ജയ്പുർ: രാജസ്ഥാൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലിരുന്ന കോൺഗ്രസിനെ താഴെയിറക്കി ഒരിക്കൽ കൂടി ബിജെപിക്ക് ഭരിക്കാനുള്ള അവകാശം നൽകി. ബിജെപി, കോൺഗ്രസ് സർക്കാരുകളെ മാറിമാറി വരിക്കുന്ന പതിവ് രാജസ്ഥാനിൽ ഇത്തവണയും തുടരുമെന്ന് ഉറപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മികച്ച പ്രകടനം തുടരാൻ പ്രാപ്തമായ നേതൃത്വത്തെയാകും അധികാരം ഏൽപ്പിക്കുക.

മുൻ മുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായയുമായ വസുന്ധര രാജെ സിന്ധ്യ, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗജേന്ദ്രസിങ് ഷെഖാവത്ത്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. മോദിയും അമിത് ഷായുമുൾപ്പെടുന്ന കേന്ദ്ര നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോകുന്ന വസുന്ധരയെ തഴഞ്ഞ് അധികാരത്തിലേക്ക് പുതിയ മുഖത്തെ എത്തിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാതെ തന്ത്രപൂർവമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പു നടന്ന മറ്റു നാലു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ഏറ്റവും വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന രാജസ്ഥാനിൽ, തമ്മിലടിയും പടലപ്പിണക്കങ്ങളും ഒഴിവാക്കുന്നതിനായിരുന്നു ഇത്. എല്ലാ നേതാക്കളുടെയും ഉത്സാഹം ഉറപ്പാക്കുന്നതിനും. അത് വിജയിച്ചതോടെ ഇനി മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകും എന്നതാണ് കേന്ദ്രനേതൃത്വത്തിന് മുന്നിലുള്ള ചോദ്യം.

രണ്ടു പതിറ്റാണ്ടോളമായി രാജസ്ഥാനിൽ ബിജെപിയുടെ മുഖമായ എഴുപതുകാരിയായ വസുന്ധര രാജെയെ പാർട്ടി നേതൃത്വത്തിന് അത്രവേഗം അവഗണിക്കാൻ കഴിയില്ല. ഇത്തവണ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചപ്പോൾ വസുന്ധരയെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പാർട്ടി ആസ്ഥാനത്തേക്ക് പോലും പ്രതിഷേധം നീണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വസുന്ധരയെ പിണക്കി മുന്നോട്ടു പോകാൻ കേന്ദ്രനേതൃത്വം തയ്യാറായേക്കില്ല. അതിനാൽ ഇത്തവണയും വസുന്ധരയ്ക്കു തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണു സാധ്യത കൂടുതലെന്നാണു വിലയിരുത്തൽ.

വസുന്ധരയോടു ദേശീയ നേതൃത്വത്തിന് അത്ര താൽപര്യമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വസുന്ധരയെ അത്ര എളുപ്പം അവഗണിക്കാനാകില്ല. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമേ ശേഷിക്കുന്നു എന്നതും വസുന്ധരയെ വെട്ടുന്നതിൽനിന്ന് ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കാനാണു സാധ്യത.

'മാറ്റത്തിനായി ഒറ്റക്കെട്ട്' എന്ന മുദ്രാവാക്യമുയർത്തിയാണു ബിജെപി നേതാക്കൾ രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുദ്രാവാക്യത്തിലെ ഉദ്ദേശ്യം ഭരണമാറ്റമായിരുന്നെങ്കിലും വസുന്ധരയെ മാറ്റുക എന്ന രഹസ്യ അജൻഡയും ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ മനസ്സിലുണ്ട്. അത് ഏറ്റവും നന്നായി അറിയാവുന്നയാൾ വസുന്ധര തന്നെ. തിരഞ്ഞെടുപ്പു കളത്തിലും പാർട്ടിക്കുള്ളിലും പോരാട്ടത്തിലാണു വസുന്ധര.

വലിയ ഭൂരിപക്ഷത്തോടെയാണു ബിജെപിയുടെ ജയമെങ്കിൽ അതിന്റെ ക്രെഡിറ്റും ആരു മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനു ലഭിക്കുമായിരുന്നു. കേന്ദ്രം പിടിമുറുക്കിയാൽ വസുന്ധരയുടെ വഴിയടയാനും ഇടയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിപക്ഷം 14 - 15 സീറ്റുകൾ മാത്രമായതിനാൽ, വസുന്ധര പറയുന്നിടത്തു കാര്യങ്ങൾ നിൽക്കാനാണു സാധ്യത.

രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായ വസുന്ധര രാജെ, അഞ്ചു തവണ പാർലമെന്റിലും അംഗമായിരുന്നു. നിലവിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാർട്ടിയുമായി അകൽച്ചയിലായിരുന്നു. പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.

ഇത്തവണ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടണമെന്ന് അനുനായികൾ ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം വഴങ്ങിയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ വസുന്ധരയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നതിനാൽ, അവരുടെ വിശ്വസ്തരായ നാൽപ്പതിലധികം പേർക്ക് ബിജെപി ടിക്കറ്റ് നൽകി. രാജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി.

വസുന്ധര രാജെ സിന്ധ്യ എന്ന മുതിർന്ന നേതാവിനു പകരക്കാരിയെന്ന സൂചനയോടെ ബിജെപി അവതരിപ്പിച്ച ദിയ കുമാരിയെ ഒരുവിഭാഗം ഉറ്റുനോക്കുന്നുണ്ട്. വിദ്യാധർ നഗറിൽനിന്നു വൻ ഭൂരിപക്ഷത്തിൽ ജയിച്ച ദിയയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവം. അതിനിടെ എല്ലാം പാർട്ടി തീരുമാനിക്കുമെന്ന തന്ത്രപരമായ മറുപടി നൽകി ദിയ രംഗത്ത് വന്നുകഴിഞ്ഞു.

