസ് എൻഡിപിയും സഹായിച്ചാൽ കേരളത്തിൽ ബിജെപിക്ക് രാഷ്ട്രീയ മാറ്റം ഉറപ്പാണെന്നാണ് വിലയിരുത്തൽ. തൃശൂരിൽ എന്തു വില കൊടുത്തും ജയിച്ചേ മതിയാകൂവെന്നതാണ് ബിജെപിയുടെ നിലപാട്. അതിന് വേണ്ടി കേന്ദ്ര നേതാക്കൾ ഇനിയും തൃശൂരിൽ എത്തും. മോദിയെ തൃശൂരിൽ ചർച്ചകളിൽ നിറയ്ക്കാനാണ് തീരുമാനം.
പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. ശേഷം തൃശൂരിൽ നിന്ന് മോദി മടങ്ങി. മലയാളത്തിൽ തുടങ്ങിയ പ്രസംഗത്തിൽ നിരവധി തവണ അമ്മമാരെ സഹോദരിമാരേ എന്ന് തുടങ്ങിയ വാക്കുകൾ മോദി ആവർത്തിച്ചു. അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോദി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്റെ സംഭാവനയാണ്-മോദി പറഞ്ഞു.
എൻഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു.'മോദിയുടെ ഗ്യാരണ്ടികൾ' ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പരാമർശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയാണ്.
സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയിൽ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