തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് കേരളത്തിൽ യുഡിഎഫ് നേടിയത്. 18 സീറ്റിൽ വിജയം. അപ്പോഴും ഒരു സീറ്റിലെ തോൽവി തലവേദനയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. തൃശൂരിലെ ഏറ്റവും വലിയ അട്ടിമറകളിൽ ഒന്ന് 1996ൽ കെ കരുണാകരന്റേതായിരുന്നു. തന്നെ കോൺഗ്രസുകാർ തന്നെ മുന്നിൽ പിന്നിൽ നിന്നും കുത്തിയെന്നായിരുന്നു തോൽവിക്ക് ശേഷം കരുണാകരന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കമന്റുകളിൽ ഒന്നാണ് അത്. ഇവിടെയാണ് സിറ്റിങ് സീറ്റിൽ കെ മുരളീധരൻ എന്ന കരുണാകര പുത്രന്റെ തോൽവി. അതും മൂന്നാം സ്ഥാനം മാത്രം കിട്ടിയ തോൽവി. ഇത് കോൺഗ്രസിൽ ഇനിയുള്ള ദിനങ്ങളിൽ വലിയ ചർച്ചയാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറിയ വോട്ടിനാണ് കരുണാകരന്റെ മകൾ കൂടിയായ പത്മജാ വേണുഗോപാൽ തൃശൂരിൽ തോറ്റത്. അന്ന് രണ്ടു പേരാണ് തന്നെ തോൽപ്പിച്ചതെന്ന് പത്മജ ആരോപിച്ചിരുന്നു. അവരാണ് ചേട്ടന്റെ ഇരുവശവുമുള്ളതെന്നും ചേട്ടനേയും അവർ ഞെക്കി കൊല്ലുമെന്നും പത്മജ പ്രതികരിച്ചു. ടിഎൻ പ്രതാപൻ എന്ന സിറ്റിങ് എംപിയേയും എപി വിൻസന്റ് എന്ന മുൻ എംഎൽഎയ്‌ക്കെതിരേയുമായിരുന്നു പത്മജയുടെ ഒളിയമ്പ്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു. വിജയം ഉറപ്പിച്ചായിരുന്നു മുരളീധരൻ മത്സരിച്ചത്. ഇവിടെയാണ് അടിതെറ്റിയത്. അതുകൊണ്ട് തന്നെ തോൽവിയിൽ മുരളീധരൻ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. സമകാലിക കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിനായി വോട്ടുയർത്തുന്ന നേതാവെന്ന പേരും ഈ തോൽവിയോടെ മുരളീധരന് നഷ്ടമാകും.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഒരു കാലത്ത് തൃശൂർ. തൃശൂരിലെ നിയമസഭാ മണ്ഡലങ്ങൾ വരുന്ന മൂന്ന് പാർലമെന്റ് മണ്ഡലങ്ങളുണ്ട്. അതിൽ തൃശൂർ ജില്ലയിൽ നിന്നുള്ളവ മാത്രം ഉൾക്കൊള്ളുന്നതാണ് തൃശൂർ ലോക്‌സഭാ മണ്ഡലം. ഇവിടെ കോൺഗ്രസ് തോറ്റു. കോൺഗ്രസ് തോറ്റ രണ്ടാമത്തെ മണ്ഡലവും തൃശൂരിന്റെ ഭാഗമാണ്. ആലത്തൂർ. അവിടെ മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ സിപിഎമ്മിന്റെ കനൽത്തിരിയായി ജയിച്ചു കയറി. ചാലക്കുടിയിലും തൃശൂർ ജില്ലയുടെ പ്രാതിനിധ്യമുണ്ട്. ഇവിടെ ജയിക്കാൻ കോൺഗ്രസിന്റെ ബെന്നി ബെഹന്നാന് കഴിയുകയും ചെയ്തു.

തൃശൂരിലെ മണ്ഡലങ്ങളിലെ മികവിലാണ് ആലത്തൂരിലെ സിപിഎം സ്ഥാനാർത്ഥി രാധാകൃഷ്ണന്റെ വിജയം. അങ്ങനെ തൃശൂരിലെ കോൺഗ്രസിന് വലിയ നിരാശയാണ് ലോക്‌സഭാ ഫലം നൽകുന്നത്. ചാലക്കുടിയിൽ മത്സരിച്ച ബെന്നിക്കും തൃശൂരിലെ ജില്ലയിലെ മണ്ഡലങ്ങളിൽ വലിയ വോട്ട് വിഹിതം കിട്ടിയില്ലെന്നും സൂചനകളുണ്ട്. ഇതും കോൺഗ്രസിന്റെ തൃശൂരിലെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയായി വിലയിരുത്തും. കെ മുരളീധരന്റെ പ്രതികരണമാകും ഇനി ശ്രദ്ധേയമാകുക. കോൺഗ്രസിന് പരമ്പരാഗതമായി കിട്ടുന്ന വലിയ വിഭാഗം വോട്ടുകൾ ബിജെപിക്ക് പോയി എന്നതാണ് വസ്തുത.

ഇന്ത്യ ആകാംഷയോടെ കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെയും കേന്ദ്രത്തിലെയും ഫലങ്ങൾ കാണിക്കുന്നത് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തൽ. കേരത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയപ്പോൾ ആദ്യമായി എൻഡിഎ രണ്ടു സീറ്റുകളിൽ ജയിച്ചു. തൃശൂരിൽ ആദ്യം മുതൽ തന്നെ ലീഡ് ഉയർത്തി മുന്നേറിയ സുരേഷ്ഗോപി വോട്ടെണ്ണൽ 70 ശതമാനം കടന്നപ്പോൾ ലീഡ് നില അരലക്ഷത്തിന് മുകളിലേക്കായിരുന്നു.

അത് പിന്നീടും താഴ്‌നില്ല. തിരുവനന്തപുരത്തിനും പത്തനംതിട്ടയുമെന്ന പോലെ ബിജെപി ഏറ്റവും പ്രാധാന്യം കൊടുത്ത എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃശൂർ. നരേന്ദ്ര മോദി നാലു തവണയാണ് തൃശൂരിൽ പരിപാടികളിൽ പങ്കെടുക്കാനെത്തിയത്. സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ മോദി നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടും ഇവിടെ എത്തിയിരുന്നു. ഇതെല്ലാം തൃശൂരിൽ നിർണ്ണായകമായി.

തൃശൂരിൽ ബിജെപിയുടെ വിജയമാണ് വൻചർച്ചയായി മാറുക. തൃശൂരിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അപ്രമാദിത്യം തകർക്കാൻ സുരേഷ്ഗോപിക്ക് തുണയായത് കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിവാദങ്ങളാണെന്ന ചർച്ചകൾ ഇപ്പോൾ തന്നെയുണ്ട്. തൃശൂർപൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട്, പൊലീസ് ഇടപെടൽ എന്നിവയെല്ലാം തിരിച്ചുകുത്തിയെന്ന് വേണം കരുതാൻ.