- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്ററിൽ റെയ്ഡ് വരുമോ? സിപിഎം ചുവട് മാറ്റി കളിക്കും
തിരുവനന്തപുരം: മാസപ്പടി ആരോപണം ഉയർന്നപ്പോൾ അസാധാരണവേഗത്തിലും അസ്വാഭാവികരീതിയിലും എക്സാലോജിക്കിന്റെ സംരക്ഷണം സിപിഎം. ഏറ്റെടുത്തതിനാൽ എസ്.എഫ്.ഐ.ഒ. അന്വേഷണം പാർട്ടിക്കും നിർണ്ണായകം. കോടിയേരി ബാലകൃഷ്ണനെ അനുകൂലിക്കുന്നവർ കരുതലോടെ കാത്തിരിക്കുകായണ്. കോടിയേരിയുടെ മകൻ കേസിൽ കുടുങ്ങിയപ്പോൾ സിപിഎം പിന്തുണച്ചില്ല. അത് വ്യക്തിപരമെന്ന് പറഞ്ഞൊഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കാര്യം വന്നപ്പോൾ എല്ലാം സിപിഎം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഇനി പ്രതികരിക്കാനില്ലെന്ന സൂചന സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയിരുന്നു. അതിനിടെയിലും സിപിഎമ്മിലെ ഒരു വിഭാഗം തിരിച്ചടിക്ക് ഒരുങ്ങുകയാണ്.
രണ്ടുകമ്പനികൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാട് എന്നതായിരുന്നു മാസപ്പടി ആരോപണം പുറത്തുവന്നഘട്ടത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ വിശദീകരണം. വീണയ്ക്ക് വിശദീകരിക്കാൻപോലും അവസരം നൽകാതെ, ഉന്നതരാഷ്ട്രീയനേതാവിന്റെ മകളായതിനാൽ പണം നൽകിയെന്ന് ഉത്തരവിൽ ഉൾപ്പെടുത്തിയതിൽ സിപിഎം. രാഷ്ട്രീയലക്ഷ്യം ആരോപിക്കുകയുംചെയ്തു. കർണ്ണാടക ഹൈക്കോടതി ഹർജിയോടെ ഇതെല്ലാം അസ്ഥാനത്തായി. അസ്വാഭാവികത തെളിയുകയും ചെയ്തു. ഇതോടെ ഇനി സിപിഎം വീണയെ പരസ്യമായി പിന്തുണയ്ക്കില്ല. ഇത് വ്യക്തമാക്കുന്ന തരത്തിലായിരുന്നു എംവി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളും. പാർട്ടിയെ തകർക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് നേരത്തെ പറഞ്ഞതാണ്. പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഏത് കേന്ദ്ര ഏജൻസിയെ കൊണ്ടുവന്നാലും കേരളത്തിൽ വിലപ്പോകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം ഇല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സിപിഎം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടിയെന്ന് സംസ്ഥാന സെക്രട്ടറി പറയുകയും ചെയ്തു. ഈ പ്രസ്താവനകൾ പിണറായിയേയും ഞെട്ടിച്ചിട്ടുണ്ട്. പാർട്ടിയിലെ എല്ലാ കരുത്തും ശേഖരിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് പിണറായിയുടെ തീരുമാനം.
വരുംദിവസങ്ങളിൽ എസ്.എഫ്.ഐ.ഒ. അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കും. നോട്ടീസ് നൽകി വീണാ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും സാധ്യതയുണ്ട്. വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ വീണ തയ്യാറായേക്കും. ജാമ്യത്തിനായി കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ഇതിനെല്ലാം മുമ്പ് തന്നെ എസ് എഫ് ഐ ഒ നടപടികൾ തുടങ്ങും. വീണയുടെ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് എകെജി സെന്ററാണ്. അതുകൊണ്ട് തന്നെ എകെജി സെന്ററിലും എസ് എഫ് ഐ ഒ പരിശോധനയ്ക്ക് എത്താൻ സാധ്യതയുണ്ട്. പാർട്ടി ഓഫീസിൽ ആരേയും കയറ്റില്ലെന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിൽ കൂടിയാണ് വീണയെ സിപിഎം സെക്രട്ടറി തള്ളി പറഞ്ഞത്.
സേവനംനൽകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയാൽ അത് വലിയ രാഷ്ട്രീയപ്രത്യാഘാതത്തിനാകും വഴിവെക്കുക. ഇത് മനസ്സിലാക്കിയാണ് എംവി ഗോവിന്ദൻ കളം മാറ്റി ചവിട്ടിയത്. രജിസ്ട്രാർ ഓഫ് കമ്പനീസ് പ്രാഥമിക അന്വേഷണം നടത്തുകയും വീണയ്ക്ക് വിശദീകരണത്തിന് അവസരം നൽകുകയും ചെയ്തു. വീണയ്ക്ക് കാര്യമായി ഒന്നും വിശദീകരിക്കാനില്ലെന്നും ദുരൂഹമായ ഇടപാടാണ് നടന്നതെന്ന് സംശയം പ്രകടിപ്പിച്ച് ആർ.ഒ.സി. റിപ്പോർട്ട് നൽകുകയും ചെയ്തപ്പോൾ സിപിഎം. അതിൽ ചാടിപ്പിടിച്ചില്ല. വീണ വിശദീകരിക്കേണ്ടതെല്ലാം വിശദീകരിച്ചോളും എന്ന വിശദീകരണത്തിൽ നേതാക്കൾ ഒതുങ്ങി.
ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം വരുന്നത്. അതിനെ പ്രതിരോധിക്കാൻ ആദ്യം കോടതിയെ സമീപിച്ചത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐ.ഡി.സി.യാണ്. സർക്കാർ നിർദ്ദേശമനുസരിച്ച് സിറ്റിങ്ങിന് 25 ലക്ഷം നൽകി മുതിർന്ന അഭിഭാഷകനെ ഇറക്കി. പക്ഷേ, കേരള ഹൈക്കോടതി അന്വേഷണം തടഞ്ഞില്ല. ഇതെല്ലാം സർക്കാരിന്റെ വീണാ വിജയന് വേണ്ടിയുള്ള താൽപ്പര്യമാണെന്ന വിലയിരുത്തൽ സജീവമാണ്. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയതോടെ സിപിഎമ്മും കരുതൽ എടുക്കും.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഹർജി തള്ളിയെന്നും ഉത്തരവിന്റെ പകർപ്പ് ശനിയാഴ്ച ലഭ്യമാക്കുമെന്നും കോടതി വ്യക്തമാക്കി. 2013-ലെ കമ്പനീസ് ആക്ട് 210-ാം വകുപ്പുപ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടക്കുന്നതിനിടെ സമാന്തരമായി 212-ാം വകുപ്പ് പ്രകാരം എസ്.എഫ്.ഐ.ഒ. അന്വേഷണം നടത്താനാവില്ലെന്നായിരുന്നു വീണയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ. 1.72 കോടി രൂപ സോഫ്റ്റ്വേർ സേവനക്കരാറിന്റെ മറവിൽ എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.എഫ്.ഐ.ഒ. വാദിച്ചു.