- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ തകരുകയല്ല ചെയ്യുക; അത് ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറും! വി എസ് വീട്ടിലായതോടെ നിന്ന ഉൾപ്പാർട്ടി ചർച്ചകൾ വീണ്ടും സജീവമാക്കാൻ സെക്രട്ടറിക്ക് താൽപ്പര്യം; ഇപിയെ കുത്തി പിജെ എത്തുന്നത് വിഎസിന്റെ പിൻഗാമിയാകാൻ; അണികളുടെ ചെന്താരകം പുറത്തെടുക്കുന്നത് ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ ആയുധം; ലക്ഷ്യം പിണറായിയോ?
കണ്ണൂർ: വീണ്ടും അണികളുടെ ചെന്താരകമായി കുതിച്ചുയരാൻ പി ജയരാജൻ. ഇരുതല മൂർച്ചയുള്ള വാളുമായാണ് പാർട്ടി പിടിക്കാനുള്ള ജയരാജന്റെ നീക്കം. ജയരാജൻ കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ലക്ഷ്യമാണ് ഇപി ജയരാജൻ. പാർട്ടി ചട്ടക്കൂടിൽ നിന്ന് തന്നെ തളർത്തിയവർക്ക് മറുപടി പറയുകയാണ് ജയരാജൻ. ഇത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ മാറ്റി മറിക്കും. പാർട്ടിയുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടുകയും അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്നും പി.ജയരാജൻ. പാർട്ടിയിൽ ചർച്ച നടന്നാൽ അത് തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജൻ പറയുന്നത് ഈ തന്ത്രങ്ങളുടെ ഭാഗമാണ്. വി എസ് അച്യുതാനന്ദനെ പോലെ അണികളുടെ നേതാവാകാനുള്ള തയ്യാറെടുപ്പിലാണ് ജയരാജൻ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജയരാജനൊപ്പമുണ്ട്. അതാണ് പിജെയുടെ കരുത്ത്. സിപിഎം സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാർത്തകൾ വന്ന പശ്ചാത്തലത്തിലുള്ള പിജെയുടെ പ്രതികരണങ്ങൾ കരുതലോടെയാണ്. കാഞ്ഞങ്ങാട് നടന്ന പാർട്ടി പരിപാടിക്കിടെയാണ് ജയരാജൻ ആരോപണം തള്ളാതെ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേ സമയം തന്റെ ആരോപണം ഉയർത്തി സിപിഎമ്മിൽ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം വിമർശിക്കകുയം ചെയ്തു. സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ ആവശ്യകത ചർച്ചയാക്കുകയാണ്. ഇനിയും സംസ്ഥാന സമിതി യോഗത്തിൽ ജയരാജൻ നേതാക്കളുടെ അനധികൃത ഇടപാടുകൾ ചർച്ചയാക്കും.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജൻ ഉന്നയിച്ചത്. നേതാക്കളുടെ വഴിവിട്ട പോക്കുതടയാൻ സിപിഎം. തെറ്റുതിരുത്തൽരേഖയുമായി രംഗത്തുവന്നിരിക്കേയായിരുന്നു പി. ജയരാജന്റെ ആരോപണം. തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തൽരേഖ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചർച്ചയിൽ ഇ.പി.ക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു. ഇതിനൊപ്പം ഇനിയും നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരും.
വി എസ് അച്യുതാനന്ദൻ വിഭാഗത്തെ അടിച്ചമർത്തിയത് വിഭാഗീയതയുടെ പേരിലായിരുന്നു. അതിന് ശേഷം വി എസ് അച്യുതാനന്ദനിലേക്ക് മാത്രമായി പ്രതികരണം ഒതുങ്ങി. വിഎസും അരോഗ്യം മോശമായി വീട്ടിലായപ്പോൾ സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിടിമുറുക്കി. കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറിയാക്കി പാർട്ടിയേയും പിണറായി നയിച്ചു. കോടിയേരിയുടെ മരണത്തിന് ശേഷം എംവി ഗോവിന്ദൻ സെക്രട്ടറിയായി. ഇതോടെ പുതിയ സമവാക്യങ്ങൾ തെളിഞ്ഞു. ഇതോടെയാണ് കണ്ണൂരിലെ അണികളുടെ നേതാവായ പിജെ ആദ്യ വെടി പൊട്ടിക്കുന്നത്. പിജെയ്‌ക്കൊപ്പം കൂടുതൽ നേതാക്കൾ വരും. ജനാധിപത്യ രീതിയിലേക്ക് സിപിഎമ്മിനെ കൊണ്ടു വരാനാണ് ശ്രമം. ഇതാണ് പിജെ അടിവരയിട്ട് പറയുന്നത്.
