2026ൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ വഹാബിന് 2027ൽ രാജ്യസഭാ എംപി സ്ഥാനം നഷ്ടമാകും; ഉടൻ ഒഴിവു വരുന്നത് ജോസ് കെ മാണിയുടെ സീറ്റായതു കൊണ്ട് ഈ ഫോർമുലയിൽ കോൺഗ്രസിന് സീറ്റ് നഷ്ടവുമില്ല; ഇടിക്ക് മലപ്പുറം കൊടുത്തും പിടിമുറുക്കൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായാകുമ്പോൾ രണ്ട് സീറ്റ് കൊണ്ടു തൃപ്തിപ്പെടുകയാണ് മുസ്ലിം ലീഗ്. ഇതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ അതിബുദ്ധിയെന്നാണ് വിലയിരുത്തൽ. ലീഗിലെ എതിരാളി അബ്ദുൾ വഹാബിനെ ദുർബ്ബലമാക്കാനുള്ള തന്ത്രപരമായ നീക്കം.
16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് രണ്ടിടത്തും ആർഎസ്‌പി, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. മലപ്പുറത്തും പൊന്നാനിയിലും ലീഗ് തന്നെ മത്സരിക്കും. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ കോൺഗ്രസ് അറിയിക്കുകയായിരുന്നു. ഇത് ലീ്ഗ് അംഗീകരിച്ചു. ലീഗ് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുൾ സമദ് സമദാനിയും. ഇടിയുടെ സീറ്റ് മാറണമെന്ന ആഗ്രഹം സഫലീകരിച്ച് ലീഗിൽ കൂടുതൽ കരുത്തനാകുകയാണ് കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റ് കിട്ടുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു അജണ്ട വിജയിക്കുകയാണ്. ഇത് ലീഗ് രാഷ്ട്രീയത്തിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും.
യുഡിഎഫിന് ജയിക്കാൻ കഴിയുന്ന അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകും. അതിനു അടുത്ത് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭാ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും. ഫോർമുല ലീഗ് അംഗീകരിക്കുമ്പോൾ ഫലത്തിൽ ലോക്‌സഭയിലെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോവകുയാണ്. ഈ ഫോർമുല ദോഷമുണ്ടാക്കുകയ വ്യവസായിയും ലീഗ് നേതാവുമായ അബ്ദുൾ വഹാബിനാണെന്നതാണ് വസ്തുത. കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടിക്കെതിരെ നിലപാട് എടുക്കുന്ന ലീഗ് നേതാവാണ് വഹാബ്. വഹാബിന് രാജ്യസഭാ സ്ഥാനം നഷ്ടമാകാൻ സാധ്യതയൊരുക്കും വിധമാണ് ഫോർമുല.
ഈ വർഷം ഒഴിവു വരുന്നത് ലീഗിന് കൊടുക്കും. അതായത് ഉടൻ രാജ്യസഭാ അംഗത്വം ലീഗിന് കിട്ടും. ജൂലൈയിലാകും മത്സരം. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റാണ് ഇപ്പോൾ യുഡിഎഫ് പക്ഷത്ത് ഒഴിവ് വരുന്നത്. യുഡിഎഫ് പ്രതിനിധിയായി ജോസ് കെ മാണി ജയിച്ച രാജ്യസഭാ സീറ്റാണ് ഇത്. ഇപ്പോൾ ജോസ് കെ മാണി ഇടതുപക്ഷത്ത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് അംഗ ബലത്തിൽ നഷ്ടമുണ്ടാകാതെ രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കാൻ കഴിയുന്നു. ഇനി 2027ലാണ് രാജ്യസഭയിലേക്ക് കേരളത്തിൽ ഒഴിവ് വരുന്നത്. അന്ന് സിപിഎമ്മിന്റെ ജോൺബ്രിട്ടാസിനും ശിവദാസിനും ഒപ്പം ലീഗ് അംഗം വഹാബും സ്ഥാനമൊഴിയും. ഇപ്പോഴുണ്ടാക്കിയ കോൺഗ്രസുമായുള്ള ധാരണ പ്രകാരം ആ സീറ്റ് ലീഗിന് കിട്ടില്ല. ഇതോടെ വഹാബിന് രാജ്യസഭാ സീറ്റ് നിഷേധിക്കുകയും ചെയ്യാം.
മൂന്നാം ലോക്‌സഭാ സീറ്റിന് വേണ്ടി വാദിച്ച് ഒടുവിൽ വഹാബിനെ ഇനി ഒരു ടേം കൂടി വഹാബിനെ രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് ഉറപ്പിക്കുകയാണ് ലീഗ് നേതൃത്വം. 2026 മേയിൽ കേരളത്തിൽ നിയമസഭാ തിരിഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മാത്രമേ വഹാബിന് രാജ്യസഭാ അംഗത്വം ഉറപ്പിക്കാൻ കഴിയൂവെന്നതാണ് വസ്തുത. ഏതായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രാഷ്ട്രീയ ധ്രൂവീകരണങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. ഈ സമയം ലീഗിന്റെ രാഷ്ട്രീയ നിലപാട് പോലും ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ വഹാബിന് മുന്നിൽ സാധ്യതകൾ ഏറെയുണ്ടെന്നും വിലയിരുത്തലുണ്ട.
ഇപ്പോൾ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. അല്ലെങ്കിൽ യൂത്ത് ലീഗ് പ്രതിനിധിയായി അഡ്വ. എം.ബി. ഫൈസൽ ബാബു, പി.കെ. ഫിറോസ് എന്നിവരിലൊരാളെ പരിഗണിക്കും. ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനം എടുത്തിട്ടുമില്ല.
മറുനാടന് മലയാളി ബ്യൂറോ