കൽപ്പറ്റ: രാഹുൽ ഗാന്ധി, വയനാട് മണ്ഡലം ഉപേക്ഷിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ അഭിമാന മണ്ഡലമാണ്. എങ്കിലും, അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റ ആപത്ത് കാലത്ത് തന്നെ കാത്ത വയനാട്ടുകാരെ മുറിവേൽപ്പിക്കാൻ രാഹുലിന് താൽപര്യമില്ലായിരുന്നു. തീരുമാനം നീട്ടിക്കൊണ്ടുപോയെങ്കിലും, ഒന്നുറപ്പായിരുന്നു, രാഹുലിന് വയനാട് ഉപേക്ഷിച്ചേ മതിയാവൂ. വൻഭൂരിപക്ഷത്തിൽ, രാഹുലിനെ ജയിപ്പിച്ചുവിട്ട മണ്ഡലം ഉപേക്ഷിച്ചുപോകുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിച്ചു.

വോട്ടർമാരെ രാഹുൽ വഞ്ചിട്ടിട്ടുപോയെന്ന പഴി എതിരാളികൾ ആയുധമാക്കുമെന്ന് ഉറപ്പായിരുന്നു. വയനാട് ഉപേക്ഷിക്കുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളുമായിരുന്നു. രാഹുലിന് വിശ്വസിച്ച് വോട്ട് ചെയ്ത വോട്ടർമാരോട് എന്തു പറയും എന്ന ചോദ്യം ഉണ്ടായിരുന്നു. റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ള കാര്യമായിരിക്കും ചെയ്യുക എന്നാണ് രാഹുൽ എടവണ്ണയിലും കൽപറ്റയിലും ആവർത്തിച്ച് പറഞ്ഞത്. ഇതോടെ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്നതിലേക്കായി അടുത്ത ചർച്ചകൾ. രാഹുൽ ഗാന്ധി വയനാട് വിടരുതെന്ന ബാനറുകളുമായി നിരവധിപ്പേരാണ് പരിപാടിക്ക് എത്തിയത്. രാഹുൽ വയനാട് വിടുകയാണെങ്കിൽ തങ്ങളെ നോക്കാൻ പ്രിയങ്കയെ നിയോഗിക്കണമെന്നുമായിരുന്നു ബാനറുകളിൽ എഴുതിയിരുന്നത്.

എന്തായാലും, പ്രിയങ്ക വരുന്നതോടെ വലിയൊരു അളവ് വരെ ആ വിമർശനങ്ങളുടെ മുന ഒടിയുകയാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ റായ്ബറേലി മണ്ഡലം കോൺഗ്രസിന്റെ സ്വന്തം മണ്ഡലമാണ്. രാജ്യത്ത് ബിജെപി തരംഗമുണ്ടായ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സോണിയയെ കൈവിടാതെ കാത്ത മണ്ഡലമാണ് റായ്ബറേലി.

സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധിയായിരുന്നു മണ്ഡലത്തിൽ ജനവിധി തേടിയത്. അതിനുശേഷം 1967, 1971, 1980 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയെ ജയിപ്പിച്ചുവിട്ടതും റായ്ബറേലിയായിരുന്നു. റായ്ബറേലിയെ വിട്ട് പോകാൻ രാഹുലിന് കഴിയുമായിരുന്നില്ല.

രാഹുൽ വയനാട് മതിയെന്ന് തീരുമാനിച്ചാൽ പോലും കോൺഗ്രസ് നേതൃത്വം അതിന് സമ്മതിക്കുമായിരുന്നില്ല. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ വയനാട് യാത്ര ഏറ്റവും കൂടുതൽ മുതലാക്കിയത് ഉത്തരേന്ത്യയിലെ എതിർ ചേരികളായിരുന്നു. മുസ്ലിം ലീഗ് പതാക ചൂണ്ടിക്കാട്ടി രാഹുലിന്റെ സഹവാസം പാക്കിസ്ഥാനിലെ മുസ്ലിം ലീഗിനൊപ്പമാണെന്ന പ്രചാരണം ഉത്തരേന്ത്യയിൽ നടന്നു. കൂടാതെ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് വയനാട്ടിലേക്ക് പോകാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ന പ്രചാരണവും ഉഷാറോടെ നടന്നു. അതുകൊണ്ട് റായ്ബറേലി ഒഴിവാക്കി രാഹുൽ വയനാട് ഒരിക്കലും നിലനിർത്തില്ലെന്ന് ഉറപ്പായിരുന്നു.

പരിഭ്രമം ഇല്ലെന്ന് പ്രിയങ്ക

52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തിൽ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാർക്കും പ്രിയങ്കരിയാണ്. ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ തുടരുന്നത് നേട്ടമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. റായ്ബറേലിയിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ അവിടെ ബിജെപി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നു, എന്നാൽ വയനാട്ടിലെ സാഹചര്യം ഒരിക്കലും ബിജെപിക്ക് അനുകൂലമാകില്ലെന്നും അതിനാൽ വയനാട് പ്രിയങ്കയ്ക്ക് സുരക്ഷിതമായ ഇടമാണെന്നും കോൺഗ്രസ് നേതാക്കൾ വിലയിരുത്തിയിരുന്നു.

രാഹുലിന്റെ അസാന്നിദ്ധ്യം ഉണ്ടാക്കുന്ന കുറവ് നികത്താൻ പ്രിയങ്കയ്ക്ക് ആകുമെന്നാണ് ഉറപ്പ്. വയനാട്ടിൽ, മത്സരിക്കാൻ തനിക്ക് പരിഭ്രമം ഇല്ലെന്നും മണ്ഡലത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രിയങ്ക പ്രതികരിച്ചു. രാഹുലിന് നൽകിയ പരിഗണന വയനാട്ടുകാർ തനിക്കും നൽകുമെന്നും അവർ പറഞ്ഞു.