- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാന വികാരം ആളിക്കത്തിച്ച പ്രചാരണം; സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ 'കൈപിടിച്ച്' തെലങ്കാന; സംസ്ഥാനത്തിന്റെ 'പിതാവിനെ' കൈവിട്ട് ജനങ്ങൾ; 'സൂപ്പർസ്റ്റാറായി' രേവന്ത് റെഡ്ഡി; ഈ വിജയം ഉമ്മൻ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്
അമരാവതി: തെലങ്കാന വികാരം ഒരിക്കൽ കൂടി ആളിക്കത്തിച്ചുള്ള പ്രചാരണമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ മഹാമേരുവായി നിന്ന കൽവാകുന്തള ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയെ വീഴ്‌ത്തി അധികാരം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. സംസ്ഥാനത്ത് തെലങ്കാന വികാരം ശക്തമാണെന്ന തിരിച്ചറിവാണ് തെലങ്കാന സംസ്ഥാന രൂപീകരണവും അതിൽ കോൺഗ്രസിന്റെയും സോണിയ ഗാന്ധിയുടെയും പങ്കും എടുത്തുകാട്ടി പ്രചാരണം നടത്താൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.
ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെലങ്കാന മേഖലയുടെ പിന്നാക്കാവസ്ഥയിൽ ചൂടുപിടിച്ച ജനരോഷത്തെ തുടർന്ന് ദശകങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ, ആന്ധ്രപ്രദേശ് വിഭജിച്ചാണ് 2014 ജൂൺ രണ്ടിന് തെലങ്കാന സംസ്ഥാനം യാഥാർഥ്യമായത്. സംസ്ഥാനം രൂപീകരിച്ചതിന്റെ ക്രെഡിറ്റ്, അക്കാലത്ത് കേന്ദ്രത്തിൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിനും 2009 മുതൽ പ്രക്ഷോഭങ്ങൾക്കു പുതുജീവൻ പകർന്ന തെലങ്കാന രാഷ്ട്ര സമിതി സ്ഥാപകനും അധ്യക്ഷനുമായ കെസിആറിനും ഒരുപോലെ അവകാശപ്പെട്ടതാണ്.
പക്ഷേ സംസ്ഥാനത്തു നടന്ന ആദ്യ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കിയത് തെലങ്കാന രാഷ്ട്ര സമിതിയായിരുന്നു. തെലങ്കാന സമരനായകനായി വാഴ്‌ത്തപ്പെട്ട ചന്ദ്രശേഖർ റാവു തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായി. ഇത്തവണ പക്ഷേ തെലങ്കാന കോൺഗ്രസിന്റെ കൈപിടിച്ചു. കോൺഗ്രസിനു കൈ കൊടുക്കാനുള്ള തെലങ്കാന ജനതയുടെ തീരുമാനം സംസ്ഥാന രൂപീകരണത്തിന് അനുവാദം നൽകിയ അക്കാലത്തെ കോൺഗ്രസ് കേന്ദ്രസർക്കാരിനും സോണിയ ഗാന്ധിക്കുമുള്ള അംഗീകാരം കൂടിയായി മാറുകയാണ്.
മൂന്നാമങ്കത്തിന് ഇത്തവണ ഇറങ്ങിയ ചന്ദ്രശേഖർ റാവുവിന് പുത്തൻ തന്ത്രങ്ങളുമായി കളംനിറയുന്ന കോൺഗ്രസിനെയാണ് കാണാനായത്. സംസ്ഥാന രൂപീകരണത്തിൽ കോൺഗ്രസിന്റെയും സോണിയ ഗാന്ധിയുടെയും പങ്ക് ഉയർത്തിക്കാട്ടാൻ നേതാക്കൾ പ്രചാരണത്തിലുടനീളം പ്രത്യേകം ശ്രദ്ധിച്ചു. സംസ്ഥാനത്തിന്റെ പിതാവായി ചന്ദ്രശേഖർ റാവുവിനെ ബിആർഎസ് വിശേഷിപ്പിച്ചപ്പോൾ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായിരിക്കെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരാണ് തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയതെന്നും സോണിയ ഗാന്ധി തെലങ്കാനയുടെ മാതാവാണെന്നും വാദിച്ച് കോൺഗ്രസും പ്രചാരണം കൊഴുപ്പിച്ചു.
