- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ലക്ഷ്യമിടുന്നത് മനീഷ് തിവാരിയേയും ക്രിക്കറ്റർ സിദ്ദുവിനേയും
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ എംഎൽഎമാരുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം. അതിനിടെ മനീഷ് തീവാരിയും നവജോത് സിങ് സിദ്ദുവും ബിജെപിയിൽ ചേരുമെന്നും അഭ്യൂഹമുണ്ട്. കോൺഗ്രസിൽ ന്നും തീവാരിയേയും സിദ്ദുവിനേയും അടർത്തിയെടുത്ത് പഞ്ചാബിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം. ഈ വാർത്തകളോട് തിവാരിയും സിദ്ദുവും പ്രതികരിച്ചിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളിൽ വിജയം ലക്ഷ്യമാക്കുന്ന ബിജെപി., 2019-ൽ പരാജയപ്പെട്ട 161 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിലാണ് പാർട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നൽകുന്ന 161 മണ്ഡലങ്ങളിൽ 67 ഇടത്തു വിജയിക്കുന്ന പക്ഷം അംഗബലം 370 ആയി ഉയർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് 370-ലധികം സീറ്റുകളും എൻ.ഡി.എയ്ക്ക് 400-ലധികം സീറ്റുകളും നേടേണ്ടതുണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് കോൺഗ്രസിനെ അടിമുടി തകർക്കാനുള്ള നീക്കം.
മധ്യപ്രദേശിൽ ഓപ്പറേഷൻ താമര സജീവമാണ്.. കോൺഗ്രസിനെ മുഴുവനായി ഇല്ലായ്മ ചെയ്യാനാണ് ബിജെപി നീക്കമെന്നും വാർത്തയുണ്ട്. കമൽനാഥിനൊപ്പം കൂട്ടപ്പലായനംഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഘ്ഹാറും മറ്റുമുതിർന്ന നേതാക്കളും എംഎൽഎമാരോട് ആശയവിനിമയം നടത്തി. കമൽനാഥുമായും മകൻ നകുൽനാഥുമായും അടുപ്പമുള്ള എംഎൽഎമാരിലാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മുൻ മന്ത്രിമാരായ സജ്ജൻ സിങ് വർമ, സുഖ്ദേവ് പാൻസെ, എംഎൽഎമാരായ സതീഷ് സിങ് സികർവാർ, സുഖ്ദേവ് പാൻസെ, സഞ്ജയ് ഉയ്കെ, നിലേഷ് ഉയ്കെ, സോഹൻ വാൽമീകി, വിജയ് ചൗരെ, കമലേഷ് ഷാ, ലഖൻ ഘങ്കോറിയ എന്നിവരുമായാണ് ചർച്ച നടത്തുന്നത്. ഇവർ കമൽനാഥുമായി അടുപ്പമുള്ളവരാണ്. കൽനാഥ് ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും ഏത് നീക്കം നടത്തിയാലും കമൽനാഥിനെ അനുഗമിക്കുമെന്നും മുതിർന്ന നേതാവ് സജ്ജൻ സിങ് വർമ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസിന് ഞെട്ടലായി.
കമൽനാഥിനൊപ്പം സജ്ജൻ വർമയടക്കമുള്ള മൂന്ന് എംഎൽഎമാർ ഡൽഹിയിലുണ്ട്. മധ്യപ്രദേശിൽ കോൺഗ്രസിന് 66 എംഎൽഎമാരാണുള്ളത്. മധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രികൂടിയായ കമൽനാഥ്, മകനും എംപിയുമായ നകുൽനാഥിനൊപ്പം ശനിയാഴ്ചയാണ് ഡൽഹിയിലെത്തിയത്. പാർട്ടിവിടുമെന്ന പ്രചാരണം നിഷേധിക്കാതെ, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് കമൽനാഥ് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നകുൽനാഥ് സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് കോൺഗ്രസ് പാർട്ടിയുടെ പേരുനീക്കുകയും ചെയ്തു. ഇതെല്ലാം ആശങ്കയാണ് കോൺഗ്രസിന്.
രാജ്യസഭാ സീറ്റ് കമൽനാഥ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ നൽകിയില്ല. ഇതോടെയാണ് ബിജെപിയുമായി കമൽനാഥ് അടുക്കുന്നത്. മനീഷ് തിവാരിയും കോൺഗ്രസിന്റെ പ്രധാന മുഖമാണ്. നേരത്തെ ബിജെപി എംപിയായിരുന്ന സിദ്ദു പാർട്ടി നേതൃത്വവുമായി തെറ്റി കോൺഗ്രസിലെത്തി. പഞ്ചാബിൽ ആംആദ്മി ഭരണം പിടിച്ചതോടെ സിദ്ദുവിന്റെ പ്രസക്തി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മാതൃപാർട്ടിയിലേക്ക് സിദ്ദു മടങ്ങുമെന്ന് റിപ്പോർട്ട്. ഇതെല്ലാം ഉത്തരേന്ത്യയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഉത്തർപ്രദേശിൽ പരമാവധി സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. മനീഷ് തിവാരി ഈ വാർത്തകൾ തള്ളുന്നുണ്ട്. ഇത് കോൺഗ്രസിന് ആശ്വാസമാണ്.
ഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ച ബിജെപി. ദേശീയ ഭാരവാഹികളുടെ യോഗത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളെ കേന്ദ്രീകരിച്ച നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വിശദീകരിച്ചു. പാർട്ടി പ്രവർത്തകർ അടുത്ത നൂറുദിവസത്തിൽ ബൂത്തുതലം മുതൽ വികസിത ഭാരതം, ഗ്യാൻ ( ഗരീബ്, യുവ, അന്നദാതാ, നാരി) എന്നിവയുടെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിലും ബിജെപി. കരുത്തുറ്റ പാർട്ടിയാണെന്ന് കൺവെൻഷൻ ഉദ്ഘാടനംചെയ്ത ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. 2014-ൽ ബിജെപി.ക്ക് അഞ്ചുസംസ്ഥാനങ്ങളിലാണ് ഭരണമുണ്ടായിരുന്നത്. 2024-ൽ 12 സംസ്ഥാനങ്ങളിൽ ബിജെപി.യാണ് ഭരിക്കുന്നത്.