ജനാധിപത്യ ചർച്ചകൾ സിപിഎമ്മിൽ നടന്നാൽ മാത്രമേ സിപിഎം സെക്രട്ടറിയെന്ന നിലയിൽ ഗോവിന്ദനും രക്ഷയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്ലാ തീരുമാനിക്കുന്നതെന്ന ധാരണ ഇല്ലാതാക്കാൻ അത് അനിവാര്യതാണ്. ഇപി ജയരാജനെതിരെ ഉയർന്നതിന് സമാന ആരോപണം മുഖ്യമന്ത്രിക്കെതിരേയും ഉയരാൻ സാധ്യതകൾ ഏറെയാണ്. ചില നേതാക്കൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് പോലും പിണറായിയോടുള്ള അനിഷ്ടം കാരണമാണ്. അവരെ എല്ലാം തിരിച്ചു കൊണ്ടു വരാൻ എംവി ഗോവിന്ദനും ശ്രമിക്കും.
വിഎസിനെ പോലെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന നേതാവായി പിജെ മാറും. പാർട്ടിയെ കൊണ്ട് സർക്കാരിനെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ആരു തെറ്റു ചെയ്താലും ശിക്ഷ കിട്ടുന്ന പാർട്ടിയായി സിപിഎമ്മിനെ മാറ്റും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പിന്തുണ ജയരാജനുണ്ട്. ഇപിക്കെതിരായ പരാതിക്ക് പിന്നിലും പരിഷത്തിന്റെ പിന്തുണയാണ്. കെ റെയിൽ പോലുള്ള ജനകീയ വിഷയങ്ങളിൽ ആളുകളുടെ മനസ്സറിഞ്ഞുള്ള തീരുമാനം സിപിഎമ്മിനെ കൊണ്ട് പിജെ എടുപ്പിക്കും. ഇതിനൊപ്പം ഗോവിന്ദനെ നേതാവായി അംഗീകരിക്കുകയും ചെയ്യും. അങ്ങനെ സിപിഎം നേതൃത്വത്തിലെ തിരുത്തൽ ശക്തിയാകാനാണ് പിജെയുടെ ശ്രമം.
'ഇന്നലത്തേയും ഇന്നത്തേയും മാധ്യമ വാർത്തകൾ നോക്കിയാൽ നിങ്ങൾക്ക് അറിയാം. കേരളത്തിലെ സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാൻ പോകുകയാണെന്നാണ് പറയുന്നത്. ഈ സിപിഎം എന്ന പാർട്ടി പ്രത്യേക തരം പാർട്ടിയാണ്. അത് കോൺഗ്രസിനെയോ ബിജെപിയോ മുസ്ലിംലീഗിനെയോ പോലെയല്ല. ഓരോ അംഗവും ഈ പാർട്ടിയിലേക്ക് കടന്നുവരുന്ന അവസരത്തിൽ അവർ ഒപ്പിട്ട് നൽകുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാർട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങൾക്ക് കീഴ്പ്പെടുത്തണമെന്നതാണ്. അത് കൃത്യമായി നടപ്പാക്കും. ഈ നാടിന്റെ താത്പര്യത്തിനും പാർട്ടിയുടെ താത്പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്-ഇതാണ് ജയരാജൻ പറയുന്നത്.
സ്വാഭാവികമായി സമൂഹത്തിൽ ഒട്ടേറെ ജീർണതയുണ്ട്. ആ ആശയങ്ങൾ സിപിഎമ്മിന്റെ ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ സ്വാഭാവികമായി അത് പാർട്ടി ചർച്ച ചെയ്യും. അങ്ങനെ ബാധിക്കാൻ പാടില്ല. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ്. ആ മതനിരപക്ഷേതയുടെ സ്വത്വം ഉൾക്കൊണ്ട് ജീവിക്കേണ്ടവരാണ് സിപിഎം പ്രവർത്തകന്മാർ. അതിൽ വ്യതിചലനമുണ്ടെങ്കിൽ പാർട്ടി ചൂണ്ടിക്കാണിക്കും. തിരുത്താൻ ആവശ്യപ്പെടും തിരുത്തുന്നില്ലെങ്കിൽ അവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് ഈ പാർട്ടിയുടെ സവിശേഷത' ജയരാജൻ പറഞ്ഞു.
കോൺഗ്രസിനകത്ത് ഈ സവിശേഷതയുണ്ടോയെന്നും ജയരാജൻ ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