- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
കൊച്ചി: 4,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം പ്രതിപക്ഷം ആയുധമാക്കും. കേരളത്തിന്റെ മണ്ണിൽ നിന്ന് ഇത്രയധികം പദ്ധതികൾ സമർപ്പിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നാടിനാകെ അഭിമാനകരമായ കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമാക്കുന്നത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നാനൊരുങ്ങുന്ന പിണറായിക്ക് മോദിയെ കണ്ടപ്പോൾ എല്ലാം മറന്ന അവസ്ഥയിലായെന്നാണ് പ്രതിപക്ഷം വിമർശനം ഉന്നയിക്കുക. കേരളത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെങ്കിൽ അത് ശ്രദ്ധയിൽപെടുത്താനുള്ള സുവർണ്ണാവസരം പിണറായി തുലച്ചെന്നാണ് പ്രതിപക്ഷ നിലപാട്.
" 4,000 കോടിയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്നും രാജ്യത്തിനാകെ സമർപ്പിക്കപ്പെടുന്ന കാര്യമാണെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി കേരളത്തിനാകെ സമർപ്പിച്ച പദ്ധതികളിൽ 4,000 ആളുകൾക്ക് പുതിയ ജോലി അവസരങ്ങൾ നൽകും. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യയ്ക്കൊപ്പം മെയ്‌ഡ് ഇൻ കേരളയ്ക്കും ഭാഗമാകാൻ സാധിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനൊപ്പം പങ്കാളികളാകാൻ കേരളത്തിൽ 4,000 കോടി രൂപയുടെ പദ്ധതികൾ നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു."- മോദിയെ വേദിയിലിരുത്തി ഇതായിരുന്നു പിണറായിയുടെ പ്രസംഗം. പ്രതിപക്ഷത്തെ കൂടെ കൂട്ടി സംയുക്ത സമരത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുകയാണ്. അതിനിടെയാണ് മോദിയെ കണ്ടപ്പോൾ പിണറായി കേന്ദ്രത്തെ പുകഴ്‌ത്തിയത്.
മോദിയെ സ്വീകരിക്കാൻ പിണറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇത് പ്രോട്ടോകോളിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ കേരള യാത്രയിൽ ഔദ്യോഗിക പരിപാടി കൂടി ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്. എന്നാൽ പ്രധാനമന്ത്രി മടങ്ങുമ്പോൾ മുഖ്യമന്ത്രിമാർ യാത്ര അയക്കാൻ പോകുന്ന പതിവില്ല. എന്നാൽ ഇത്തവണ മോദിയെ യാത്ര അയയ്ക്കാനും പിണറായി എത്തി. മോദിക്കെതിരെ സമരം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് രണ്ടു തവണ വിമാനത്തിന് അടുത്തെത്തി പ്രധാനമന്ത്രിയുമായി ഊഷ്മള ബന്ധം പ്രകടിപ്പിച്ചത്. ഇതെല്ലാം പ്രതിപക്ഷം കരുതലോടെ വീക്ഷിക്കുന്നുണ്ട്. ബിജെപി-സിപിഎം യോജിപ്പിനുള്ള സാധ്യതയും അവർ കാണുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ കമ്പനി കാര്യ വകുപ്പ് അന്വേഷണത്തിലാണ്. എക്‌സാലോജിക്കിനെതിരെ നിർണ്ണായക വിവരങ്ങൾ കമ്പനി കാര്യ വകുപ്പ് കണ്ടെത്തിയെന്നാണ് സൂചന. എക്‌സാലോജിക്-സിഎംആർഎൽ കരാറിലും ഇടപാടിലും ദുരൂഹതയുണ്ടെന്ന് കമ്പനി കാര്യ വകുപ്പ് കണ്ടെത്തുന്നുണ്ട്. പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. തുടർന്ന് വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മോദി കേരളത്തിലെത്തിയത്. കൊച്ചിയിലെത്തി മോദിയെ പിണറായി സ്വീകരിച്ചു. സൗഹൃദവും പുതുക്കി. ഇതിന് ശേഷം അടുത്ത ദിവസം കേന്ദ്രത്തെ നന്ദിയെ അറിയിച്ചു. ഇതിന് പിന്നിൽ ദുരൂഹതയും ഭയവും പ്രതിപക്ഷം കാണുന്നുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലെ ബന്ധത്തിന് തെളിവായി പിണറായിയുടെ പുകഴ്‌ത്തൽ കോൺഗ്രസ് ഉപയോഗപ്പെടുത്തും.
കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്നും എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചത്. അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി യാഥാർത്ഥ്യമാകുന്നതോടെ നിരവധി പേർക്ക് ഇതുവഴി തൊഴിൽ കിട്ടുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പിണറായി നന്ദി പറഞ്ഞത്. എന്നാൽ ഈ പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മരുന്നാകില്ല. അതുകൊണ്ട് തന്നെ നന്ദി ആയിരുന്നില്ല പറയേണ്ടിയിരുന്നതെന്നാണ് പ്രതിപക്ഷ നിലപാട്.
സാമ്പത്തിക പ്രതിസന്ധിയിൽ ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്ന സമരത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്നാണ് സൂചന. സമരത്തിൽ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം യുഡിഎഫ് തള്ളുമെന്നാണ് റിപ്പോർട്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരിന്റെ ധൂർത്തും കാരണമാണ്. ഇങ്ങനെ ധൂർത്ത് നടത്തുന്നവർക്ക് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ ധാർമികതയില്ലെന്നാണ് യുഡിഎഫ് നേതാക്കൾക്കിടയിലെ പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഡൽഹി സമരത്തിൽ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാരുമായി യോജിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും വിശദീകരിക്കും. കോൺഗ്രസും മുസ്ലിംലീഗും ഈ നിലപാടിൽ എത്തികഴിഞ്ഞതായാണ് സൂചന. ഇതിനിടെയാണ് പിണറായിയുടെ നന്ദി പറയലും എത്തുന്നത്.
സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെ ഡൽഹിയിൽ സംയുക്ത സമരം നടത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണത്തിന് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയശേഷം നിലപാട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഓൺലൈനായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്.സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രി ചർച്ചയിൽ വിശദമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ച് സമരത്തിന് വരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാൽ കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരും കൂടിയാണെന്ന് പ്രതിപക്ഷം വിശദീകരിക്കുന്നു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകുമെന്ന് ഇടത് മുന്നണി പറയുന്നു. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിമാരേയും ക്ഷണിക്കുന്നുണ്ട്. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ബിജെപിക്കാർ എത്തില്ലെന്ന് ഉറപ്പാണ്. ഇതിനൊപ്പം കേരളത്തിലെ യുഡിഎഫ് നിലപാട് കാരണം കോൺഗ്രസ് മുഖ്യമന്ത്രിമാരും എത്താനുള്ള സാധ്യത കുറവാണ്. ഇന്ത്യാ മുന്നണി നേതാക്കൾ എത്രത്തോളം എത്തുമെന്നതും നിർണ്ണായകമാണ്.
യുഡിഎഫിലെ ധാരണ കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കും. ഹൈക്കമാണ്ട് അംഗീകാരത്തോടെയാകും അന്തിമ നിലപാട് പ്രഖ്യാപിക്കുക. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തിലേതിന് വിഭിന്നമാണ്. കേരളത്തിൽ 'ഇന്ത്യാ' മുന്നണി അപ്രയോഗികമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ പോലും സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തുന്നു. അതുകൊണ്ട് തന്നെ ദേശീയ സാഹചര്യങ്ങൾ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കേരളത്തിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളിൽ പ്രതിപക്ഷത്തിന് യോജിപ്പുണ്ടെങ്കിലും എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്ര അവഗണനയാണെന്ന വിശദീകരണത്തോട് യോജിക്കാനാവില്ലെന്നതാണ് കോൺഗ്രസ് നിലപാട്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണന. നികുതി പിരിവിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനഃസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ഇടതുപക്ഷം പദ്ധതിയിടുന്നത്. ഇതിലേക്ക് യുഡിഎഫിനെ കൂടി കൊണ്ടു വന്ന് എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്രമാണെന്ന് വരുത്താനാണ് സിപിഎം ശ്രമം. ഇതു കൂടി മനസ്സിലാക്കിയാണ് കോൺഗ്രസ് സമരത്തിനില്ലെന്ന നിലപാട് എടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ കെപിസിസിയുടെ റാലിയിലും ചർച്ചയാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ കരിങ്കൊടി കാട്ടുമെന്ന് യുത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തലവേദന ഒഴിവാക്കാൻ കൂടി വേണ്ടിയാണ് പ്രതിപക്ഷത്തേയും സമരത്തിൽ ചേർത്തു നിർത്താൻ മുഖ്യമന്ത്രി പദ്ധതിയിട്ടതെന്നും കോൺഗ്രസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പം ഇരുന്നുള്ള ഡൽഹി പ്രതിഷേധം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുന്നത്.