തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ചർച്ചയെ കുറിച്ചുള്ള ചർച്ചകളെത്തുമ്പോൾ എല്ലാ തീരുമാനവും എടുക്കുക മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മന്ത്രിമാരെ അടക്കം മാറ്റി സമ്പൂർണ്ണ അഴിച്ചു പണി പോലും പരിഗണനയിലുണ്ടെന്നാണ് സൂചന. പുതുപ്പള്ളിയിലെ തോൽവിയുടെ സാഹചര്യത്തിലാണ് പിണറായി മാറ്റത്തിനൊരുങ്ങുന്നത്. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമോ എന്ന ചർച്ചയും സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറി മരുമകനായ മുഹമ്മദ് റിയാസിനെ ഒന്നാമനാക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ എംവി ഗോവിന്ദനെ സർക്കാരിന്റെ കടിഞ്ഞാൺ മുഖ്യമന്ത്രി ഏൽപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയുണ്ടായാൽ പാർട്ടി സെക്രട്ടറി സ്ഥാനം റിയാസിന് കിട്ടിയേക്കും.

എന്നാൽ പ്രാഥമിക ചർച്ചകൾ നടക്കുന്നതല്ലാതെ ഒരു കാര്യത്തിലും ആർക്കും ധാരണയില്ല. മുന്നണിയിലെ ധാരണ പ്രകാരമുള്ള പുനഃസംഘടനയെന്ന സൂചന മാത്രമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. സിപിഎമ്മിലും അതിന് അപ്പുറത്തേക്ക് ചർച്ച നടന്നിട്ടില്ല. എന്നാൽ അവസാന സമയങ്ങളിൽ എന്തും സംഭവിക്കാം. മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയിൽ ചികിൽസയ്ക്ക് പോകേണ്ട ആവശ്യവുമുണ്ട്. നീണ്ട കാലം ചികിൽസ വേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ മുഖ്യമന്ത്രി പദം മറ്റൊരാളെ ഏൽപ്പിക്കേണ്ടി വരും. ഇതെല്ലാം അന്തരീക്ഷത്തിലെ ചർച്ചകളാണ്. ഇടതു മുന്നണി യോഗത്തിൽ പുനഃസംഘടനയിൽ ഏകദേശ ധാരണ വരും. അതിന് ശേഷം സിപിഎം സെക്രട്ടറിയേറ്റ് വിശദ ചർച്ച നടത്തും. അപ്പോൾ മാത്രമേ വ്യക്തത വരൂ.

രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനം ആദ്യ സർക്കാരിനോളം മികച്ചതല്ലെന്ന വിമർശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. പുനഃസംഘടനയിൽ തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീർ കൊച്ചിയിൽ പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. കെബി ഗണേശ് കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഗണേശ് മുന്നണിയിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഗണേശിനെ മന്ത്രിയാക്കാൻ വേണ്ടിയാണ് മുന്നോക്ക വികസന കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തതെന്നും സൂചനകളുണ്ട്.

മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നായിരുന്നു ആന്റണി രാജു പറയുന്നത്. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. എങ്കിലും ആന്റണി രാജുവിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും മാറിയേക്കുമെന്നാണ് വിവരം. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേശ്‌കുമാർ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേശിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. അതിനിടെ മന്ത്രിസഭാ പുനഃസംഘടന മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചിട്ടുണ്ട്. രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെതന്നെ നടക്കും. കെ.ബി.ഗണേശ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണ്. ഇടത് മുന്നണിയോ സിപിഎമ്മോ മറ്റു പാർട്ടികളോ ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ലാത്ത ഒരു വിഷയമാണ് ചില മാധ്യമങ്ങൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ജയരാജൻ പറഞ്ഞു. ഈ മാസം 20-ന് യോഗം ചേരാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികൾ ഇതിൽ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തിൽ ഇടതുപക്ഷത്ത് മന്ത്രി സഭാ പുനഃസംഘടനയിലെ ചർച്ചകൾ സജീവമാണെന്ന സൂചനയാണ് ജയരാജൻ നൽകുന്നത്.

'എൽഡിഎഫ് എല്ലാ പാർട്ടികൾക്കും പരിഗണന കൊടുക്കുന്ന മുന്നണിയാണ്. ഒരു അംഗം മാത്രമേ നിയമസഭയിൽ ഉള്ളുവെങ്കിലും അവരെ കൂടി പരിഗണിക്കുക എന്ന വിശാല കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. ചില ഘടക കക്ഷികൾക്ക് ഭരണ കാലഘട്ടത്തിന്റെ പകുതിസമയം നൽകാൻ തീരുമാനിച്ചിരുന്നു. എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം കൊടുക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലില്ല. എല്ലാം പരിഗണിക്കേണ്ടതുണ്ട്. നാല് പാർട്ടികൾക്ക് പകുതി സമയം എന്ന് പരസ്യമായി പറഞ്ഞാണ് അധികാരമേറ്റത്.ധാരണയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗണേശ് കുമാർ ഒരു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ മുന്നിലില്ല' ജയരാജൻ പറഞ്ഞു.