- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിനെ ഇരുത്തി ഖർഗയെ ഉയർത്തിക്കാട്ടിയ മമത; കെജ്രിവാളിന്റെ പിന്തുണയ്ക്കൊപ്പം 12 പേരും കോൺഗ്രസ് അധ്യക്ഷനെ അംഗീകരിച്ചു; 'ചതി' തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാർത്ഥി വേണ്ടെന്ന് പ്രഖ്യാപിച്ച ഖർഗെ; 'ഇന്ത്യാ' സഖ്യം ജയിച്ചാൽ ഇനി ആർക്കും പ്രധാനമന്ത്രിയാകാം; കോൺഗ്രസിനെ കൊണ്ടു തന്നെ തീരുമാനം പ്രഖ്യാപിച്ച് 'ദീദി' ബുദ്ധി
ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തിയാൽ പ്രതിപക്ഷത്തുള്ള ആർക്കും പ്രധാനമന്ത്രിയാകാം...! പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ വേണ്ടെന്ന് 'ഇന്ത്യാ' സഖ്യം ഏതാണ്ട് തീരുമാനിച്ചിരിക്കുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അതിബുദ്ധിയാണ് ഇതിന് കാരണം. കോൺഗ്രസിനെ കൊണ്ടു തന്നെ ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിക്കാൻ തൃണമൂലിന്റെ നീക്കത്തിന് കഴിഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയായ ദീദി എല്ലാ അർത്ഥത്തിലും അമ്പരപ്പിക്കുന്ന തരത്തിലാണ് നീങ്ങിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്റെ പേര് മമത പറയുന്നത് കേട്ട് ഞെട്ടിയെന്നാണ് സൂചന.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നതാണ് ആദ്യത്തെ കാര്യമെന്നും ആരു പ്രധാനമന്ത്രിയാകും എന്നത് രണ്ടാമത്തേതാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തന്നെ വിശദീകരിച്ചിരിക്കുന്നു. പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖർഗെയുടെ പേര് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ ഫലത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയായി. അധികാരത്തിൽ എത്തിയാൽ പോലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് പരോക്ഷമായി പറഞ്ഞു വയ്ക്കുക കൂടിയാണ് മമത. ഈ നീക്കത്തെ ആംആദ്മി അടക്കം പിന്തുണച്ചു.
രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയുള്ള പ്രചരണമായിരുന്നു കോൺഗ്രസിന്റെ മനസ്സിൽ. ഇത് മനസ്സിലാക്കിയാണ് മമതാ ഖർഗെയിലേക്ക് ചർച്ച എത്തിച്ചത്. ഇത് മനസ്സിലാക്കിയാണ് ഖർഗെ പ്രധാനമന്ത്രി പദത്തിൽ കരുതൽ എടുത്തത്. ''ആദ്യം നമുക്ക് ജയിക്കണം. ആരു പ്രധാനമന്ത്രിയാകും എന്നത് രണ്ടാമത്തേതാണ്. സാധ്യമായ പരമാവധി സീറ്റുകൾ നേടാൻ ശ്രമിക്കണം. ഭൂരിപക്ഷം നേടിയില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരൊന്നും ചർച്ച ചെയ്തിട്ട് കാര്യമില്ല. ബിജെപിയെയും നരേന്ദ്ര മോദിയെയും നിലത്തിറക്കേണ്ടതുണ്ട്. പ്രഥമ പരിഗണന തിരഞ്ഞെടുപ്പ് വിജയത്തിനാണ്. പ്രധാനമന്ത്രിയുടെ പേര് തീരുമാനിക്കുന്നതിന് മുൻപ് വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. എംപിമാരില്ലെങ്കിൽ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല. ഭൂരിപക്ഷം നേടുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും'' ഖർഗെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖർഗെയുടെ പേര് യോഗത്തിൽ മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തെ പ്രമുഖ ദലിത് മുഖമായ ഖർഗെയ്ക്ക് യോഗത്തിൽ വ്യാപക പിന്തുണയും ലഭിച്ചു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളിൽ 12 പേർ നിർദ്ദേശത്തെ പിന്തുണച്ചു. രാഹുൽ ഗാന്ധിയെ വെട്ടാനുള്ള നീക്കം പക്ഷേ ഖർഗെയ്ക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ കരുതലോടെയുള്ള നിലപാടുമായി ഖർഗെ എത്തി. ഫലത്തിൽ ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ല. ഇതോടെ മമതയ്ക്കും കെജ്രിവാളിനും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും എല്ലാം ബിജെപിക്ക് അടിതെറ്റിയാൽ പ്രധാനമന്ത്രിയാകാമെന്ന സ്ഥിതി വരികയാണ്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്. മുന്നണിയുടെ നാലാമത്തെ യോഗമാണിത്. 28 പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തുവെന്ന് വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. മുതിർന്ന നേതാക്കളായ ശരദ് പവാർ, ലാലുപ്രസാദ് യാദവ്, നിതീഷ് കുമാർ, സോണിയാഗാന്ധി, രാഹുൽഗാന്ധി, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടെ ബംഗാളിൽ കോൺഗ്രസുമായും ഇടതുപാർട്ടികളുമായും സഖ്യം സാധ്യമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമതാ ബാനർജി പുതിയ നിലപാട് എടുത്തു. ഇതുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചയ്ക്ക് തയാറാണെന്നും മമത പറഞ്ഞു. ''ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും കോൺഗ്രസിനും സഖ്യകക്ഷികളാകാൻ സാധിക്കും. അവർക്ക് സദുദ്ദേശ്യമാണെങ്കിൽ എനിക്കതിൽ പ്രശ്‌നമില്ല. ബംഗാളിൽ രണ്ടു സീറ്റുമാത്രമാണ് അവർക്കുള്ളത്. ഒരു തുറന്ന ചർച്ചയ്ക്ക് ഞാൻ തയാറാണ്'' മമതാ ബാനർജി വ്യക്തമാക്കി.
ഡിസംബർ 19ന് നടക്കുന്ന ഇന്ത്യ മുന്നണിയുടെ യോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാവരും ഒരുമിച്ചു നിൽക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മമത പ്രതികരിച്ചു. ''സീറ്റുവിഭജനം സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ചചെയ്യാൻ അവസരം ലഭിക്കുമെന്നാണു കരുതുന്നത്. ഓരോ സീറ്റുകൾ വച്ചുമാറാൻ മിക്ക രാഷ്ട്രീയപാർട്ടികളും തയാറാകുമെന്നു കരുതുന്നു. ഒന്നോ രണ്ടോ പാർട്ടികൾ ചിലപ്പോൾ തയാറായില്ലെന്നു വരാം'' മമത കൂട്ടിച്ചേർത്തു.
ആരാകും ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന ചോദ്യത്തിനു 2024ലെ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്നും മമത പറഞ്ഞു. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിനായി കൈക്കൂലി വാങ്ങി എന്ന തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കേസിനെ കുറിച്ച് മമത പറഞ്ഞതിങ്ങനെ: ''ഈ കേസ് വളരെ ദൗർഭാഗ്യകരമാണ്. സ്വയം പ്രതിരോധിക്കാൻ അവരെ അനുവദിച്ചില്ല. പ്രതിപക്ഷം ആശയങ്ങൾ ഉന്നയിക്കുമ്പോൾ അവരെ പുറത്താക്കുകയാണ് ചെയ്യുന്നത്. ബിജെപിയിലാണെങ്കിൽ നിങ്ങൾ വളരെ നല്ലവരായിരിക്കും'' മമത അഭിപ്രായപ്പെട്ടു.




