- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചു കയറി ആന്റോ ആന്റണി: നാലാമൂഴത്തിൽ രാജകീയ വിജയം
പത്തനംതിട്ട: മണ്ഡലത്തിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷ പുലർത്തിയിരുന്നു. കുറഞ്ഞ പോളിങും കോൺഗ്രസിലെ പടലപ്പിണക്കവും തോമസ് ഐസക്കിന് പ്രതീക്ഷയേകി. കഴിഞ്ഞ തവണത്തെ അടിസ്ഥാന വോട്ടുകളിൽ കുറച്ചു മാത്രം വർധിപ്പിച്ചാൽ വിജയിക്കാമെന്ന എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ആന്റോ ആന്റണി അടിച്ചു കയറിയപ്പോൾ നാലാമൂഴത്തിൽ രാജകീയ വിജയം.
ഇടതുപക്ഷത്തിന്റെ എംഎൽഎമാരുള്ള ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടിയാണ് ആന്റോയുടെ വിജയം. വോട്ടിങ് വിഹിതത്തിലും 2019 നെ അപേക്ഷിച്ച് യു.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോൾ എൽ.ഡി.എഫിന് ഒരിഞ്ചു പോലും മുന്നോട്ട് പോകാനായില്ല. എൻ.ഡി.എയ്ക്ക് ആകട്ടെ വോട്ടിങ് വിഹിതത്തിൽ നാലു ശതമാനത്തിന്റെ കുറവുണ്ടായി. പോളിങ് ശതമാനം കുറഞ്ഞതും കോൺഗ്രസിലെ പടലപ്പിണക്കവും തോമസ് ഐസക്കിനെപ്പോലുള്ള ശക്തനായ എതിരാളിയും ആന്റോയുടെ വിജയത്തിന് വിലങ്ങു തടിയാകുമെന്ന കരുതി.
എന്നാൽ 66119 എന്ന മികച്ച ഭൂരിപക്ഷത്തിൽ ആന്റോ നാലാം വട്ടവും പത്തനംതിട്ടയുടെ അധിപനായി. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷത്തിൽ ക്രമാനുഗതമായ കുറവ് നേരിടേണ്ടി വന്ന ആന്റോ ഇക്കുറി പക്ഷേ, 22000 ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം വർധിപ്പിച്ചു. കഴിഞ്ഞ തവണ 44,243 മാത്രമായിരുന്നു ആന്റോയുടെ ഭൂരിപക്ഷം. 2014 ൽ ഇത് 56191 ആയിരുന്നു. മണ്ഡല പുനർ നിർണയത്തിന് ശേഷം നടന്ന 2009 ലെ തെരഞ്ഞെടുപ്പിൽ 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു തുടങ്ങിയതാണ് ആന്റോ. ഇടയ്ക്കുള്ള രണ്ടു തവണ ഭൂരിപക്ഷം പിന്നാക്കം പോയെങ്കിലും ഇക്കുറി തന്റെ രണ്ടാമത്തെ മികച്ച ഭൂരിപക്ഷത്തിലെത്താൻ ആന്റോയ്ക്കായി.
ആകെ പോൾ ചെയ്ത 9,21,565 വോട്ടിൽ ആന്റോ ആന്റണി 3,67,623 വോട്ട് നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് 301504 വോട്ടും എൻ.ഡി.എയിലെ അനിൽ ആന്റണിക്ക് 234406 വോട്ടും ലഭിച്ചു. ഒരു പാട് പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും മികച്ച വിജയം നേടാൻ ആന്റോയ്ക്കായി. എംപി എന്ന നിലയിൽ മൂന്നു തവണ പരാജയമായിട്ടും നാലാമൂഴത്തിൽ മത്സരിക്കുന്നുവെന്നതായിരുന്നു ഏറ്റവും വലിയ വിമർശനം. പാർട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. പാർട്ടി സംവിധാനം പരാജയപ്പെട്ട ഇടത്താണ് ആന്റോ വിജയം കണ്ടതെന്നതും എടുത്തു പറയേണ്ടതാണ്.
കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താണ് തന്റെ വിജയമെന്നാണ് ആന്റോ പറയുന്നത്. കുറഞ്ഞ പോളിങ് ശതമാനവും കേരളാ കോൺഗ്രസ് എമ്മിന്റെ സാന്നിധ്യവും ചിട്ടയായ പ്രവർത്തനവും തന്നെ തുണയ്ക്കുമെന്ന തോമസ് ഐസക്കിന്റെ കണക്കു കൂട്ടലുകൾ തെറ്റി. മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ.കെ. ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രചാരണത്തിന് വന്നതും മാറിയ രാഷ്ട്രീയ-സാമുദായിക സാഹചര്യവുമൊക്കെ അനിൽ കെ. ആന്റണിയെ വിജയിപ്പിക്കുമെന്നായിരുന്നു എൻ.ഡി.എയുടെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ നേടിയ വോട്ടുകൾക്കൊപ്പം എത്താൻ അനിലിന് കഴിയാതെ പോയി. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വിവാദങ്ങളും എൻ.ഡി.എയ്ക്ക് തിരിച്ചടിയായി.
മണ്ഡലത്തിലെ പൂഞ്ഞാർ മൂന്നിലവ് സ്വദേശിയായ ആന്റോ ആന്റണി എംപിയായതു മുതൽ പത്തനംതിട്ടയിൽ സ്ഥിരതാമസമാണ്. കുരുവിള ആന്റണിയും ചിന്നമ്മ ആന്റണിയുമാണ് മാതാപിതാക്കൾ. പാലാ സെന്റ് തോമസ് കോളജ്, കേരള ലോ അക്കാഡമി, എറണാകുളം ലോ കോളജ്, രാജഗിരി കോളജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നടത്തി. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും വിവിധ പദവികൾ വഹിച്ചു. കോട്ടയം ഡി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗ്രേസ്. മക്കൾ: മെറിൻ അന്ന ആന്റണി, കെവിൻ ജോർജ് ആന്റണി.
വോട്ടിങ് നില ഇങ്ങനെ:
ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച ഇവി എം വോട്ട്, പോസ്റ്റൽ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തിൽ
ആന്റോ ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
360957, 6666 367623 39.98%
ഡോ. തോമസ് ഐസക് (സിപിഐ എം)
297888 3616 301504 32.79%
അനിൽ ആന്റണി ( ബിജെപി )
231172 3234 234406 25.49%
അഡ്വ പി.കെ. ഗീതാകൃഷ്ണൻ (ബി. എസ്‌പി)
3918 54 3972 0.43%
ജോയി പി മാത്യു (പി. പി. ഐ സെക്കുലർ)
1173 8 1181 0.13%
കെ സി. തോമസ് (സ്വത.)
1080 21 1101 0.12
അഡ്വ. ഹരികുമാർ എം കെ ( അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
735 27 762 0.08%
അനൂപ് വി (സ്വത.)
557 52 609 0.07%
നോട്ട
8268 143 8411 0.91%
ആകെ
905748 15817 921565