കൊച്ചി: കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് മാറുന്നത് കേരളത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി ദേശീയ നേതൃത്വം. ചാലക്കുടിയിലോ എറണാകുളത്തോ പത്മജ മത്സരിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ മത്സരിക്കുന്നതിനോട് താൽപ്പര്യമില്ലെന്നാണ് പത്മജ പരസ്യമായി പറയുന്നത്. എന്നാൽ നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിച്ചേക്കും. ദേശീയ നേതൃത്വത്തിൽ അർഹമായ പരിഗണന ബിജെപി കേന്ദ്ര നേതൃത്വം പത്മജയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇടപെടലാണ് പത്മജയെ ബിജെപിയുമായി അടുപ്പിച്ചതെന്നാണ് സൂചന. തൃശൂരിൽ ബിജെപിക്കായി പത്മജ പ്രചരണത്തിൽ നിറയുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി തൃശൂരിൽ മത്സരിച്ചത് പത്മജയാണ്. സുരേഷ് ഗോപിയായിരുന്നു അപ്പോൾ ബിജെപി സ്ഥാനാർത്ഥി. അന്ന് തൃശൂരിൽ ജയിച്ചത് സിപിഐയും.

കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ നിർണ്ണായകമാണ് ഐ ഗ്രൂപ്പ്. കരുണാകരന്റെ നേതൃത്വത്തിൽ ഉദയം കൊണ്ട ഈ ഗ്രൂപ്പിൽ ഇന്നും പത്മജയ്ക്ക് സ്വാധീനം ഏറെയാണ്. അതുകൊണ്ട് തന്നെ ആരെല്ലാം പത്മജയ്‌ക്കൊപ്പം ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നെത്തുമെന്ന ചോദ്യം പ്രസക്തമാണ്. തിരുവനന്തപുരത്ത് കരുണാകരനൊപ്പം ചേർന്ന് നിന്ന ചില നേതാക്കൾ നേതൃത്വവുമായി തെറ്റി നിൽക്കുകയാണ്. ഇതെല്ലാം ബിജെപി നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയം കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് വടകര. അവിടെ കരുണാകരന്റെ മകൻ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സിപിഎം കെകെ ശൈലജയെ നിർത്തി വടകരയിൽ പോരാട്ടം കടുപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പത്മജയുടെ ബിജെപിയിലേക്കുള്ള മാറ്റം ചേട്ടന്റെ ജയസാധ്യതകളെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

കെ കരുണാകരന്റെ കുടുംബവുമായി ഏറെ കാലം കൊണ്ടു തന്നെ അടുപ്പമുള്ള വ്യക്തിയാണ് സുരേഷ് ഗോപി. നടന്മാരിൽ കരുണാകരനുമായി ഏറെ വ്യക്തിബന്ധമുണ്ടായിരുന്ന വ്യക്തി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും കരുണാകരന്റെ കുടുംബവുമായുള്ള സുരേഷ് ഗോപിയുടെ അടുപ്പം കേരളം ചർച്ച ചെയ്തിട്ടുള്ളതാണ്. പത്മജയുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇതെല്ലാം പത്മജയുടെ ബിജെപിയിലേക്കുള്ള വരവിന് കാരണമായി. അതീവ രഹസ്യമായാണ് പത്മജയെ ബിജെപിയിൽ എത്തിക്കാനുള്ള കരുനീക്കം നടത്തിയത്. കോൺഗ്രസുകാർ ആരും അറിയാതിരിക്കാൻ പ്രത്യേക കരുതലും എടുത്തു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗമാണ് പത്മജ. ഈ അടുത്ത കാലത്താണ് ഈ പദവി നൽകിയത്. എങ്കിലും പാർട്ടിയിൽ വലിയ റോളൊന്നും ഉണ്ടായിരന്നില്ല. പത്മജാ വേണുഗോപാൽ ബിജെപി.യിൽ ചേരുമെന്ന് അഭ്യൂഹം ഇന്നലെ ഉച്ചമുതലാണ് ചർച്ചകളിൽ എത്തിയത്. ബുധനാഴ്ച രാവിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഈ വാർത്ത നിഷേധിക്കുകയും പ്രചാരണത്തിൽ കഴമ്പില്ലെന്ന് വിശദീകരിക്കുകയും ചെയ്ത പത്മജ പിന്നീട് ഡൽഹിയിൽ എത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. വ്യാഴാഴ്ച ഇവർ ബിജെപി.യിൽ അംഗത്വം സ്വീകരിക്കുമെന്നാണ് സംശയിക്കുന്നതെന്ന് പത്മജയുമായി അടുപ്പമുള്ള നേതാക്കൾ പറഞ്ഞു. പഴയ പോസ്റ്റ് അവർ പിൻവലിക്കുകയും ചെയ്തു. ഇതോടെ ബിജെപിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാവുകയായിരുന്നു.

'ഞാൻ ബിജെപി.യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്നു കേട്ടു. എവിടെനിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻപറ്റും എന്ന് തമാശയായി പറഞ്ഞു. അത് ഇങ്ങനെവരും എന്ന് വിചാരിച്ചില്ല' എന്നായിരുന്നു പത്മജയുടെ പോസ്റ്റ്. ഈ പോസ്റ്റ് പിൻവലിച്ച പത്മജ പിന്നീട് പരസ്യ പ്രതികരണം നടത്തിയില്ല. എന്നാൽ ബിജെപി ദേശീയ നേതൃത്വവുമായി പത്മജ ചർച്ച ചെയ്തുവെന്നും എല്ലാം തീരുമാനമായെന്നും മറുനാടൻ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ തോറ്റ പത്മജ പാർട്ടിനേതൃത്വവുമായി അടുപ്പത്തിലായിരുന്നില്ല.

പത്മജ വേണുഗോപാൽ തന്റെ ഫേസ്‌ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ ഫേസ്‌ബുക്ക് ബയോ മാറ്റിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു. എകെ ആന്റണിയുടെ മകനായ അനിൽ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പാളയത്തിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം.