- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖാർഗയെ ഉയർത്തി കോൺഗ്രസിനെ വെട്ടിലാക്കി; വരാണാസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ചർച്ച ഉയർത്തിയതും 'ചതി'; യുപിയിൽ എസ് പി ഇടഞ്ഞു തന്നെ; ബംഗാളിൽ സിപിഎമ്മും സഖ്യത്തിന് ഇല്ല; കൂറു മുന്നണിക്കുള്ള മമതയുടെ മോഹം പൊളിയുമോ? 'ഇന്ത്യ' സഖ്യം ഇപ്പോഴും പ്രതീക്ഷയിൽ
ന്യൂഡൽഹി: പ്രതിപക്ഷത്തെ 'ഇന്ത്യ' സഖ്യത്തിന്റെ ഭാവിയിൽ സീറ്റ് വിഭജനം നിർണ്ണായകമാകും. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉയർത്തിയ ചർച്ചകൾ സഖ്യത്തിന് വെല്ലുവിളിയാണ്. പ്രധാനമന്ത്രിയുടെയോ സഖ്യത്തിന്റെ കൺവീനറുടെയോ മുഖമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന മമതയുടെ ആവശ്യം കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. അതിന് അപ്പുറത്തേക്ക് മമത ഉയർത്തിയ നിർദ്ദേശവും കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ തൽകാലം പ്രശ്‌നങ്ങൾക്ക് പോകില്ല. അതിനിടെ ഉത്തർപ്രദേശിൽ എസ് പിയും ഇടഞ്ഞു നിൽക്കുകയാണ്.
കോൺഗ്രസിനെ 'ഇരുത്തു'കയെന്ന ഉദ്ദേശ്യത്തോടെയാണ് മമത എത്തിയതെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. ഡൽഹിയിലെത്തിയതിനു പിന്നാലെ കെജ്രിവാൾ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ എന്നിവരെയും മമത കണ്ടു ചർച്ച നടത്തിയിരുന്നു. സ്റ്റാലിനെ കെജ്രിവാളും സന്ദർശിച്ചു. അതിനുശേഷമാണ് മമത യോഗത്തിൽ ഖാർഗെയെ മുന്നിൽ നിർത്തണമെന്ന നിലപാടെടുത്തത്. ഇതിനെ കെജ്രിവാൾ പിന്തുണച്ചെങ്കിലും മറ്റുള്ളവർ പ്രതികരിച്ചില്ല. മുന്നണിക്കുള്ളിൽ കൂറു മുന്നണിയുണ്ടാക്കാനുള്ള മമതയുടെ നീക്കമായാണ് ഇതെല്ലാം വിലയിരുത്തുന്നത്.
ഇന്ത്യാ സഖ്യത്തിന്റെ നാലാംയോഗം ബിജെപി.ക്കെതിരേയുള്ള 28 പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകുമെന്ന പ്രതീക്ഷ തകർത്ത് മമതയുടെ നീക്കമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഖാർഗെയെ ഉയർത്തിക്കാട്ടണമെന്നാണ് മമതയുടെ ആവശ്യം. എന്നാൽ, ഇതിനുപിന്നിൽ ഗാന്ധി കുടുംബത്തിന്റെയും നിതീഷ് കുമാറിന്റെയും പ്രതിക്ഷ തടയുകയാണ് ലക്ഷ്യം. 81 പിന്നിട്ട ഖാർഗെയെ ദളിത് മുഖമെന്ന് പറഞ്ഞ് മോദിക്കെതിരേ അവതരിപ്പിക്കുകയായിരുന്നു ഖാർഗെ. ഇത് കോൺഗ്രസിന് പോലും സ്വീകാര്യമല്ലെന്ന് മമതയ്ക്ക് തന്നെ അറിയാം. എന്നിട്ടും ഇത്തരത്തിൽ നിലപാട് എടുത്തത് എന്തിനെന്ന് വ്യക്തമല്ല.
ഖാർഗയെ മുന്നിൽ നിർത്തിയാൽ ഗുണത്തെക്കാളേറെ ദോഷമാകുമെന്നാണ് കോൺഗ്രസിലെ മിക്ക നേതാക്കളുടെയും അടക്കംപറച്ചിൽ. മമതതയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പിന്തുണച്ചു. രാഹുൽ പ്രതികരിച്ചില്ലെങ്കിലും നിതീഷ് തനിക്ക് പ്രധാനമന്ത്രിപദ മോഹമില്ലെന്ന് യോഗത്തിൽ പറഞ്ഞിരുന്നു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രയങ്കാ ഗാന്ധി മത്സരിക്കണമെന്ന നിർദേശവും മമത മുന്നോട്ടുവച്ചു. ഇതിലും കോൺഗ്രസിന് സംശയമുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ചർച്ച തുടങ്ങി വയ്ക്കുന്നത് പോലും ശരിയായില്ലെന്നാണ് വിലയിരുത്തൽ.
ഹിന്ദി ഹൃദയഭൂവിലെ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യസാധ്യത ഇല്ലാതാക്കിയതിൽ കോൺഗ്രസിനെ എസ്‌പി. നേതാവ് രാംഗോപാൽ യാദവും ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവുമടക്കം വിമർശിച്ചു. എന്നാൽ, ഇതെല്ലാം മറന്ന് മുന്നോട്ടുനീങ്ങാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ബി.എസ്‌പി.യുടെ പിന്തുണ തേടുന്നെന്ന വാർത്തയിൽ എസ്‌പി. നേതാവ് രാം ഗോപാൽ യാദവ് അനിഷ്ടമറിയിച്ചു. ബി.എസ്‌പി.യുമായി ധാരണയുണ്ടാക്കിയാൽ 'ഇന്ത്യ'യിൽ തങ്ങളുണ്ടാകില്ലെന്ന് എസ്‌പി. അറിയിച്ചു.
ഖാർഗെയെ മാധ്യമങ്ങൾ ആഘോഷിച്ചതോടെ നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും യോഗതീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനം ബഹിഷ്‌കരിച്ചു. ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയെ പിന്നീട് നിശ്ചയിക്കുമെന്നുമാണ് ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞത്. അതിനിടെ ബംഗാളിൽ ബിജെപിയെ തോൽപ്പിക്കാൻ മമതാ ബാനർജിയുടെ സഖ്യവാഗ്ദാനം തള്ളി സിപിഎം. രംഗത്തു വന്നു. ബംഗാളിൽ കോൺഗ്രസിനും മറ്റ് മതേതര പാർട്ടികൾക്കുമൊപ്പം മത്സരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രമുഖരെ നിർത്താൻ 'ഇന്ത്യ' മുന്നണി നീക്കം. നിതീഷ് കുമാറിന്റെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകളാണ് കേൾക്കുന്നത്. അവർ തയ്യാറല്ലെങ്കിൽ 2014ലേതു പോലെ കേജ്രിവാളിനോട് മത്സരിക്കാൻ ആവശ്യപ്പെടും. 2004 ഒഴികെ 1991 മുതൽ തുടർച്ചയായി ബിജെപി ജയിക്കുന്ന മണ്ഡലമാണ് വാരാണസി. 2014ലും 2019ലും മോദി വൻഭൂരിപക്ഷത്തിനാണ് ജയിച്ചത്.




