കോട്ടയം: കോട്ടയത്തെ കോൺഗ്രസ് നേതാവിന്റെ ഏറ്റവും വലിയ ഭൂരിപക്ഷവും ചാണ്ടി ഉമ്മൻ മറികടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരിലെ റിക്കോർഡാണ് പഴങ്കഥയാക്കുന്നത്. ഫലത്തിൽ കോട്ടയത്തെ കോൺഗ്രസിന് പുതിയ നേതാവിനെ കിട്ടുകയാണ്. ചാണ്ടി ഉമ്മൻ. കോൺഗ്രസിലെ എ ഗ്രൂപ്പിന് പുതിയ ഊർജ്ജം നല്കുന്നതാണ് പുതുപ്പള്ളിയിലെ വിജയം. കെസി ജോസഫും ബെന്നി ബെഹന്നാനും എംഎം ഹസനും നേതൃത്വം നൽകുന്ന നിലവിലെ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ മുൻ നിരയിൽ ഇനി ചാണ്ടി ഉമ്മനും ഉണ്ടാകും. എകെ ആന്റണിയുടെ പേരിൽ അറിയപ്പെടുന്ന ഉമ്മൻ ചാണ്ടി നയിച്ച എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ എ ഗ്രൂപ്പിന്റെ നിറം മങ്ങിയിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിച്ച് മകനെ നിയമസഭയിലേക്ക് പുതുപ്പള്ളി എത്തിക്കുമ്പോൾ അത് എ ഗ്രൂപ്പിന് കൂടി ആവേശമായി മാറുകയാണ്.

ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫവുമായിരുന്നു അടുത്ത കാലം വരെ കോട്ടയത്തെ എ ഗ്രൂപ്പിലെ പ്രമുഖർ. ഇതിൽ തിരുവഞ്ചൂർ കുറച്ചു കാലം മുമ്പ് എ ഗ്രൂപ്പ് വിട്ട് നിഷ്പക്ഷനായി. കെ സി വേണുഗോപാലിന്റെ ഗ്രൂപ്പുമായി അടുത്തു. ഇതോടെ കെസി ജോസഫായി ഏക നേതാവ്. കോട്ടയത്തെ എ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടിയെ പോലെ നയിക്കാനുള്ള കരുത്ത് കെസിക്കുണ്ടായിരുന്നില്ല. ഇത് മൂലം അണികൾ ആശയക്കുഴപ്പത്തിലായി. പുതുപ്പള്ളിയിൽ ഫലം അതുകൊണ്ട് തന്നെ നിർണ്ണായകമായിരുന്നു. ഉമ്മൻ ചാണ്ടിയെ ജനം എത്രത്തോളം ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം. അച്ഛനെ പോലെ സംസാരിച്ചും അച്ഛനെ പോലെ നടന്നും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം തേടുകയാണ്. ഇതോടെ എ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ചാണ്ടി ഉമ്മനും എത്തുകയാണ്.

കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ആകെ മാറ്റി മറിക്കുന്നതായിരുന്നു ഹൈക്കമാണ്ട് നേതൃത്വത്തിൽ കെസി വേണു ഗോപാലിന്റെ സാന്നിധ്യം. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് എകെ ആന്റണിക്ക് പുറമേയുള്ളത് ശശി തരൂരും. രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് മാത്രമാണ്. അങ്ങനെ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഹൈക്കമാണ്ടിൽ നിന്നും പഴയ പിന്തുണ കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ എ ഗ്രൂപ്പ് തന്നെ അപ്രസക്തനാകുമെന്ന ചർച്ച സജീവമായിരുന്നു. ഇതിനിടെയാണ് ചാണ്ടി ഉമ്മൻ വിജയശ്രീ ലാളിതനാകുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ ഇന്ത്യ മുഴുവൻ നടന്ന നേതാവ്. കെസി വേണുഗോപാലുമായി അടുത്ത കാലത്ത് ചാണ്ടി ഉമ്മൻ അടുപ്പം കൂടുതൽ കാട്ടിയിരുന്നു.

ഈ വിജയത്തോടെ കോൺഗ്രസ് ഹൈക്കമാണ്ടും ചാണ്ടി ഉമ്മന് കൂടുതൽ പ്രാധാന്യം നൽകും. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം വോട്ടായി മാറ്റാൻ ചാണ്ടി ഉമ്മനെ മുന്നിൽ നിർത്തിയുള്ള പദ്ധതികളും തയ്യാറാക്കിയേക്കും. കോട്ടയം ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായവും ചില കോണുകൾ സജീവമായി ഉയർത്തുന്നു. ഇത്തരം ചർച്ചകൾക്കിടയൊണ് ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം. പുതുപ്പള്ളിയിലെ വോട്ടിംഗിന്റെ ഒരു ഘട്ടത്തിലും ചാണ്ടി ഉമ്മൻ പുറകോട്ട് പോയില്ല. സിപിഎം കോട്ടകളിൽ പോലും വോട്ടുകളെല്ലാം ചാണ്ടി ഉമ്മന് അനുകൂലമായി എന്നതാണ് വസ്തുത.

എ ഗ്രൂപ്പിലെ യുവാക്കൾക്ക് പുതിയ പ്രതീക്ഷയായി ചാണ്ടി ഉമ്മൻ മാറും. ഉമ്മൻ ചാണ്ടിയുള്ളപ്പോൾ തന്നെ എ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ ചാണ്ടി ഉമ്മൻ സജീവമായിരുന്നു. ഉമ്മൻ ചാണ്ടി 27-ാം വയസ്സിലാണ് എംഎൽഎയായത്. 37 വയസ്സിൽ അച്ഛന്റെ പിൻഗാമിയായി മകനും നിയമസഭയിൽ എത്തുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചില യുവാക്കളെ സ്ഥാനാർത്ഥികളാക്കിയിരുന്നു. അവരെല്ലാം ജയിക്കുകയും ചെയ്തു. വട്ടിയൂർക്കാവിൽ മത്സരിക്കാൻ ചാണ്ടി ഉമ്മനും മോഹമുണ്ടായിരുന്നു. എന്നാൽ അന്ന് കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് അതിനെ അനുകൂലിച്ചില്ല. അങ്ങനെയാണ് തിരഞ്ഞെടുപ്പ് മത്സരത്തിനായി അച്ഛന്റെ വിയോഗത്തോളം ചാണ്ടി ഉമ്മന് കാത്തിരിക്കേണ്ടി വന്നത്.

സിപിഎമ്മിന്റേയും ബിജെപിയുടേയും വോട്ടുകൾ അടക്കം പിടിച്ചെടുത്താണ് ചാണ്ടി ഉമ്മന്റെ വിജയം. പോൾ ചെയ്തതിൽ അറുപത് ശതമാനത്തിൽ അധികം വോട്ട് പല കാരണങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന പുതുപ്പള്ളിയിൽ നിന്നും ചാണ്ടി ഉമ്മൻ നേടിയെന്നതാണ് വസ്തുത.