- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരാളി ഷാജി വിവാദത്തിന് പിന്നിൽ പല ചിന്തകൾ
കണ്ണൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻതോൽവി പാർട്ടി കൊണ്ടു പിടിച്ചു നടക്കവെ പാർട്ടിക്കും സർക്കാരിനും തെറ്റുപറ്റിയെന്നു പരസ്യമായി വിമർശിക്കുന്ന നേതാക്കളെ പാർശ്വവൽക്കരിക്കാനും ശ്രമം നടക്കുന്നു. പാർട്ടിയിൽ തിരുത്തൽ വേണമെന്നു സോഷ്യൽമീഡിയയിലും പുറത്തും പറയുന്ന നേതാക്കളെയാണ് പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നത്.
കണ്ണൂരിലെ പാർട്ടി അണികൾക്ക് ഏറെ സ്വീകാര്യനായ പി.ജയരാജന്റെ സാന്നിധ്യം കണ്ണൂർ ജില്ലയിൽ ഏറെക്കാലമായി പാർട്ടി പരിപാടികളിൽ കുറവാണ്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം പാനൂരിൽ നടന്ന പി.കെ കുഞ്ഞനന്തൻ അനുസ്മരണപരിപാടിയിൽ പാർട്ടിക്കേറ്റ പരാജയം ആഴത്തിൽ പഠിക്കണമെന്ന പി.ജയരാജന്റെ വിമർശനം മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.ബിജെപി പാർട്ടി ഗ്രാമങ്ങളിൽ വോട്ടുവർധിപ്പിച്ചത് ഗൗരവത്തോടെ കാണണമെന്നും ജനങ്ങളുമായി കൂടുതൽ അടുത്തുകൊണ്ടു പാർട്ടി പ്രവർത്തകർ പ്രവർത്തിക്കണമെന്ന് തന്റെ ഫെയ്സ് ബുക്ക് പേജിലും ജയരാജൻ പ്രതികരിച്ചിരുന്നു.
ഇതിനു ശേഷമാണ് തോൽവിയുടെ യഥാർത്ഥ വിഷയത്തിൽ നിന്നും വഴിമാറ്റുന്നതിനായി സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പാർട്ടി അനുകൂല നവമാധ്യമകൂട്ടായ്മയായ പോരാളി ഷാജിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. എന്നാൽ ഇതിനു ശേഷം പോരാളി ഷാജി, ചെങ്കതിർ, ചെങ്കോട്ട, അമ്പാടി മുക്ക് സഖാക്കൾതുടങ്ങിയ ഒരുകാലത്ത് പാർട്ടിക്കായി ആശയപ്രചരണം നടത്തിയ സോഷ്യൽമീഡിയഗ്രൂപ്പുകളെ കോർണർ ചെയ്തുണ്ടായ വിവാദങ്ങളിൽ പി.ജയരാജൻ മൗനം പാലിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുൻപ് സോഷ്യൽമീഡിയയിൽ പ്രബലരായിരുന്ന ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും പാർട്ടി വളർത്തിയത് അന്നു കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജനാണെന്ന ആരോപണമുയർന്നിരുന്നു.വ്യക്തിപൂജയുടെ പേരിൽ പാർട്ടിയുടെ മുഖ്യധാരയിലേക്ക് വരാൻ കഴിയാതിരുന്ന പി.ജയരാജന് ഗത്യന്തരമില്ലാതെ തന്നെ അനുകൂലിച്ചിരുന്ന പി.ജെ. ആർമിയെയും പാർട്ടി നിർദ്ദേശപ്രകാരം തള്ളിപ്പറയേണ്ടിവന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിലെ പാർട്ടിയിലുൾപ്പെടെ ശക്തമായ നേതൃത്വം വരണമെന്ന അഭിപ്രായം സിപിഎം പ്രവർത്തകർക്കിടെയിൽ നിന്നും ഉയർന്നുവരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പി.ജയരാജൻ നേതൃത്വത്തിലേക്ക് വരാനുള്ള അണിയറനീക്കങ്ങൾ ഔദ്യോഗിക നേതൃത്വം തിരിച്ചറിയുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂർ തെക്കിബസാറിൽ കെ.നാണു രക്തസാക്ഷി ദിനാചരണത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന പി.ജയരാജനെ തൽസ്ഥാനത്ത് നിന്നും മാറ്റിയതെന്ന ആരോപണമുയർന്നിട്ടുണ്ട്. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന എം.വി ജയരാജനാണ് അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടകനായി എത്തിയതണ്. പാർട്ടിക്കേറ്റ തിരിച്ചടി ശാശ്വതമല്ലെന്നു ചരിത്രപരമായ വസ്തുതകൾ നിരത്തി സമർത്ഥിക്കാനാണ് എം.വി ജയരാജൻ നാണു അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ശ്രമിച്ചത്. ഇതുകൂടാതെ സുരേഷ് ഗോപി നായനാരുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോൾ ആട്ടിപുറത്താക്കാത്തത് പാർട്ടിയുടെ മാന്യതയാണെന്നും അദ്ദേഹം തുറന്നടിച്ചു.
