തൃശൂർ: തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയുടെ 'താമര'യ്ക്ക് കരുത്താകും പത്മജാ വേണുഗോപാലിന്റെ പരിവാറിലേക്കുള്ള വരവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതീവ രഹസ്യമായി ഏവരേയും ഞെട്ടിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ന്യൂസ് 18 കേരളയിൽ വാർത്ത എത്തിയത്. ഇതിനെ ആദ്യം നിഷേധിച്ച പത്മജാ വേണുഗോപാൽ ഇന്നലെ രാത്രി തന്നെ തിരുത്തി ബിജെപിയിലേക്കെന്ന സൂചനയും നൽകി. അതിനിടെ പത്മജയുടെ വരവ് വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മുരളീധരനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കണ്ണൂരിലും ഇതിന്റെ അനുരണനുമുണ്ടാക്കാനാണ് സിപിഎം ശ്രമം. തൃശൂരിൽ അതിശക്തമാണ് ത്രികോണ പോര്. ഇത് സിപിഐയുടെ സുനിൽകുമാറിന് കൂടുതൽ അനുകൂലമാക്കുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു. തൃശൂരിൽ ബിജെപിയും ഇടതുമുന്നണിയുമായുള്ള ക്ലോസ് ഫൈറ്റിന് അവസരമൊരുക്കും പത്മജയുടെ രാഷ്ട്രീയ മാറ്റമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്.

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിക്കൊപ്പമെത്തിയത് ദേശീയ തലത്തിലാണ് അവർ ചർച്ചയാക്കിയത്. ആന്റണിയെന്ന നേതാവിന് ദേശീയ തലത്തിലുള്ള പ്രസക്തിയായിരുന്നു ഇതിന് കാരണം. എന്നാൽ കരുണാകരൻ അങ്ങനെ അല്ല. കേരളത്തിൽ മരണ ശേഷവും വികാരമായി നിലനിൽക്കുന്ന കോൺഗ്രസ് നേതാവാണ് കരുണാകരൻ. അണികളുടെ ലീഡർ. അതുകൊണ്ട് തന്നെ പത്മജയുടെ വരവ് കേരളത്തിലെ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുമെന്നാണ് ബിജെപി പ്രതീക്ഷ. ഇതു തന്നെയാണ് സിപിഎമ്മും ഇടതുപക്ഷവും വിലയിരുത്തുന്നത്. ബിജെപിക്കൊപ്പം ചേരാൻ വെമ്പുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ എന്ന പ്രതീതി അവർ ഉണ്ടാക്കിയെടുക്കും. അതുകൊണ്ട് തന്നെ പത്മജയുടെ രാഷ്ട്രീയ മാറ്റത്തിന് മാനം ഏറെയാണ്.

പത്മജാ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. താമസിയാതെ കരുണാകരന് ഭാരത രത്‌ന നൽകി ലീഡർ വികാരം ആളിക്കത്തിക്കുമെന്ന് കരുതുന്നവരുമുണ്ട്. രാജ്യസഭയിലേക്ക് പത്മജയെ ഉയർത്തുമെന്നും പ്രതീക്ഷ ശക്തം. ദേശീയ നേതൃത്വവുമായി ചേർന്ന് നിൽക്കാനാണ് പത്മജയ്ക്ക് കൂടുതൽ ഇഷ്ടം. ഇത് ബിജെപി അംഗീകരിച്ചേക്കും. സുരേഷ് ഗോപിയും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുമാണ് ഈ രാഷ്ട്രീയ നീക്കത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് എല്ലാം നീക്കിയത്. അവസാന നിമിഷം മാത്രമാണ് കേരളത്തിലെ നേതാക്കൾ പോലും എല്ലാം അറിഞ്ഞത്. ബിജെപിയുടെ കേരള നേതൃത്വത്തിന് ശോഭാ സുരേന്ദ്രന് അപ്പുറം പ്രധാന വനിതാ മുഖത്തേയും കിട്ടുകയാണ് ഈ നീക്കത്തിലൂടെ. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിക്കായി നിറയുന്ന നേതാവായി പത്മജയെ മാറ്റിയെടുക്കും.

തൃശൂരിൽ സുരേഷ് ഗോപിക്ക് വിജയം ഉറപ്പിക്കേണ്ടത് പത്മജയ്ക്കും അനിവാര്യതയാണ്. രാജ്യസഭാ അംഗമാക്കി കരുണാകരന്റെ മകളെ ഉയർത്തിയാലും തൃശൂരിലെ നിയമസഭാ പോരാട്ടത്തിന് പത്മജ എത്താൻ 2026ൽ സാധ്യത ഏറെയാണ്. ലോക്‌സഭയിൽ സുരേഷ് ഗോപി ജയിച്ചു കയറിയാൽ തൃശൂരിൽ നിയമസഭയിൽ പത്മജയാകും സ്ഥാനാർത്ഥിയാണെന്ന ചർച്ച സജീവമാണ്. ലീഡർക്ക് വേരോട്ടമുള്ള തൃശൂരിൽ നിന്നും പത്മജയ്ക്ക് നിയമസഭയിലേക്ക് ജയിച്ചു കയറാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിന് സുരേഷ് ഗോപിയുടെ ലോക്‌സഭാ വിജയം അനിവാര്യതയാണ്. അങ്ങനെ ബിജെപി ഏറെ പ്രതിക്ഷയോടെ ഭാവിയിലേക്ക് കാണുന്ന തൃശൂരിൽ ബിജെപിക്കായി തലയെടുപ്പുള്ള മുഖത്തെ കിട്ടുകയാണ്. നിങ്ങളെന്ന ബിജെപിയാക്കിയെന്ന മുദ്രാവാക്യം പത്മജ ചർച്ചയാക്കാൻ കാരണവും തൃശൂരിലെ ലീഡറുടെ അണികളുടെ മനസ്സ് പിടിക്കാനാണ്.

ബിജെപി എല്ലാ അർത്ഥത്തിലും സന്തോഷിക്കുമ്പോൾ കോൺഗ്രസ് പ്രതിസന്ധിയിലാണ്. വടകരയിൽ കെ മുരളീധരന് എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് മുരളീധരന്റെ സ്ഥാനാർത്ഥിത്വമാണ്. അതിന്റെ പകയിൽ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളിയെ പൂട്ടാൻ സർവ്വ അടവും ബിജെപി പുറത്തെടുക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. വടകരയിലെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടാണ് മുരളീധരന്റെ യാത്ര. സ്വന്തം സഹാദരി ബിജെപിയിലേക്ക് പോകുമ്പോൾ മുരളീധരനും എന്തും സംഭവിക്കാമെന്ന ചർച്ച വടകരയിൽ സിപിഎം ഉയർത്തും. കെകെ ശൈലജയുടെ ക്ലീൻ ഇമേജിനൊപ്പമാണ് വടകരയിൽ സിപിഎമ്മിന് കൂടുതൽ പ്രതീക്ഷ നൽകി പത്മജയുടെ ബിജെപിയിലേക്കുള്ള മാറ്റം. മുസ്ലിം ന്യൂനപക്ഷ വോട്ടുകളിൽ സിപിഎമ്മിന് പ്രതീക്ഷ കൂടുകയാണ്. കണ്ണൂരിലും വടകരയിലും കോഴിക്കോടും കാസർകോടും ഇത് തുണയാകുമെന്ന് അവരും കരുതുന്നു.

വടകരയിൽ മുരളീധരനും തൃശൂരിൽ ടിഎൻ പ്രതാപനും അങ്കലാപ്പിലാണ്. പത്മജയുടെ പോക്ക് എങ്ങനെ കോൺഗ്രസ് അണികളെ സ്വാധീനിക്കുമെന്നതാണ് നിർണ്ണായകം. അതിനിടെ കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ആകൃഷ്ടരായി പലരും ബിജെപിയിലെത്തുന്നുണ്ട്. നേരത്തെ കോൺഗ്രസ് നേതാവ് എ. കെ ആന്റണിയുടെ മകൻ വന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കരുണാകരന്റെ മകൾ തന്നെ പാർട്ടിയിലെത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വർഗീയ കക്ഷികളുമായി ചേർന്നുള്ള പ്രവർത്തനത്തെ എതിർക്കാൻ ഇവിടെ ബിജെപി മാത്രമേയുള്ളൂവെന്ന സ്ഥിതി വരാൻ പോവുകയാണ്-ഇതാണ് ബിജെപിയുടെ നിലപാട്.

തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വയ്ക്കുന്നു. ഇതിൽ തൃശൂരിൽ ജയിച്ചേ മതിയാകൂവെന്ന വാശിയിലാണ്. ഈ അഞ്ചു മണ്ഡലങ്ങളിലും പത്മജയുടെ നീക്കം പ്രതിഫലിച്ചാൽ ബിജെപിക്ക് അത് വോട്ട് നേട്ടമുണ്ടാക്കും. കരുണാകര വികാരവുമായി പത്മജ വോട്ട് പിടിക്കുന്നത് ബിജെപിയെ തുണച്ചാൽ അത് കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് തുടക്കമിടും. കൂടുതൽ കോൺഗ്രസുകാരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള പാലമായും പ്ത്മജ മാറിയാൽ അത്ഭുതപ്പെടാനില്ലെന്നതാണ് വസ്തുത.

കോൺഗ്രസുകാരാണ് എന്നെ ബിജെപിയാക്കിയതെന്ന് പത്മജ വേണുഗോപാൽ വിശദീകരിക്കുന്നു. ഒരു പാർട്ടിക്കു വേണ്ടാത് നല്ലൊരു ലീഡറിനേയാണ്, അതാണ് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത്. മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവർ പ്രതികരിച്ചു. ഒരുതരത്തിവുള്ള ഓഫറുകളും ആരും തന്നിട്ടില്ല. ബിജെപിയിൽ ചേരുന്നത് സ്വന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ലഭിക്കുമെന്ന ഉറപ്പുള്ളതു കൊണ്ടാണ്. മടുത്തിട്ടാണ് താൻ പാർട്ടി വിടുന്നത്. പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പത്മജ പ്രതികരിച്ചു കഴിഞ്ഞു.

തന്നെ തോൽപിച്ചത് കോൺഗ്രസുകാർ തന്നെയാണ്. ഇപ്പോൾ സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. ഈ പ്രസ്താവന മുരളീധരനെതിരെ ആയുധമാക്കാനാണ് സിപിഎം നീക്കം.