ഇക്കഴിഞ്ഞ നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ സോണിയ പ്രചാരണത്തിനെത്തിയ ഏക സംസ്ഥാനം തെലങ്കാന ആണെന്നതും സംസ്ഥാനത്ത് ഭരണം പിടിക്കുന്ന കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി പ്രചാരണവേളയിൽതന്നെ പ്രഖ്യാപിച്ച തീയതി ഡിസംബർ 9 ആണെന്നതും യാദൃച്ഛികമല്ല. സോണിയ ഗാന്ധിയുടെ ജന്മദിനമാണ് ഡിസംബർ ഒൻപത്.
തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണ്. ആന്ധ്ര വിഭജിക്കുമ്പോൾ കെസിആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാൽ, കെസിആർ അധികാര രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏൽപ്പിച്ചു.
പാർട്ടിയെ തെലങ്കാനയിൽ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് തെലങ്കാനയിൽ ശക്തമായി തിരിച്ച് വന്നപ്പോൾ ആ വിജയത്തിൽ നിർണായക പങ്കാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്ന് നേതൃത്വം പറയുന്നു.
തെലങ്കാനയിൽ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോൺഗ്രസ് മുന്നേറുമ്പോൾ സൂപ്പർസ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരനും. രേവന്ത് റെഡ്ഡി മുന്നിൽനിന്നും നയിച്ച തെരഞ്ഞെടുപ്പിൽ കെസിആറിന് അടിതെറ്റി.
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോൺഗ്രസിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയിൽ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ജീവശ്വാസം നൽകുന്നതാണ് തെലങ്കാനയിലെ വിജയം. കർണാടകയിലെ പാഠം ഉൾകൊണ്ട് കോൺഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങൾക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേർന്നതോടെ വിജയം എളുപ്പമായി.
മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്. മധുരം വിതരണം ചെയ്തും റോഡ് ഷോ നടത്തിയും പടക്കം പൊട്ടിച്ചുമാണ് കോൺഗ്രസ് പ്രവർത്തകർ തെലങ്കാനയിലെ വിജയം ആഘോഷിക്കുന്നത്.
ബിആർഎസ് വിട്ട രേവന്ത് റെഡ്ഡി 2017ലാണ് കോൺഗ്രസിലെത്തുന്നത്. 2021ൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്കുമെത്തി. ഇവിടെനിന്നാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ ഉയിർത്തേഴുന്നേൽപ്പിന് തുടക്കമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി രാജിവെച്ചതോടെയാണ് രേവന്ത് റെഡ്ഡി നേതൃനിരയിലേക്ക് എത്തുന്നത്.
ജനം ഒന്നാകെ രേവന്ത് റെഡ്ഡിയെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്. ബിആർഎസ് സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രേവന്ത് റെഡ്ഡി മുന്നിൽനിന്നു. കോൺഗ്രസ് നേതൃത്വവും രേവന്ത് റെഡ്ഡിക്കൊപ്പം അണിനിരന്നതോടെ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.
2014ൽ ആന്ധ്രാപ്രദേശിൽനിന്ന് തെലങ്കാന വിഭജിക്കപ്പട്ടതുമുതൽ പാർട്ടിക്ക് വോട്ട് ചെയ്ത ബിആർഎസ് കോട്ടയായ കാമറെഡ്ഡിയിലും രണ്ടാമത്തെ സീറ്റായ കൊടംഗലിലും രേവന്ത് റെഡ്ഡി മത്സരിക്കുന്നുണ്ട്. കൊടംഗലിൽ 32800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേവന്ത് റെഡ്ഡിയുടെ വിജയം. കെസിആറിന് മൂന്നാമൂഴം നൽകാതെയാണ് തെലങ്കാന കൈ പിടിച്ചത്. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്.