ഹൈദരാബാദ്: പിണറായി വിജയനെ കൂട്ടുകാരനാക്കി ദേശീയ നേതാവായി വളരുകയായിരുന്നു കെ ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം. കോൺഗ്രസിനോടുള്ള പിണറായിയുടെ വിരോധം മുതലാക്കാൻ ആഗ്രഹിച്ച തെലുങ്കാനയിലെ നേതാവ്. മാസങ്ങൾക്ക് മുമ്പ് തെലങ്കാനയിലെ ഖമ്മത്തു നടന്ന പൊതുയോഗത്തിൽ വൻ ജനാവലിയെ സാക്ഷിനിർത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയ സമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികൾ പ്രഖ്യാപിച്ചത് പിണറായിയെ വേദിയിൽ ഇരുത്തിയായിരുന്നു. കോൺഗ്രസിനെ എതിർക്കുന്ന പിണറായിയ്‌ക്കൊപ്പം ആംആദ്മിയും ചന്ദ്രശേഖര റാവും കൂട്ടുകാരാക്കൻ ആഗ്രഹിച്ചു. ഈ മോഡലാണ് തെലുങ്കാനയിൽ തകരുന്നത്.

ഡൽഹി, പഞ്ചാബ്, കേരള മുഖ്യമന്ത്രിമാരുൾപ്പെടെ അണിനിരന്ന ആ വേദിയിൽ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തു തെളിയിക്കാനും ശ്രമിച്ചു. ടിആർഎസ് എന്ന സ്വന്തം പാർട്ടിയെ പരിഷ്‌കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ജനം റാവുവിനെ കൈവിട്ടു. തെലുങ്കാനയെ ചേർത്ത് പിടിച്ച് കോൺഗ്രസ് ചരിത്ര വിജയം നേടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരെ ഒരു വേദിയിലെത്തിച്ച് ദേശീയ ബദലിൽ നേതാവാകാനായിരുന്നു റാവുവിന്റെ ലക്ഷ്യം.

കേന്ദ്രസർക്കാരിന് എതിരെ കോൺഗ്രസില്ലാതെ സമാന മനസ്‌കരെ ഒന്നിച്ച് നിർത്തുകയായിരുന്നു് കെ സി ആറിന്റെ ലക്ഷ്യം. ബി ആർ എസിന്റെ ആദ്യ ബഹുജന പരിപാടി തന്നെ ഈ ലക്ഷ്യത്തിലേക്കായി. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്നതിന് എതിരായ കൂട്ടായ്മ എന്നാണ് ബി ആർ എസ് ആ പൊതുയോഗത്തെ വിശേഷിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എൻ സി പി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായും കെ സി ആർ ചർച്ച നടത്തിയിരുന്നു. പക്ഷേ അവരൊന്നും കെ സി ആറിന്റെ റാലിക്ക് വലിയ പ്രാധാന്യം നൽകിയില്ല. വേദിയിലേക്ക് പോയതുമില്ല. പിന്നീട് ഇന്ത്യാ മുന്നണിയുണ്ടായി. സിപിഎമ്മും ആംആദ്മിയും അങ്ങോട്ട് മാറുകയും ചെയ്തു.

ഒരുകാലത്ത് ഇടതുപാർട്ടികളുടെ ശക്തിദുർഗമായിരുന്ന തെലുങ്കാനയിൽ പിണറായി വിജയനെയും ഡി. രാജയെയും റാലിയിലേക്ക് ക്ഷണിച്ച് പുതിയ കൂട്ടുകെട്ടിന് അടിത്തറയിടുകയായിരുന്നു കെ സി ആറിന്റെ ലക്ഷ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 'അബ് കി ബാർ കിസാൻ സർക്കാർ' (ഇത്തവണ കർഷകരുടെ സർക്കാർ) എന്ന മുദ്രാവാക്യമാകും ചന്ദ്രശേഖര റാവുവും പാർട്ടിയും ഉയർത്തുകയും ചെയ്തു. എന്നാൽ സ്വന്തം നാട്ടിലെ കർഷകരുടെ പിന്തുണ പോലും കെ സി ആറിന് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഡിസംബറിലെ ജനവിധി. സിപിഎമ്മിനും തെലുങ്കാനയിൽ സീറ്റില്ല. എന്നാൽ സിപിഐയ്ക്ക് ഒരു സീറ്റ് കിട്ടുകയും ചെയ്തു. അങ്ങനെ ഖമത്തെ യോഗം സിപിഎമ്മിനും കെ സി ആറിനും ഗുണമില്ലാതെയായി.

ചന്ദ്രശേഖരറാവു സംഘടിപ്പിച്ച പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയിൽ പിണറായി പങ്കെടുത്തതും ചർച്ചയായിരുന്നു. പൊതുയോഗത്തിന് മുന്നോടിയായി നടന്ന പൂജയിൽ മുഖ്യമന്ത്രി അക്ഷിതം അർപ്പിക്കുന്ന വീഡിയോ വലിയ ചർച്ചയായി. ശ്രീനാരായണ കോളേജിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി എഴുന്നേൽക്കാതിരുന്നതിനെചൊല്ലി വിവാദം ഉണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു തെലുങ്കാനയിലെ പൂജ വീഡിയോ ചർച്ചയായത്. ഇത്തരം പൂജകളിലൂടെ ജയിക്കാമെന്ന കെ സി ആറിന്റെ പ്രതീക്ഷയും ജനവിധിയോടെ തെറ്റി. തെലങ്കാനയിൽ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീഴുകയാണ് ബിആർഎസ്. കെസിആറിന് മൂന്നാമൂഴം നൽകാതെയാണ് തെലങ്കാന കൈ പിടിച്ചത്. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

തെലങ്കാനയിൽ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോൺഗ്രസ് മുന്നേറുമ്പോൾ സൂപ്പർസ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരൻ. രേവന്ത് റെഡ്ഡി മുന്നിൽനിന്നും നയിച്ച തെരഞ്ഞെടുപ്പിൽ കെസിആറിന്റെ തെലുങ്കു ദേശം പാർട്ടിക്ക് അടിതെറ്റി. തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം ഉറപ്പായതോടെ റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി വിജയം പ്രവർത്തകർക്കൊപ്പം ആഘോഷമാക്കിയത്. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോൺഗ്രസിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയിൽ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് ജീവശ്വാസം നൽകുന്നതാണ് തെലങ്കാനയിലെ വിജയം.

കർണാടകയിലെ പാഠം ഉൾകൊണ്ട് കോൺഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങൾക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേർന്നതോടെ വിജയം എളുപ്പമായി. രേവന്തിനെ തിരിച്ചറിയുന്നതിൽ കെ സി ആറിന് വലിയ വീഴ്ച പറ്റി. 2014ൽ ആന്ധ്രാപ്രദേശിൽനിന്ന് തെലങ്കാന വിഭജിക്കപ്പട്ടതുമുതൽ പാർട്ടിക്ക് വോട്ട് ചെയ്ത ബിആർഎസ് കോട്ടയായ കാമറെഡ്ഡിയിലും മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ കൊടംഗലിലും രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചിട്ടുണ്ട്. കൊടംഗലിൽ 32800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേവന്ത് റെഡ്ഡിയുടെ വിജയം.