- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്ക് ഇരച്ചുകയറാൻ കേന്ദ്ര ഏജൻസികൾക്ക് ഗ്രീൻ സിഗ്നലോ?
തിരുവനന്തപുരം: കേരളത്തിലും എൻഫോഴ്‌സ്‌മെന്റ് ഡയറ്കറേറ്റ് ഉൾപ്പെടെ എത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുമ്പോൾ എന്തും എപ്പോഴും നടക്കാമെന്ന അഭ്യൂഹം ശക്തം. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളിൽ മോദി അതിശക്തമായി പ്രതികരിക്കുന്നത് ആദ്യമായാണ്. രണ്ടു ദിവസം മുമ്പ് കരുവന്നൂർ ബാങ്കിലെ നടപടികളിൽ ഇടപെടൽ ഉറപ്പു നൽകിയ മോദി ഇപ്പോൾ കുറച്ചു കൂടി കടക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അജണ്ട തെളിയുകയാണ്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ചാണ് മോദി നേതാക്കൾക്കെതിരേ ആഞ്ഞടിച്ചത്.
സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ ബിജെപി ബൂത്ത് കാര്യകർത്താക്കളുമായുള്ള സംവാദത്തിലാണ് മോദി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. കരുവന്നൂരിൽ സിപിഎമ്മിനേയും. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിനേയും എകെജി സെന്ററിനുമൊപ്പം പിണറായിയുടെ കുടുംബവും കേന്ദ്ര സർക്കാരിന്റെ റഡാറിലുണ്ട്. ഏപ്പോൾ വേണമെങ്കിലും ഈ കേസുകളെല്ലാം കേന്ദ്ര ഏജൻസി പൊടിതട്ടിയെടുത്ത് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കും.
പരസ്പരം അഴിമതികൾ മറച്ചുവെക്കുന്നതിനായാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിട്ടുള്ളത്. സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ ബോധ്യമുണ്ട്. അതുപോലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്കും പങ്കുണ്ട്. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നതിലേക്കാണ് ഈ തട്ടിപ്പ് കലാശിച്ചതെന്നും മോദി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയ പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകൾ ശിക്ഷിക്കപ്പെടാതെ പോകാൻ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇവർക്കെതിരേ കർശനനടപടിയെടുക്കും. നീതി നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുമെന്നും മോദി കൂട്ടിച്ചേർത്തു. ഇഡി കണ്ടുകെട്ടിയ വസ്തു വകകൾ പാവപ്പെട്ടവർക്ക് നൽകുമെന്ന സൂചനയും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയ തുകയുടെ യഥാർത്ഥ ഉടമകൾ സാധാരണക്കാരാണെങ്കിൽ അതവർക്കു തിരിച്ചു ലഭിക്കാൻ നിയമസാധുത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരുവന്നൂർ കോ-ഓപ് ബാങ്ക് അഴിമതിയിലും പ്രമുഖ സിപിഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരുടെ പണം കബളിപ്പിച്ചു കൊണ്ടുപോയി. അതിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കറിയാം. അഴിമതിക്കാരെ, സാധാരണക്കാരുടെ പണം കൊള്ളയടിച്ചവരെ, ജനങ്ങളെ വഞ്ചിച്ചവരെ വെറുതെ വിടരുത്. ഇ ഡി കണ്ടുകെട്ടിയതിൽ സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉണ്ടെങ്കിൽ അതവർക്ക് കിട്ടാൻ അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ നടപടിയുണ്ടാകും, മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 'സുശക്തമാണ് എന്റെ ബൂത്ത്' എന്ന പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുമായുള്ള ഓഡിയോ സംവാദം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രവർത്തകർ ധീരരും ത്യാഗികളും എന്തും നേരിടാൻ കെൽപ്പുള്ളവരുമാണ്. അവർ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകർക്കു പ്രേരണയും പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചും നരേന്ദ്ര മോദി ചോദിച്ചറിഞ്ഞു. കേരളത്തിൽ പോരടിച്ചും കേരളത്തിനു പുറത്ത് ഒന്നിച്ചും പ്രവർത്തിക്കുന്ന ഇടതു-വലതു മുന്നണികളെ ജനങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചെങ്ങന്നൂർ 39-ാം ബൂത്ത് പ്രസിഡന്റ് ഉദയകുമാരി, പാലക്കാട് ലോക്സഭാ മണ്ഡലം മൂന്നാം ബൂത്ത് പ്രസിഡന്റ് ബാലഗോപാൽ, പത്തനംതിട്ട ലോക്സഭാ മണ്ഡലം കോന്നി 139-ാം ബൂത്ത് പ്രസിഡന്റ് പി. ഗോപിനാഥൻ എന്നിവർ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തി.