കൊച്ചി: 'ഇടതില്ലെങ്കിൽ ഇന്ത്യയില്ല' എന്നതായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം ഉയർത്തിയ മുദ്രാവാക്യം. ഇത് കൂടാതെ ബിജെപിയെ ശക്തമായി നേരിടാൻ സിപിഎം അംഗങ്ങൾ പാർലമെന്റിൽ വേണമെന്നും സിപിഎം കേന്ദ്രങ്ങൾ ശക്തമായി വിമർശനം ഉന്നയിക്കുകയും ചെയ്യുന്നു. ഇങ്ങനെയെക്കെയാണ് കാര്യങ്ങളെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച തിരക്കുകളെല്ലാം കഴിഞ്ഞിരിക്കയാണ്. കേരളത്തിലെ മറ്റ് നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രചരണവുമായി പോയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അതിനൊന്നും നിൽക്കാതെയാണ് കുടുംബ സമേതം വിദേശയാത്രയ്ക്ക് പോയിരിക്കുന്നത്.

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കൂടാതെ പോളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗവും. ആ സ്ഥിതിക്ക് സിപിഎം പ്രതീക്ഷ വെക്കുന്ന ബംഗാളിലും ത്രിപുരയിലും അടക്കം പ്രചരണത്തിന് പോകാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇതിന് മുമ്പും പിണരായി ബംഗാളിൽ പ്രചരണത്തിനായി പോയിട്ടില്ല. പാർട്ടിക്കുള്ള ഏക മുഖ്യമന്ത്രി സിപിഎമ്മിന്റെ പ്രചരണത്തിന് എത്തിയില്ലെങ്കിൽ പിന്നെ ആരാണ് പ്രചരണത്തിന് വരേണ്ടത് എന്നാണ് ഉയരുന്ന ചോദ്യം. ബംഗാളിൽ പ്രചരണത്തിന് വരാത്തതിന്റെ പേരിൽ മുമ്പ് പിണറായി പാർട്ടിക്കുള്ളിൽ ബംഗാൾ നേതാക്കളുടെ വിമർശനവും കേൾക്കേണ്ടി വന്നിരുന്നു.

മുൻകാലങ്ങളിൽ മാണിക് സർക്കാറും ജ്യോതിബസുവും അടക്കമുള്ളവർ കേരളത്തിൽ തെരഞ്ഞെടുപ്പു ഘട്ടത്തിൽ പ്രചരണത്തിന് എത്തിയിരുന്നു. കാലം മാറിയപ്പോൾ ആ ശീലം മാറി. ഇപ്പോൾ പിണറായി വിജയൻ കേരളത്തിലെ തിരക്കുകൾ ഒഴിഞ്ഞിട്ടും പ്രചരണത്തിന് പോകാൻ തയ്യാറാകുന്നുമില്ല. ഇതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിൽ പലർക്കും അതൃപ്തിയുണ്ട്. എന്നാൽ, കോൺഗ്രസുമായി സഖ്യമുള്ള പശ്ചാത്തലത്തിലാണ് പിണറായി ബംഗാളിൽ അടക്കം പ്രചരണത്തിന് പോകാൻ തയ്യാറാകാത്തത് എന്നതുമാണ് ഒരു വിഭാഗം പറയുന്നത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷത്തു നിന്നും ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ മുരളീധരനാണ് ഇക്കാര്യത്തിൽ ചോദ്യമുയിർത്തി രംഗത്തുവന്നത്. സംസ്ഥാനത്തെ ഭരണത്തലവനാണ് മുഖ്യമന്ത്രി. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. എന്തിനാണ് പോകുന്നതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. വെറും സ്വകാര്യ സന്ദർശനം എന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും കാര്യം വ്യക്തമാക്കണമെന്നുമായിരുന്നു മുരളീധരന്റെ ആവശ്യം.

16 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി ഇന്ന് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഈ മാസം 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ തുടരും. പിന്നീടുള്ള ആറ് ദിവസങ്ങൾ അദ്ദേഹം സിങ്കപ്പൂരിലാകും ചെലവഴിക്കുക. 19 മുതൽ 21 വരെ യുഎഇയും സന്ദർശിക്കും. തുടർന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

ഭാര്യ, മകൾ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണ് യാത്ര. ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.