''മുഖ്യമന്ത്രി പദവി സ്വീകരിക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. പാർട്ടിയുടെ ഉന്നത നേതൃത്വമാണ് ഇക്കാര്യം തീരുമാനിക്കുക. രാജസ്ഥാൻ മുഖ്യമന്ത്രിയായി എന്നെ കാണണമെന്നു ജനം ആഗ്രഹിക്കുന്നു, അത് അവരുടെ സ്‌നേഹമാണ്. ആരാണു മുഖ്യമന്ത്രിയാവുക എന്നതു പാർലമെന്ററി ബോർഡാണു തീരുമാനിക്കുക എന്നായിരുന്നു ദിയയുടെ മറുപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഗംഭീരപ്രകടനം കാഴ്ചവയ്ക്കും. 3 സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു. ഞങ്ങൾ വളരെയേറെ സന്തോഷത്തിലാണ്. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തെ ജനം തൂത്തെറിഞ്ഞു. ബിജെപിയുടെ വികസന ഭരണത്തിനാണ് അവർ വോട്ട് ചെയ്തത്'' അനുയായികളുടെ മുദ്രാവാക്യങ്ങൾക്കിടെ ദേശീയ മാധ്യമത്തോടു ദിയ പറഞ്ഞു.

ജയ്പുർ രാജകുടുംബത്തിൽനിന്ന് തിരഞ്ഞെടുപ്പിനിറങ്ങിയ രണ്ടാമത്തെ രാജകുമാരിയാണു ദിയ. കോൺഗ്രസിന്റെ സീതാറാം അഗർവാൾ ആയിരുന്നു പ്രധാന എതിർസ്ഥാനാർത്ഥി. 71,368 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയം. 2013ൽ സവായ് മാധോപുർ നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യം ജയിച്ചത്. അന്നു രാജസ്ഥാൻ രാഷ്ട്രീയത്തിലെ അതികായൻ കിരോടി ലാൽ മീണയെ തോൽപിച്ചു.

പിന്നീട് 2019ൽ രാജ്സമന്ദിൽനിന്ന് 5.51 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക്. ആ കാലാവധി പൂർത്തിയാക്കും മുൻപാണ് വിദ്യാധർനഗറിലെ നിയമസഭാ സീറ്റിലേക്കുള്ള വരവ്. മൂന്നു തവണ ജയിച്ച നർപത് സിങ് രാജ്വിയെ ഒഴിവാക്കിയാണു ബിജെപി ദിയയ്ക്കു സീറ്റ് കൊടുത്തതും.

മുതിർന്ന നേതാവ് വസുന്ധര രാജ സിന്ധ്യക്കൊപ്പം ജയ്പൂർ മുൻ രാജകുടുംബാംഗമായ ദിയാ കുമാരിയെയും പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായ മാൻ സിങ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി. ജയ്പൂരിന്റെ മകൾ, തെരുവുകളിൽ നടക്കുന്ന രാജകുമാരി എന്നീ വിശേഷണങ്ങളോടെയാണ് ദിയ ഇക്കുറി വോട്ടുതേടാനിറങ്ങിയത്. ജനങ്ങൾക്കിടയിൽ ജനപ്രിയ രാഷ്ട്രീയക്കാരിയായി അവർ മാറി.

അതേസമയം, രാജസ്ഥാനിൽ ബിജെപിയുടെ രജ്പുത്ത് മുഖമാണ് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖനാണ് ഈ അൻപത്തിയാറുകാരൻ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജോധ്പുരിൽനിന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പുത്രൻ വൈഭവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ആർഎസ്എസിനും ബിജെപി ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാണ് എന്നത് ഇദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

2020ൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഷെഖാവത്ത് ശ്രമം നടത്തുന്നതായി ഗെലോട്ട് ആരോപിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് വസുന്ധര രാജെ ഇദ്ദേഹത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കത്തെ എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗെലോട്ടിന്റെ അടുപ്പക്കാരനായ രാമേശ്വർ ദാദിച്ചിനെ ബിജെപി പാളയത്തിലെത്തിക്കാൻ മുന്നിൽനിന്നതും ഇദ്ദേഹം തന്നെ.

ബിജെപിയുടെ ജാട്ട് മുഖമായ അൻപത്തൊൻപതുകാരൻ സതീഷ് പൂനിയ, ചിത്തോർഗഡിൽനിന്നുള്ള എംപി ചന്ദ്രപ്രകാശ് ജോഷി, അൽവാറിൽനിന്നുള്ള ലോക്‌സഭാംഗം ബാബ ബാലക്‌നാഥ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അർജുൻ റാം മേഘ്വാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള മറ്റൊരു നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന മേഘ്വാൾ, രാജസ്ഥാനിൽ ബിജെപിയുടെ ദലിത് മുഖങ്ങളിൽ ഒന്നാണ്. മൂന്നു തവണ പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. മികച്ച ഭരണാധികാരിയെന്ന നിലയിൽ പേരെടുത്ത വ്യക്തി കൂടിയാണ് ഈ അറുപത്തൊൻപതുകാരൻ. 2009ൽ ഐഎഎസ് ഉപേക്ഷിച്ചാണ് ബിക്കാനീർ മണ്ഡലത്തിൽനിന്ന് ബിജെപിക്കായി ലോക്‌സഭയിലേക്കു മത്സരിച്ചത്.