- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണ വിരുദ്ധതയെ മറിടകന്ന ചൗഹാൻ മാജിക്ക്; പൈലറ്റിന്റെ പ്രതികാര ഒളിയുദ്ധം തകർത്ത ഗെലോട്ട്; ഛത്തീസ് ഗഡിൽ ബാഗലിന് വിനയായത് അമിത ആത്മവിശ്വാസം; ഹാട്രിക് മോഹം പൊലിയുമ്പോൾ തെലുങ്കാനയിൽ കെ എസി ആർ നിഷ്പ്രഭൻ; ഈ ജനവധി മൂന്ന് മുഖ്യന്മാർക്ക് ഒരുക്കുക രാഷ്ട്രീയ വനവാസം
ന്യൂഡൽഹി: 2023 ഡിസബറിലെ വോട്ടെടുപ്പ് ഫലത്തിൽ ഭരണ വിരുദ്ധതയെ അതിജീവിച്ച ഏക മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാണാണ്. മധ്യപ്രദേശിൽ ബിജെപിക്ക് ചരിത്ര ജയം നൽകുകയാണ് ചൗഹാൻ. ഛത്തീസ് ഗഡിലും രാജസ്ഥാനിലും തെലുങ്കാനയിലും മുഖ്യമന്ത്രിമാർ നിരാശരാണ്. അവർക്ക് മുമ്പിൽ രാഷ്ട്രീയ ഭാവി പോലും അടയുന്ന തരത്തിലാണ് തോൽവിയെത്തുന്നത്.
രാജസ്ഥാൻ കോൺഗ്രസിലെ അവസാന വാക്കാണ് അശോക് ഗലോട്ട്. കോൺഗ്രസ് ഹൈക്കമാണ്ടിന് മുകളിൽ വളർന്ന നേതാവ്. സച്ചിൻ പൈലറ്റിനെ മുലയ്ക്കിരുത്തിയ ഈ നേതാവിന് ഇനി രാഷ്ട്രീയത്തിൽ വലിയ റോളുണ്ടാകില്ല. ഈ തിരഞ്ഞെടുപ്പ് തോൽവി ഗലോട്ടിന് സമ്മാനിക്കുക രാഷ്ട്രീയ വനവാസമാണ്. 72കാരനായ ഗലോട്ടിന് രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഇനിയൊരു തിരിച്ചുവരവിന് സാധ്യത കുറവാണ്. ഇതിലും വലിയ തിരിച്ചടിയാണ് തെലുങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിനും. തെലുങ്കാന സംസ്ഥാന രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച നേതാവിന് ഇനി ഒറ്റയ്‌ക്കൊരു തിരിച്ചു വരവ് തെലുങ്കാനയിൽ ഉണ്ടാകുമോ എന്നത് കണ്ടറിയണം. ദേശീയ പാർട്ടി പ്രഖ്യാപനവുമായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച കെ എസി ആറിന് ഇരുട്ടടിയാണ് ഈ തോൽവി. ഇതിൽ നിന്നും മുക്തി നേടാൻ കെ സി ആറിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
ഗെലോട്ടിനും കെ സി ആറിനും തിരിച്ചടിയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ഛത്തീസ് ഗഡിൽ ഭൂപേഷ് ബാഗലിന് അപ്രതീക്ഷിത തിരിച്ചടിയാണ് സംഭവിച്ചത്. ആദിവാസികൾ ഏറെയുള്ള മേഖകളിൽ നിന്നും വോട്ട് ചോർച്ചയുണ്ടാകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ ഛത്തീസ് ഗഡിൽ ബിജെപിയെ അടിമുടി തകർക്കുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ സംഭവിച്ചത് മറിച്ചും. ഭൂപേഷ് ബാഗലിനെ കോൺഗ്രസ് ഹൈക്കമാണ്ട് ഏറെ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസത്തെ വോട്ടാക്കി മാറ്റിയെടുത്ത് ജനഹൃദയങ്ങളിലെ നേതാവാകാൻ ബാഗലിനും കഴിഞ്ഞില്ല. വ്യക്തമായ മുൻതൂക്കം ഇവിടെ ബിജെപി നേടുന്നു. അതുകൊണ്ട് തന്നെ കുറച്ചു കാലത്തേക്ക് ബാഗലിനും രാഷ്ട്രീയ നിശബ്ദത ഛത്തീസ് ഗഡിൽ പുലർത്തേണ്ടി വരും. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ തേരോട്ടം തടയാനുള്ള കരുത്ത് ബാഗലിനും നഷ്ടമായിരിക്കുന്നു.
ഛത്തീസ്‌ഗഢിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ചടുലമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെല്ലാം അപ്പുറം ഛത്തീസ്‌ഗഢിൽ കോൺഗ്രസിന്റെ മുഖമെന്നാൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തന്നെയായിരുന്നു. 15 വർഷം നീണ്ട ബിജെപി ഭരണത്തെ മാറ്റി കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നിൽ ഭൂപേഷ് ബാഗൽ എന്ന നേതാവായിരുന്നെങ്കിൽ ഇന്നും 2018ലെ ആ ജനപിന്തുണ വലിയ തോതിൽ ചോരാതെ നിലനിർത്താൻ ഭൂപേഷ് ബാഗലിന് കഴിഞ്ഞട്ടുണ്ടെന്നായിരുന്നു വിലയിരുത്തൽ. കർഷകർക്കൊപ്പമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി. പക്ഷേ അതൊന്നും വോട്ടായി മാറിയില്ല. സ്ത്രീകളെ കൂടെ കൂട്ടാനുള്ള പദ്ധതികളും ഭൂപലിന് വിജയമൊരുക്കിയില്ല.
