തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നാമജപ ഘോഷയാത്രയിലെ കേസും പിൻവലിച്ചു. എൻ എസ് എസ് അനുനയമാണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അടുപ്പിക്കാൻ ശബരിമലിയിലെ നാമജപ കേസുകളും സർക്കാർ പിൻവലിച്ചേക്കും. എൻ എസ് എസ് നേതൃത്വത്തിൽ നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരായ കേസുകളാകും എഴുതി തള്ളുക. എന്നാൽ ബിജെപിയും ആർഎസ്എസ് നേതൃത്വത്തിലെ സംഘടനകളും നടത്തിയ ശബരിമല കേസുകൾ പിൻവലിക്കുകയുമില്ല. ഇതിനുള്ള നീക്കം അണിയറയിൽ സജീവമാണ്.

എൻ എസ് എസ് ഡയറക്ടറാണ് കെബി ഗണേശ് കുമാർ. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധുവിനെ ഡയറക്ടർ സ്ഥാനത്ത് നിന്നും സുകുമാരൻ നായർ പുറത്താക്കി. ഇതിന് ശേഷം ഗണേശിനെ ഡയറക്ടറാക്കി. ഇതോടെ ഇടതുപക്ഷത്തിന് സുകുമാരൻ നായരോട് കൂടുതൽ താൽപ്പര്യക്കുറവുണ്ടായി എന്നും ഗണേശിനെ മന്ത്രിയാക്കില്ലെന്നും പ്രചരണമുണ്ടായി. എന്നാൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ ഗൂഢാലോചന കേസ് ചർച്ചയിൽ ഇരിക്കെ തന്നെ ഗണേശിനെ മന്ത്രിയാക്കാൻ തീരുമാനിക്കുകയാണ് പിണറായി. എൻ എസ് എസിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള പാലമായി ഗണേശ് മാറുമെന്നാണ് വിലയിരുത്തൽ.

മന്ത്രിയാകുന്ന ഗണേശിന് എൻ എസ് എസിലെ ഔദ്യോഗിക പദവിയും തുടരാനാകും. അത് ഒഴിവാക്കാൻ പിണറായി ആവശ്യപ്പെടില്ല. സുകുമാരൻ നായർക്ക് അടുപ്പമുള്ള ഗണേശിനെ മന്ത്രിയാക്കുന്നതിനൊപ്പമാണ് നാമജപക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതും. നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതിനെ ഗണേശും അനുകൂലിച്ചിരുന്നില്ല. ശബരിമലയിലെ നാമജപകേസുകൾ ഇപ്പോഴും സജീവമാണ്. അതാണ് എൻ എസ് എസിനെ സർക്കാരിൽ നിന്നും കൂടുതൽ അകറ്റിയത്. കൊല്ലവും തിരുവനന്തപുരവും തൃശൂരും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് വോട്ടുകൾ നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് എൻ എസ് എസ് എന്ന സമുദായ സംഘടനയെ ഇടതുപക്ഷം അടുപ്പിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ അത്രവേഗം എൻ എസ് എസിനെ കീഴടക്കി കൂടെ നിർത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകരും ഉയർത്തുന്നു. സർക്കാരിനെതിരായ പരസ്യ വിമർശനങ്ങളിൽ നിന്നും സുകുമാരൻ നായരെ പിന്മാറ്റാൻ പുതിയ തീരുമാനങ്ങൾക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ശബരിമല കേസുകളിൽ സർക്കാർ തീരുമാനം അനുകൂലമായാൽ എൻ എസ് എസ് ഒരു പരിധി വരെ ഏറ്റമുട്ടൽ പ്രസ്താവനകൾ ഒഴിവാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം, അദ്ദേഹം മൗനം വെടിയണം, ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം. പ്രതിഷേധം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും, ശബരിമല വിഷയത്തിൽ ഉയർന്ന പ്രതിഷേധം ആരും മറന്ന് കാണില്ല, അന്ന് സർക്കാരുകൾ നേരിട്ട സമർദവും മറന്നിട്ടുണ്ടാകില്ല എന്നും സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.

മിത്ത് വിവാദത്തിൽ മാപ്പുമില്ല, തിരുത്തുമില്ല എന്ന എംവി ഗോവിന്ദന്റെ പ്രതികരണവും എൻഎസ്എസ് തള്ളിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന സ്പീക്കറുടെ പ്രതികരണത്തിൽ സർക്കാർ നിലപാടാണ് തങ്ങൾക്ക് അറിയേണ്ടത് എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ എൻഎസ്എസ് പ്രതിഷേധത്തിന് എതിരെ കേസെടുത്തത് ദൗർഭാഗ്യകരമായ സംഭവമാണ്. പ്രാർത്ഥിച്ചവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നായിരുന്നു സുകുമാരൻ നായരുടെ പക്ഷം. ഇതിനിടെയാണ് കേസ് പിൻവലിപ്പിച്ച് എൻ എസ് എസിനെ അടുപ്പിക്കാനുള്ള നീക്കം.

പുതുപ്പള്ളി തിരിഞ്ഞെടുപ്പിനിടെയായിരുന്നു ഈ നീക്കം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തി യു ഡി എഫിന് ലാഭമുണ്ടാക്കി കൊടുക്കാനാണോ നീക്കമെന്ന ചോദ്യത്തിന് വിഷയങ്ങൾ ഉന്നയിക്കുന്നതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ വേണ്ടെന്നായിരുന്നു അന്ന് സുകുമാരൻ നായരുടെ മറുപടി. സമദൂര നിലപാട് തുടരും, എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സർക്കാരിന്റെയോ മുൻപിൽ മുട്ടുമടക്കില്ല. അതേസമയം, പാർട്ടികളുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നാമജപ കേസുകൾ പിൻവലിച്ച് എൻ എസ് എസിന്റെ സമദൂരം ഇടതുപക്ഷത്തിന് കൂടുതൽ അനുകൂലമാക്കാനാണ് പിണറായി സർക്കാരിന്റേയും സിപിഎമ്മിന്റേയും ശ്രമം.

ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിതുടർച്ചയായി വിമർശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സുകുമാരൻ നായർ വാർത്താക്കുറിപ്പും ഇറക്കി. ഇതോടെ ഇടതും എൻ എസ് എസും തമ്മിലെ ബന്ധം വഷളായി. എൻഎസ്എസിനെ വിരട്ടാമെന്ന് കരുതേണ്ട. എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളിൽ രാഷ്ട്രീയമില്ല. എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.