- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജെയുടെ വാക്കുകൾ സിപിഎം ഗൗരവത്തിൽ എടുക്കുമോ?
തിരുവനന്തപുരം: വടകരയിലെ കെകെ ശൈലജയുടെ തോൽവിക്ക് പുതിയ മാനം നൽകുന്ന നിലപാട് വിശദീകരണവുമായി പി ജയരാജൻ. സിപിഎം. സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ രംഗത്ത് എത്തിയപ്പോൾ ഔദ്യോഗിക നേതൃത്വം അപ്പോടെ അമ്പരന്നു. ഭാവിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ജയരാജന്റെ പരാമർശം. അതിന് വടകര തോൽവിയെ തന്നെ ജയരാജൻ ഉയർത്തിക്കാട്ടുകയും ചെയ്തു. ശൈലജയുടെ ജനകീയത തകർക്കാൻ വേണ്ടിയാണ് വടകരയിൽ അവരെ മത്സരിപ്പിച്ചതെന്ന വാദം ചില കോണുകൾ ഉയർത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജയരാജന്റെ വിശദീകരണം.
വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്- ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനമുയർന്ന യോഗത്തിലാണ് ശൈലജയ്ക്ക് വേണ്ടി ജയരാജൻ വാദിച്ചത്. അഞ്ചു കൊല്ലം മുമ്പ് വടകരയിൽ തോറ്റത് ജയരാജനായിരുന്നു. ഇതോടെ പാർട്ടിയിൽ നിന്നും ജയരാജൻ ഒതുക്കപ്പെട്ടു. അങ്ങനെയൊരു നേതാവാണ് ശൈലജയ്ക്ക് വേണ്ടി തോൽവിയിലും ഭിന്നമായ വാദമുഖം ഉയർത്തിയത്.
മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജൻ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു മുഖ്യമന്ത്രി മുഖത്തെ പാർട്ടിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന് മുമ്പ് ആരും ഇത്തരത്തിലൊരു മുഖ്യമന്ത്രി ചർച്ച സിപിഎം നേതൃയോഗത്തിൽ ഉയർത്തിയിട്ടില്ല. കണ്ണൂർ രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കുന്ന പരാമർശമാണ് ജയരാജൻ നടത്തുന്നത്. കേരളത്തിലെ തോൽവി കേന്ദ്ര കമ്മറ്റിയിൽ ചർച്ചയാകും. പിണറായിയും തോൽവിക്ക് ഉത്തരവാദിയാണെന്ന വിലയിരുത്തൽ സിപിഎം കേന്ദ്ര നേതാക്കൾക്കുണ്ട്. ഇതിനിടെയാണ് പുതിയൊരു അഭിപ്രായപ്രകടനം പാർട്ടിയിൽ ഉയരുന്നത്.
മുഖ്യമന്ത്രിയുടെ സമീപനവും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പി. ജയരാജന്റെ പരാമർശത്തിന് രാഷ്ട്രീയപ്രാധാന്യം കൂടുന്നത്. വിമർശനങ്ങൾക്കൊന്നും യോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല. എന്നാൽ കേന്ദ്ര കമ്മറ്റിയോഗത്തിൽ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകേണ്ടി വരുമെന്ന സൂചനകളുണ്ട്. ശൈലജയും കേന്ദ്ര കമ്മറ്റിയിലുണ്ട്. അവിടെ ശൈലജ പറയുന്ന നിലപാടും നിർണ്ണായകമാകും.
സിപിഎം നേതാവ് കെകെ ശൈലജയെ 1,14,506 വോട്ടുകൾക്ക് വീഴ്‌ത്തിയാണ് ഷാഫി പറമ്പിൽ യുഡിഎഫിനായി വടകര മണ്ഡലം ഇത്തവണ നിലനിർത്തിയത്. ഷാഫിക്ക് 5,57,528 വോട്ടുകൾ ലഭിച്ചപ്പോൾ ശൈലജ ടീച്ചറിന് കിട്ടിയത് 4,43,022 വോട്ടുകൾ മാത്രം. ബിജെപി സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ 1,11,979 വോട്ടുകളും നേടി. സംസ്ഥാനത്ത് ഇത്തവണ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു വടകര.
ഇടതുപാർട്ടികൾക്ക് വേരോട്ടമുള്ള മണ്ണാണെങ്കിലും വടകര പാർലമെന്റ് മണ്ഡലം കഴിഞ്ഞകുറച്ചുകാലമായി യുഡിഎഫിനൊപ്പമാണ്. 2009ന് ശേഷം ഒരിക്കൽപോലും ഇടത് സ്ഥാനാർത്ഥികൾക്ക് ഇവിടെ ജയിക്കാനായിട്ടില്ല. സ്ഥാനാർത്ഥിത്വം കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലംകൂടിയാണ് വടകര. ഇത്തവണ രണ്ട് സിറ്റിങ് എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിച്ച ഏക മണ്ഡലവും ഇത് തന്നെയായിരുന്നു.
കഴിഞ്ഞതവണ സിപിഎം നേതാവ് പി ജയരാജനും കോൺഗ്രസ് നേതാവ് കെ മുരളീധരനും ഏറ്റുമുട്ടിയപ്പോൾ മണ്ഡലം മുരളിക്കൊപ്പമായിരുന്നു. ഇത്തവണയും ഇരുമുന്നണികളും തങ്ങളുടെ കൈയിലുള്ള മികച്ച നേതാക്കളെ തന്നെയാണ് ഇവിടെ പോരാട്ടത്തിന് നിയോഗിച്ചത്. മുൻ ആരോഗ്യമന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായ കെകെ ശൈലജയെ സിപിഎം വടകരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ തന്നെ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ വടകരയിലേക്ക് കേന്ദ്രീകരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മറ്റു മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി സിറ്റിങ് എംപി കെ മുരളീധരന് പകരം യുവനേതാവ് ഷാഫി പറമ്പിലിനെയാണ് രംഗത്തിറക്കിയത്. ഇതോടെ പോരാട്ടം ശക്തമായി.
പ്രചാരണ രംഗത്ത് വീറുംവാശിയും പ്രകടമായ മണ്ഡലമായിരുന്നു വടകര. വ്യാജപ്രചരണങ്ങളും വിമർശനങ്ങളും അതിരുകടന്നതോടെ നിയമവഴിയിലേക്കും മണ്ഡലം മാറി. വോട്ടെടുപ്പിനുശേഷവും വടകരയിലെ പ്രചാരണ വിഷയങ്ങൾ സംസ്ഥാനത്തുടനീളം ചർച്ചയായി. അതിനിടെയാണ് തോൽവിക്ക് വ്യത്യസ്തമായ വിലയിരുത്തലുമായി പി ജയരാജൻ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ നിറഞ്ഞത്.