കർഷക ക്ഷേമ പദ്ധതികളിലൂടെ കോൺഗ്രസ് വിശ്വാസം നേടിയെന്ന് അവകാശപ്പെട്ടപ്പോൾ ബിജെപി വികസന മുരടിപ്പാണ് ചർച്ചയാക്കിയത്. അത് വോട്ടായി മാറുകയും ചെയ്തു. കഴിഞ്ഞ തവണ 90ൽ 68 സീറ്റും നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് 15 വർഷത്തെ ബിജെപി ഭരണത്തുടർച്ച അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയത്. ഇക്കുറി 75 സീറ്റ് നേടി ജയിക്കുമെന്നായിരുന്നു കോൺഗ്രസ് അവകാശവാദം. 15 കൊല്ലാംസംസ്ഥാനം ഭരിച്ച ബിജെപി ഇക്കുറി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയാണ് മൽസരിത്തിന് ഇറങ്ങിയത്. മോദിയെ തന്നെയാണ് ഇവിടെ ചർച്ചയാക്കി നിർത്തിയത്. അത് വിജയമായി മാറുകയും ചെയ്തു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഗലോട്ടും തമ്മിലുള്ള പോര് അതിശക്തമായിരുന്നു. പ്രചരണ സമയത്ത് ഈ കത്തി പടർന്നില്ല. എന്നാൽ രാജസ്ഥാനിലെ ഫലത്തിൽ ഈ ഗ്രൂപ്പിസം നിറയുന്നുണ്ട്.
പൈലറ്റ് യുവ നേതാവാണ്. 2018ലെ തിരഞ്ഞെടുപ്പ് കാലത്ത് രാജസ്ഥാൻ കോൺഗ്രസിന്റെ അധ്യക്ഷൻ. ചടുലമായി പാർട്ടിയെ നയിച്ച് അധികാരത്തിലെത്തിച്ചു. എന്നാൽ മുഖ്യമന്ത്രി പദം ഗലോട്ടിന് നൽകി രാഹുൽ ഗാന്ധി. ഇതോടെ പൈലറ്റ് അസ്വസ്ഥനായി. കോൺഗ്രസിനെ പിളർത്തിയില്ലെന്ന് മാത്രം. ഏതായാലും ഇപ്പോഴത്തെ തോൽവിയോടെ ഗലോട്ടും പൈലറ്റും നേർക്കു നേർ വീണ്ടുമെത്തും. സട പൊഴിഞ്ഞ സിംഹമായി ഗലോട്ട് മാറിയതു കൊണ്ട് തന്നെ സച്ചിൻ പൈലറ്റിനെ ഹൈക്കമാണ്ട് തൽകാലം പിണക്കില്ല. അങ്ങനെ വന്നാൽ ഗലോട്ടിന് മറ്റ് വഴികൾ തേടേണ്ട അവസ്ഥ പോലും വരും.
സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി ചന്ദ്രശേഖര റാവു അധികാരത്തിന് പുറത്തേക്ക് പോകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തെലങ്കാനയിൽ ഉണ്ടായിരിക്കുന്നത്. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും മൃഗീയ ഭൂരിപക്ഷത്തോടെയായിരുന്നു കെ.എസി.ആറിന്റെ പാർട്ടി അധികാരത്തിലെത്തിയത്. കോൺഗ്രസിന് ശക്തമായ സംഘടന ബലമുണ്ടായിരുന്ന ആന്ധ്രയുടെ ഭാഗമായിരുന്ന തെലങ്കാനയിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കിക്കൊണ്ടായിരുന്നു ടി.ആർ.എസിന്റെ വിജയം. എന്നാൽ അതേ കെ.സി.ആറിന്റെ അടിത്തറ ഇളക്കിക്കൊണ്ടാണ് ഇപ്പോൾ കോൺഗ്രസ് ആദ്യമായി തെലങ്കാനയിൽ അധികാരത്തിലേക്ക് വരുന്നത്.
രണ്ട് തവണ തുടർച്ചയായി തെലങ്കാനയിൽ അധികാരത്തിൽ വന്നതോടെ ദേശീയ രാഷ്ട്രീയത്തിലെ വളർച്ച കൂടി കെ.സി.ആർ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നങ്ങൾക്ക് കൂടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരിക്കുന്നത്. ഒരു ഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വളർച്ച സ്വപ്നം കണ്ട് പാർട്ടിയുടെ പേര് ടി.ആർ.എസ്സിൽ നിന്ന് ബി.ആർ.എസ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. അതും ഇനി അതിമോഹമാകും.
മറുനാടന് മലയാളി ബ്യൂറോ