തിരുവനന്തപുരം: ഗവർണ്ണറെ അനുനയിപ്പിക്കാനായിരുന്നു പിണറായി സർക്കാരിന്റെ ശ്രമം. കരുവന്നൂരിൽ അടക്കം കേന്ദ്ര ഏജൻസികൾ കടുത്ത നടപടികൾ എടുക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള മുൻകരുതൽ. എന്നാൽ സിപിഎം നേതാവ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില സൂചനകൾ നൽകി. മുൻ മന്ത്രി എസി മൊയ്തീനും സിപിഎം സംസ്ഥാന സമിതി അംഗം എകെ കണ്ണനും അടക്കം ഇഡി റഡാറിലാണ്. കരുവന്നൂരിലെ അന്വേഷണം തൃശൂരിൽ സിപിഎമ്മിനെ തകർക്കാനള്ള ഗൂഡ നീക്കമാണെന്നും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഗവർണ്ണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് പോകുന്നത്. അനുകൂല വിധി കേരളം നേടിയാൽ അത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയാകും.

ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിട്ടുണ്ട്. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം ഉന്നയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നേരിട്ടു തന്നെ ആരോപണം ഉന്നയിച്ചതും കേന്ദ്ര സർക്കാരിനെതിരെ കേരളം കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നതിന്റെ സൂചനയാണ്. എന്നാൽ സുപ്രീംകോടതി വിധി എതിരായാൽ ഗവർണ്ണർക്ക് കരുത്ത് കൂടുകയും ചെയ്യും. ഓണാഘോഷത്തിന് അടക്കം ഗവർണ്ണറെ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നു. ഗവർണ്ണറുടെ വിരുന്നിന് മുഖ്യമന്ത്രിയും പോയി. ഇതെല്ലാം കേന്ദ്ര സർക്കാരിനെ കൂടി കൂടെ നിർത്താനുള്ള ശ്രമമായിരുന്നു. എന്നാൽ കരുവന്നൂരിലെ നടപടികൾ പിണറായി സർക്കാരിന് തലവേദനയായി.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് അതേ നാണയത്തിൽ ഗവർണ്ണറും തിരിച്ചടി നൽകുന്നത്. ''കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയക്കുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോഴാണ് ഇത്രയധികം പണം ചെലവഴിച്ചത്. താൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല'' ഗവർണർ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. ഗവർണർ 8 ബില്ലുകളിൽ ഒപ്പിടാനുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കടുത്ത വിമർശനമായിരുന്നു നേരത്തെ ഉന്നയിച്ചത്.

3 ബില്ലുകൾ പാസാക്കിയിട്ട് 1 വർഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്. കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ലും ലോകായുക്ത ബില്ലും അടക്കം ഒപ്പിടാനുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല. ജനാഭിലാഷം പ്രതിഫലിക്കുന്നതാണ് നിയമസഭ. അവ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല. ഗവർണർ ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയെങ്കിലും ഒപ്പിട്ടില്ല. ഗവർണറുടെ നടപടികൾ ഭരണഘടനാനുസൃതമല്ല. ഗവർണർക്ക് നിയമപരമായി വിയോജിക്കാൻ അവകാശമുണ്ട്. സാധാരണ ബില്ലുകൾപോലും തടഞ്ഞുവയ്ക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ തെലങ്കാന, തമിഴ്‌നാട് എന്നിവ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുന്നതിന് മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനുമാണ് തീരുമാനം.

എട്ടു ബില്ലുകൾ ഗവർണറുടെ ഒപ്പുകാത്തുകിടക്കുകയാണ്. അതിൽ മൂന്നു ബില്ലുകൾ ഒരു വർഷവും 10 മാസവുമായി. മൂന്നെണ്ണം ഒരു വർഷത്തിൽ കൂടുതലായി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ സന്ദർശിച്ച് വിശദീകരണം നൽകിയിട്ടും അംഗീകാരം നൽകിയില്ല. കരുവന്നൂർ അതിഗൗരവത്തോടെയാണ് കണ്ടതെന്ന് മുഖ്യമന്ത്രി. എന്നാൽ, ഇ.ഡി അന്വേഷണത്തിൽ തട്ടിപ്പിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയ സതീഷ് കുമാറിന്റെ കള്ളപ്പണ ഇടപാട് എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. എന്റെ കൈവശമുള്ള വിവരങ്ങളാണ് ഞാൻ പറഞ്ഞത്. ബിനാമി ഇടപാട് എന്ന് പറയുന്നതിന് പല ഉദ്ദേശ്യങ്ങളുണ്ട്. അതു നടക്കട്ടെ. അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കില്ല-ഇതായിരുന്നു മറുപടി.

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇ.ഡി ഇടപെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് മുൻസെക്രട്ടറിയടക്കം 26 പേർക്കെതിരെ കേസെടുത്തു. 18 പേരെ അറസ്റ്റ് ചെയ്തു. വലിയ പാത്രത്തിലെ ചോറിലെ ഒരു കറുത്ത വറ്റ് എടുത്ത് ചോറ് മുഴുവൻ മോശമാണെന്ന് പറയാനാവില്ല. 16,265 സഹകരണ സംഘങ്ങളിൽ 98.5 ശതമാനവും കുറ്റമറ്റനിലയിൽ പ്രവർത്തിക്കുന്നവയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.