തിരുവനന്തപുരം: ഏഴുമാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പല ചോദ്യങ്ങൾക്കും മിതഭാഷയിലുള്ള ഉത്തരങ്ങൾ. വിവാദങ്ങളിൽ തൊട്ടും തലോടിയുമുള്ള സമീപനം. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാണെന്നു വ്യക്തം. കെ ബി ഗണേശ് കുമാറിനു അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന വാർത്തയും പുറത്തു വന്നു. സോളാർ വിവാദം കത്തിപ്പടരുന്ന വേളയിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങളെ ഒന്നും തന്നെ വക വെയ്ക്കാതെ ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള വ്യക്തമായ സന്ദേശമാണ് സിപിഎം പൊതു സമൂഹത്തിനു നൽകുന്നത്.

ഇതിനു മികച്ച ഉദാഹരണമാണ് എൻ.എസ്.എസ്. നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകുന്നു എന്നത്. എൻ എസ് എസിനെ പിണക്കാതിരിക്കാനാണ് ഗണേശിനു മന്ത്രിസ്ഥാനം കൊടുക്കുന്നതെന്നു സാരം. എന്തായാലും കേസ് പിൻവലിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനു നിയമോപദേശം നൽകിയിരുന്നു. നേരത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും സമാനമായ നിയമോപദേശമാണു നൽകിയത്. ഇതെല്ലാം പിണറായിയുടെ വോട്ട് ബാങ്ക് കുതന്ത്രങ്ങളായാണ് വിലയിരുത്തുന്നത്.

കേസ് പിൻവലിക്കുന്നത് എൻ.എസ്.എസ്. ആയതുകൊണ്ടല്ലെന്നും അവിടെ ആരു സമാധാനമായി സമരം നടത്തിയാലും പൊലീസ് കേസെടുക്കുക പതിവാണെന്നുമാണു സർക്കാരിന്റെ ന്യായം. ആദ്യം കേസെടുത്തശേഷം പിൻവലിക്കുകയാണു ചെയ്യുന്നത്. അതു സാധാരണ നടപടി മാത്രമാണെന്നാണു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നാമജപഘോഷയാത്ര നടത്തിയവർ പൊതുമുതൽ നശിപ്പിച്ചിട്ടില്ല.

സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരേ വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നായിരുന്നു കന്റോൺമെന്റ് പൊലീസിനു ലഭിച്ച നിയമോപദേശം. വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരേ എടുത്ത കേസ് പിൻവലിക്കണമെന്നു നേരത്തെ എൻ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു.

പൊലീസ് ഫൈനൽ റഫർ റിപ്പോർട്ട് കോടതിയിൽ നൽകുന്നതോടെ കേസിനു വിരാമമാകും. പൊലീസ് നിർദ്ദേശം ലംഘിച്ചു ഗതാഗതതടസമുണ്ടാക്കിയെന്ന കുറ്റമായിരുന്നു ചുമത്തിയത്. വിവാദമായതിനുപിന്നാലെ സർക്കാർ നിർദ്ദേശത്തെ തുടർന്നാണു കേസ് പിൻവലിക്കാൻ പൊലീസ് നിയമോപദേശം തേടിയത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കഴിഞ്ഞമാസം രണ്ടിനാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം ഉയർത്തി എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം മുതൽ കിഴക്കേക്കോട്ട ഗണപതി ക്ഷേത്രം വരെ നാമജപ ഘോഷയാത്ര നടത്തിയത്. കേസിന്റെ തുടർനടപടികൾ കഴിഞ്ഞമാസം 16 നു ഹെക്കോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.