കോട്ടയം: 2021ൽ പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് ഇലക്ട്രോണിക് വോട്ടിംങ് മിഷനിലൂടെ കിട്ടിയത് 53379 വോട്ടാണ്. ആകെ പോൾ ചെയ്തതിന്റെ 41.22 ശതമാനം. അന്ന് ഉമ്മൻ ചാണ്ടിക്ക് 48.08 ശതമാനം വോട്ടും ഇവിഎമ്മിലൂടെ 61606 വോട്ടും കിട്ടി. ബിജെപിയുടെ എൻ ഹരിക്ക് 11495 ഇവി എം വോട്ടും വന്നു. പോസ്റ്റൽ വോട്ടും ചേർത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്തിമ വിജയത്തിലെ ഭൂരിപക്ഷം. ഉമ്മൻ ചാണ്ടിയുടെ വിയോഗ ശേഷം രണ്ടു കൊല്ലത്തിന് ശേഷം പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുന്നു. ഇവിടെ അക്ഷരാർത്ഥത്തിൽ ഞെട്ടുന്നത് സിപിഎം ആണ്.

സിപിഎമ്മിന് പുതുപ്പള്ളിയിലെ അടിസ്ഥാന വോട്ട് പോലും ഇത്തവണ ജെയ്കിന് കിട്ടിയില്ല. ഒരു പഞ്ചായത്തിലും ഭൂരിപക്ഷവുമില്ല. വെറും 41644 ഇവി എം വോട്ടുകളാണ് 2023ൽ ജെയ്കിന് കിട്ടുന്നത്. അതായത് രണ്ട് വർഷം മുമ്പ് കിട്ടിയതിനേക്കാൾ 11735 വോട്ട് കുറഞ്ഞു. ശതമാനക്കണക്കിൽ 8.58 ശതമാനം വോട്ടും കുറഞ്ഞു. സമീപ കാല തിരഞ്ഞെടുപ്പിലൊന്നും ഇത്തരത്തിൽ വോട്ട് കുറവ് സിപിഎമ്മിന് ഉണ്ടായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ പോലും സിപിഎമ്മിന് പറഞ്ഞു പിടിച്ചു നിൽക്കാൻ വോട്ടിലെ കണക്കുണ്ടായിരുന്നു. പുതുപ്പള്ളിയിൽ വോട്ടിങ് ശതമാനം കുറഞ്ഞതു പോലും സിപിഎം സഖാക്കളുടെ താൽപ്പര്യക്കുറവ് മൂലമാണെന്ന് വ്യക്തം. ഇത് പാർട്ടി തലത്തിൽ വലിയ അന്വേഷണങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തരംഗം ആഞ്ഞടിക്കുന്നത് കാണാൻ പോലും സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല. മണ്ഡലത്തിൽ നേരിയ വോട്ടിന് തോൽക്കുമെന്ന് വോട്ടെടുപ്പിന് ശേഷം സിപിഐ നിരീക്ഷിച്ചിരുന്നു. ഇതു പോലും തള്ളി കളയുകയായിരുന്നു ജെയ്കും സിപിഎമ്മും. അടിത്തട്ടിലെ വികാരം കാണാതെ പോയതിന് തെളിവാണ് ഇത്. ജെയ്ക്കിന്റെ സ്വന്തം സ്ഥലത്ത് പോലും ഉമ്മൻ ചാണ്ടി വികാരം ആഞ്ഞു വീശി. ഇതിനൊപ്പം ഭരണ വിരുദ്ധ വികാരം കൂടിയായപ്പോൾ പുതുപ്പള്ളി മൊത്തമായി ചാണ്ടി ഉമ്മനെ അനുഗ്രഹിച്ചു. എല്ലാ മതസാമുദായിക ഘടകങ്ങളും വോട്ട് ചെയ്തത് കോൺഗ്രസിന് അനുകൂലമായിട്ടായിരുന്നു. യാക്കോബായക്കാരും ഓർത്തഡോക്‌സുകാരും വികസന തുടർച്ചയ്ക്ക് ചാണ്ടി ഉമ്മന് വോട്ടു ചെയ്തു. ഉമ്മൻ ചാണ്ടിയുടെ കരുതലും വികസനവും ഇനിയും പുതുപ്പള്ളിയിൽ നിറയ്ക്കുമെന്നാണ് ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.