വീടുകൾക്ക് നേരെ ബോംബെറിയുന്ന സംസ്‌കാരമാണ് കോൺഗ്രസിന്റെയും ബിജെപിയുടെതെന്നും സി.പി. എമ്മിനതില്ലാത്തതു കൊണ്ടാണ് വീട്ടിൽ വരുന്നവരെ അവർ ഏതു പാർട്ടിക്കാരനായാലും സ്വീകരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. എന്നാൽ തന്റെ രാഷ്ട്രീയം കളിക്കാനാണ് സുരേഷ് ഗോപി നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണാൻ വന്നതെന്നും ഇതു തിരിച്ചറിയാൻ ഓരോ പാർട്ടി സഖാക്കൾക്കും കഴിയണമെന്നാണ് ജയരാജൻ ചൂണ്ടിക്കാട്ടിയത്. നേരത്തെ പി ജയരാജൻ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് ഏറെ വൈകാരികമായി ബന്ധം പുലർത്തിയിരുന്നതാണ് തെക്കിബസാറിലുൾപ്പെടെയുള്ള പാർട്ടി ലോക്കൽ കമ്മിറ്റികൾ. വടകരയിലെ തോൽവിയെ തുടർന്ന് പി.ജയരാജന് ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകാത്തതിൽ ഇവർക്ക് ഇപ്പോഴും പ്രതിഷേധമുണ്ട്.
ജയരാജന്റെ മുഖമുള്ള ബാഡ്ജ് കുത്തി കണ്ണൂർ ഏരിയാ സമ്മേളനത്തിൽ ചില ലോക്കൽ കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. പി.ജയരാജൻ പാർട്ടിയിലേക്ക് കൊണ്ടുവന്ന അമ്പാടി മുക്ക് സഖാക്കളായ ധീരജിനെ ഉൾപ്പെടെയുള്ളവരെ അച്ചടക്കലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും വെട്ടിനിരത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഖാദി ബോർഡ് വൈസ് ചെയർമാനായ പി.ജയരാജനെ പാർട്ടി വേദികളിൽ നിന്നും അകറ്റി നിർത്തുന്നതിനായി നീക്കങ്ങൾ നടത്തുന്നത്.
എന്നാൽ പോരാളി ഷാജി വിഷയത്തിൽ പാർട്ടി അന്വേഷണമാരംഭിച്ച പശ്ചാത്തലത്തിലാണ് വിവാദങ്ങൾ ഒഴിവാക്കാൻ പാർട്ടി ഔദ്യോഗിക നേതാക്കൾ മാത്രം പൊതുപരിപാടികളിൽ പ്രസംഗിച്ചാൽ മതിയെന്ന രഹസ്യ തീരുമാനത്തിലെത്തിയതെന്ന വാദവും ഉയരുന്നുണ്ട്.