എൻ ഡി എ സ്ഥാനാർത്ഥി ലിജിൻലാലിന് പതിനായിരം വോട്ടുകൾ പോലും നേടാൻ സാധിച്ചില്ല. കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകളാണ് യു ഡി എഫിന് കൂടിയത്. 2021ൽ 63,372 വോട്ടുകൾ കിട്ടി. ഇത്തവണ 78,098 വോട്ടുകളാണ് ചാണ്ടി ഉമ്മൻ നേടിയത്. അന്ന് 54,328 വോട്ട് നേടിയ എൽ ഡി എഫ് 41,644 ആയി ചുരുങ്ങി. എൻ ഡി എ 6,447 വോട്ടാണ് നേടിയത്. ബിജെപിക്കും വോട്ടിങ് ശതമാനത്തിലും കുറവുണ്ടായി. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ബിജെപി സ്ഥാനാർത്ഥിയിലേക്ക് കൊണ്ടു വരാൻ ബിജെപിക്കും കഴിഞ്ഞില്ല. ബിജെപി വോട്ടും സിപിഎം വോട്ടും പെട്ടിയിലാക്കിയാണ് ചാണ്ടി ഉമ്മന്റെ വിജയം. എതിർസ്ഥാനാർത്ഥികളെ മാത്രമല്ല സ്വന്തം പിതാവിന് 2011ലെ തിരഞ്ഞെടുപ്പിന് കിട്ടിയ ഭൂരിപക്ഷവും ചാണ്ടി മറികടന്നു. അന്ന് 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി ജയിച്ചത്. ദുഃഖത്തിലെ സന്തോഷമാണിതെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു.

2021ലേക്കാൾ 5208 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. കോൺഗ്രസിന് 61.19 ശതമാനം വോട്ടും കിട്ടി. അതായത് പോൾ ചെയ്തതിന്റെ അറുപത് ശതമാനത്തിന് മുകളിൽ. കേരളത്തിലെ സമീപകാല വോട്ടെടുപ്പിലൊന്നും ഇത്തരം ഒരു ട്രെന്റ് പ്രകടമായിട്ടില്ല. ഉമ്മൻ ചാണ്ടി തരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരവും ആഞ്ഞടിച്ചതിന് തെളിവാണ് ഈ കണക്കുകൾ. അതുകൊണ്ടാണ് സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകൾ പോലും ചാണ്ടി ഉമ്മന് അനുകൂലമായി മാറിയാൻ കാരണമെന്നാണ് വിലയിരുത്തൽ.

വോട്ടണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ചാണ്ടി ഉമ്മൻ ലീഡുയർത്തുകയായിരുന്നു. എൽ ഡി എഫിന് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളിൽപ്പോലും ജെയ്ക്ക് ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി ഉമ്മൻ വലിയ തരംഗമുണ്ടാക്കി. ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ് ബിജെപിക്ക്. ബിജെപിയുടെ വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകിയില്ലെങ്കിൽ ജെയ്ക്ക് ജയിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ വോട്ടെടുപ്പ് കഴിഞ്ഞയുടൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ അന്തിമ വോട്ടിൽ സിപിഎം വോട്ടുകളും കോൺഗ്രസിന് കിട്ടി. ഇതോടെ ബിജെപി വോട്ട് കുറവിൽ ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള സിപിഎം നീക്കവും പൊളിയുകയാണ്.

പുതുപ്പള്ളിയിൽ തുടർച്ചയായ മൂന്നാം തവണയാണ് ജെയ്ക് പരാജയപ്പെടുന്നത്. രണ്ട് തവണ അച്ഛനോടും ഇപ്പോൾ മകനോടും തോറ്റു. എൽ ഡി എഫ് സർക്കാരിനോടുള്ള ശക്തമായ എതിർപ്പാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. എൽ ഡി എഫിനേറ്റ എറ്റവും വലിയ തിരിച്ചടിയാണിതെന്നും ഇടതുപക്ഷ വോട്ടുകളും കിട്ടിയെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും നൂറ് ശതമാനം രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.